'ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; തരുന്നത് പെൻഷൻ കാശല്ല, സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ': നടി ഉർവശി
- Published by:Rajesh V
- news18-malayalam
Last Updated:
'കാരണം പറഞ്ഞാല്‍ മതി ഞങ്ങള്‍ക്ക് തൃപ്തിയാണ്. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. ഇതിനകത്ത് വ്യക്തത വേണം. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്'
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു. ഞങ്ങൾക്ക് തോന്നിയതുപോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു.
കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ലെന്നും സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ഉർവശി പറഞ്ഞു.
'ഒരു അവാര്‍ഡ് എന്തിന് വേണ്ടി. അത് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നതെന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ടല്ലോ. അല്ലാതെ ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് ഇങ്ങനെ കാലങ്ങളോളം തുടര്‍ന്ന് പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. എന്‍റെ കാര്യത്തില്‍ ചോദിച്ച് ക്ലാരിഫൈ ചെയ്തില്ലെങ്കില്‍ എനിക്ക് പിന്നാലെ വരുന്നവര്‍ക്ക് എന്താണ് വിശ്വാസം. കുട്ടേട്ടന്‍റെയും(വിജയരാഘവന്‍റെ) ഷാരൂഖ് ഖാന്‍റെയും പെര്‍ഫോമന്‍സും തമ്മില്‍ അവര്‍ കണക്കാക്കിയത് എന്താണ്? എന്ത് മാനദണ്ഡത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടു. ഇതെങ്ങനെ സഹനടനായി? അതെങ്ങനെ മികച്ച നടനായി? തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം.
advertisement
നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ലല്ലോ. അത് അവര്‍ വ്യക്തമാക്കണം. ആടുജീവിതം എന്ന സിനിമ പരാമര്‍ശിക്കാതെയും പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്ക്ക് പുരസ്കാരം കിട്ടിയില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നില്‍ക്കയല്ലേ. അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ.
ഞാൻ സംസാരിക്കുന്നത് ഇനി വരാൻ ഉള്ളവർക്ക് വേണ്ടിയാണ്. ഇത്രയും പരിചയസമ്പത്ത് ഉള്ള താൻ അല്ലെങ്കിൽ ആര് ചോദിക്കും എന്നാണ് പലരും ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങനെ അവാര്‍ഡ് നല്‍കി എന്നതാണ്. കാരണം പറഞ്ഞാല്‍ മതി ഞങ്ങള്‍ക്ക് തൃപ്തിയാണ്. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. ഇതിനകത്ത് വ്യക്തത വേണം. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ. ഇത്രയും കാലമായി സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്നവരാണ്. മികച്ച നടന്‍, മികച്ച നടി എന്നിവയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള മാനദണ്ഡം എന്താണ്. എന്തുകൊണ്ട് അത് പറഞ്ഞില്ല?' - ഉർവശി ചോദിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
August 04, 2025 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; തരുന്നത് പെൻഷൻ കാശല്ല, സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ': നടി ഉർവശി