പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മലയാളം, തമിഴ് ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്
തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്ക് സമീപമുള്ള ഫ്ലാറ്റിലായിരുന്നു താമസം.
മലയാളം, തമിഴ് ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. ‘മണിത്താലി’, ‘ഗാനം’, ‘ഹിമം’, ‘ചൈനാ ടൗൺ’, ‘ചിത്രം’, കോരിത്തരിച്ച നാൾ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ ആദ്യമായി പ്രേം നസീറിനൊപ്പം അഭിനയിച്ചു. തുടർന്ന് ഏഴ് സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന’യാണ് അവസാന ചിത്രം.
ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്‌ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ചെന്നൈ ന്യൂ കോളേജിൽനിന്ന‌് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം സ്വന്തമാക്കി. എംഎ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാനവർഷ വിദ്യാർത്ഥിയായിരിക്കെയാണ് 1981ൽ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായും ഒട്ടേറെ ചിത്രങ്ങളിൽ വില്ലനായും തിളങ്ങി. നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.
advertisement
1989ൽ നസീറിന്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചതും വീണ്ടും സിനിമയിലേക്ക് മടങ്ങിവരുന്നതും.
പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ (ദുബായ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). ചൊവ്വാഴ്ച അഞ്ചുമണിയോടെ പാളയം ജുമാമസ്ജിദിൽ കബറടക്കം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 05, 2025 6:23 AM IST