300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
- Published by:Sarika N
- news18-malayalam
Last Updated:
വൈശാലി, ഉണ്ണിയാർച്ച, പഞ്ചാഗ്നി...ഈ സിനിമകളുടെ ക്രെഡിറ്റ് ആരും എടുക്കാത്തതിന് ദൈവത്തിന് നന്ദിഎന്നും വിജയ് ബാബു പറഞ്ഞു
കൊച്ചി: കല്യാണി പ്രിയദർശൻ നായികയായ വൻ വിജയചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ ഡബ്ല്യു.സി.സി. അംഗം റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി നടനും നിർമാതാവുമായ വിജയ് ബാബു. ലോകയുടെ ക്രെഡിറ്റ് പൂർണ്ണമായും വേഫെയർ ഫിലിംസിനും ലോക ടീമിനും മാത്രമുള്ളതാണെന്ന് വിജയ് ബാബു തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മലയാള സിനിമയിൽ മുൻപ് വന്ന മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ ക്രെഡിറ്റ് ആരും സ്വന്തമാക്കാത്തതിൽ ദൈവത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിൽ 300 കോടി കളക്ഷൻ നേടിയ ആദ്യ ചിത്രമാണ് ലോക. ഇതിനിടെ പാർവതി, ദർശന പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റ് എന്ന് നടി നൈല ഉഷ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ, ഇത്തരം സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരാനുള്ള സ്പേസ് ഉണ്ടാക്കിയത് തങ്ങളാണെന്ന് റിമ കല്ലിങ്കൽ അഭിപ്രായപ്പെട്ടതോടെയാണ് വിജയ് ബാബു മറുപടിയുമായി രംഗത്തെത്തിയത്.
'വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിൻ്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എൻ്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇൻഡിപെൻഡൻസ്, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിൻ്റെ അമ്മ, കളിമണ്ണ്, ഹൗ ഓൾഡ് ആർ യു, പിന്നെ സ്വന്തം 22 ഫീമെയിൽ കോട്ടയം... തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റ് ആരും എടുക്കുന്നില്ലല്ലോ, ദൈവത്തിന് നന്ദി. ഇനിയും ഒരുപാട് സിനിമകൾ ഉണ്ട്. മലയാള സിനിമ എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ട്. കാലം മാറിയപ്പോഴും പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് ഒ.ടി.ടി.യുടെ വരവോടെ നമ്മുടെ വ്യവസായം കൂടുതൽ ഉയരങ്ങളിലെത്തിയപ്പോഴും നമ്മൾ നമ്മുടെ കണ്ടന്റുകൾ ലോകോത്തര നിലവാരമുള്ളതാക്കി,' വിജയ് ബാബു കുറിച്ചു. ലോകയുടെ മുഴുവൻ ക്രെഡിറ്റും വേഫെയറിനും ലോക ടീമിനും മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 07, 2025 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു