Dulquer Salmaan | ദുൽഖർ സൽമാന് നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ ഗ്രാമം; കുട്ടിയുടെ ശസ്ത്രക്രിയ നടത്തിക്കൊടുത്ത താരത്തിന് സ്നേഹാദരം
- Published by:user_57
- news18-malayalam
Last Updated:
ദുൽഖർ സൽമാൻ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ ഇപ്പോൾ നന്ദി അറിയിച്ചിരിക്കുകയാണ്
കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് നടൻ മമ്മൂട്ടിയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ പൂർണമായും സൗജന്യമായി നടത്തി കൊടുത്ത ദുൽഖർ സൽമാൻ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ ഇപ്പോൾ നന്ദി അറിയിച്ചിരിക്കുകയാണ്.
“ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങൾ നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജൻമവും ജീവിതവുമാണ്. നിങ്ങൾ ഇടപെട്ടില്ലായിരുങ്കിൽ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകർന്ന് പോകുമായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വർഷമായി അവൻ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മാതൃകയാവുക കൂടിയാണ്.
advertisement
എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂർണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ആവശ്യമെങ്കിൽ സഹായിക്കാൻ ദുൽഖർ സൽമാൻ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങൾ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുൽഖർ സൽമാൻ ഫാമിലിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.” അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
advertisement
ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 കുട്ടികൾക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്‌ത് കൊടുക്കുന്ന ദുൽഖർ സൽമാൻ ഫാമിലിയുടെ പദ്ധതിയാണ് ‘വേഫെറർ – ട്രീ ഓഫ് ലൈഫ്’. ദുൽഖർ സൽമാൻ ഫാമിലി, ആസ്റ്റർ ഹോസ്പിറ്റൽസ് കേരളയുമായും, ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റി കൂടി ഈ ഉദ്യമത്തിൽ ദുൽഖർ സൽമാൻ ഫാമിലിക്ക് ഒപ്പം നിൽക്കുന്നുണ്ട്.
advertisement
‘നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികൾക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന അനേകർക്ക് കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവൻ നൽകുന്ന പ്രവർത്തിയാണ്.’ എന്ന് ഈ പദ്ധതിക്ക് തുടക്കം കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞിരുന്നു.
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ആസ്റ്റർ മെഡ്സിറ്റി – കൊച്ചി, ആസ്റ്റർ മിംസ് – കാലിക്കറ്റ്, ആസ്റ്റർ മിംസ് – കോട്ടക്കൽ, ആസ്റ്റർ മിംസ് – കണ്ണൂർ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലെ പരിചയസമ്പന്നരായ ക്ലിനിക്കൽ ലീഡുകളുടെ മേൽനോട്ടത്തിൽ ചികിത്സ ലഭ്യമാക്കും. ലിവർ & കിഡ്നി ട്രാൻസ്പ്ലാൻറ്, ബോൺ മാരോ & സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ, ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങൾ ബാധിച്ച കുട്ടികൾക്കും ഈ പദ്ധതിയിലൂടെ സൗജന്യ സർജറി ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിർധനരായ കുട്ടികളുടെ അധികച്ചിലവും ആസ്റ്റർ ഹോസ്പിറ്റലുകൾ വഹിക്കുന്നതാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2022 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dulquer Salmaan | ദുൽഖർ സൽമാന് നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ ഗ്രാമം; കുട്ടിയുടെ ശസ്ത്രക്രിയ നടത്തിക്കൊടുത്ത താരത്തിന് സ്നേഹാദരം