• HOME
  • »
  • NEWS
  • »
  • film
  • »
  • 'ചോര വീണ മണ്ണും വ്യത്യസ്തനാമൊരു ബാർബറാം ബാലനും'; മലയാളി ഏറ്റുചൊല്ലിയ അനിൽ പനച്ചൂരാൻ വരികൾ

'ചോര വീണ മണ്ണും വ്യത്യസ്തനാമൊരു ബാർബറാം ബാലനും'; മലയാളി ഏറ്റുചൊല്ലിയ അനിൽ പനച്ചൂരാൻ വരികൾ

ചോര വീണ മണ്ണിൽ ഹിറ്റായതോടെ അദ്ദേഹത്തെ തേടിയെത്തിയത് കൈനിറയെ അവസരങ്ങളായിരുന്നു. 2007ലാണ് അറബിക്കഥയും അതിനൊപ്പം ചോര വീണ മണ്ണിൽ എന്ന ഗാനവും മലയാളികൾ ഏറ്റെടുക്കുന്നത്.

anil panachooran

anil panachooran

  • Share this:
ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന സിനിമയിലെ 'ചോര വീണ മണ്ണിൽനിന്ന് ഉയർന്നുവന്ന പൂമരം' എന്നു തുടങ്ങുന്ന ഗാനം ഒരുകാലത്ത് വലിയൊരു വിഭാഗം മലയാളികൾ ഏറ്റെടുത്ത ഒന്നാണ്. ഇടതുപക്ഷ സഹയാത്രികർ ഫോണിൽ റിങ്ടോണാക്കിയും കോളർടൂണാക്കിയും ഈ ഗാനം ഇപ്പോഴും മനസിൽ കൊണ്ടു നടക്കുന്നു.

ഈ ഗാനത്തിലൂടെ ശ്രദ്ധേയനായി മാറിയ ഗാനരചയിതാവായിരുന്നു അനിൽ പനച്ചൂരാൻ. ചോര വീണ മണ്ണിൽ ഹിറ്റായതോടെ അദ്ദേഹത്തെ തേടിയെത്തിയത് കൈനിറയെ അവസരങ്ങളായിരുന്നു. 2007ലാണ് അറബിക്കഥയും അതിനൊപ്പം ചോര വീണ മണ്ണിൽ എന്ന ഗാനവും മലയാളികൾ ഏറ്റെടുക്കുന്നത്.

അതേ വർഷം തന്നെ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നു തുടങ്ങുന്ന ഗാനവും സൂപ്പർ ഹിറ്റായി. ഇതോടെ കൈനിറയെ അവസരങ്ങളാണ് സിനിമാരംഗത്ത് അനിൽ പനച്ചൂരാനെ തേടിയെത്തിയത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി ഒട്ടുമിക്ക പ്രമുഖരുടെ സിനിമകൾക്കുവേണ്ടിയും അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ചു.

പിന്നീട് വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിലെ നിന്‍റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനവും അനിൽ പനച്ചൂരാന്‍റേതായിരുന്നു. ഇത് തന്‍റെ മകന് വേണ്ടി എഴുതിയതാണെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

അമ്പതോളം സിനിമകൾക്കുവേണ്ടിയും അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, കലണ്ടർ, ഭ്രമരം എന്നിവ അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ച പ്രമുഖ സിനിമകളാണ്.

Also Read- Anil Panachooran Passes away | പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം അമ്പലത്തിൽ പോകുമ്പോൾ തലച്ചുറ്റൽ ഉണ്ടാകുകയും തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അതിനുശേഷം തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിച്ചു. എന്നാൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് തിരുവനന്തപുരത്തെ ആശുപത്രി വൃത്തങ്ങൾ  അറിയിച്ചു.

ചോര വീണ മണ്ണിൽ

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ
Published by:Anuraj GR
First published: