സമൂഹത്തിലെ പൊളിറ്റിക്കല്‍ കറക്ട്നസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന നടന് സലീം കുമാറിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച തന്റെ വാക്കുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സിനിമാഗ്രൂപ്പുകളില്‍ നടന്റെ പൊളിറ്റിക്കല്‍ കറക്ട്നസ് ചര്‍ച്ചയായത്. പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ സംവിധായകര്‍ കണ്‍ഫ്യൂഷനിലാണെന്ന് സലീം കുമാര്‍ പറയുന്നു.
സലിംകുമാറിന്റെ വാക്കുകള്‍
സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍. ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെങ്ങനെ ചിരിയുണ്ടാകും ?
പുതിയ കാലത്തിന്റെ കോമഡികള്‍ ആസ്വദിക്കാന്‍ കഴിയാത്തതാണ് സലീം കുമാറിന്റെ പ്രശ്നം എന്നാണ് താരത്തിന് എതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. സിനിമയെക്കാള്‍ ഇന്നത്തെ തലമുറയെ പിടിച്ചിരുത്തുന്ന കോമഡികള്‍ യൂട്യൂബ് സീരിസുകളിലും മറ്റും വരുന്നത് സലീം കുമാര്‍ കാണുന്നില്ലെ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.
Also Read-ഈ വര്‍ഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ‘രോമാഞ്ചം’ ഇനി ഒടിടിയിലേക്ക്
ജാതി, മതം, രാഷ്ട്രീയം എന്നീ വിമര്‍ശനങ്ങള്‍ വേണ്ട എന്നതല്ല പൊളിറ്റിക്കല്‍ കറക്ടനസെന്ന് ചിലര്‍ നടനെ ഓര്‍മ്മിപ്പിക്കുന്നു. അടുത്തകാലത്ത് വിജയകരമായ രോമാഞ്ചം അടക്കമുള്ള ചിരിപ്പടങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടിയും ഒരു വിഭാഗം സലീം കുമാറിനെതിരെ രംഗത്തെത്തി. അതേ സമയം പഴയകാലത്തെപോലെ എവര്‍ഗ്രീന്‍ കോമഡി ചിത്രങ്ങള്‍ വരുന്നില്ല എന്നത് സത്യമാണെന്നാണ് സലീംകുമാറിനെ പിന്തുണക്കുന്ന വിഭാഗത്തിന്റെ വാദം. ദേശീയ പുരസ്കാര ജേതാവായ നടന്റെ പരാമര്‍ശത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ സിനിമാഗ്രൂപ്പുകളില്‍ തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.