HOME /NEWS /Film / ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുകോണിന്റെ മുൻ മാനേജരെ ചോദ്യം ചെയ്തു

ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുകോണിന്റെ മുൻ മാനേജരെ ചോദ്യം ചെയ്തു

Karishma Prakash

Karishma Prakash

ഇന്ന് രാവിലെയാണ് കരിഷ്മ പ്രകാശ് ചോദ്യം ചെയ്യലിനായി എൻസിബി ഓഫീസിൽ എത്തിയത്.

  • Share this:

    മുംബൈ: ബോളിവുഡ് ലഹരി മരുന്ന് കേസിൽ നടി ദീപികാ പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോടിക്സ് ബ്യൂറോ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കരിഷ്മയ്ക്ക് എൻസിബി സമൻസ് അയച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ എൻസിബി ഓഫീസിൽ എത്തിയത്. കരിഷ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് 1.7 ഗ്രാം ഹാഷിഷ് പിടിച്ചെന്നാണ് എൻസിബി വാദം.

    സമൻസിന് കരിഷ്മ മറുപടി നൽകിയില്ലെന്നും വീട്ടിൽ നിന്നും മാറി നിൽക്കുകയാണെന്നും എൻസിബി നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കരിഷ്മ നേരിട്ട് ചോദ്യം ചെയ്യലിന് എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ കോടതിയിൽ ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. തുടർന്ന് നവംബർ 7 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

    അതേസമയം, ജോലി ചെയ്തിരുന്ന ടാലന്റ് ഏജൻസി ക്വാനിൽ നിന്ന് കരിഷ്മ രാജിവെച്ചതായാണ് സൂചന. നടി ദീപിക പദുകോണിന്റെ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് തുടങ്ങിയ നടിമാരെ എൻസിബി നേരത്തേ ചോദ്യം ചെയ്തിരുന്നു.

    ക്വാൻ ഏജൻസിയിലെ ജീവനക്കാരിൽ ചിലർക്കും എൻസിബി സമൻസ് അയച്ചിട്ടുണ്ടെന്നാണ് സൂചന. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡിൽ ലഹരിമരുന്ന് ആരോപണം ഉയർന്നത്. തുടർന്ന് നാർകോടിക്സ് ബ്യൂറോ അന്വേഷണം ആരംഭിക്കുകയായിരുന്നു.

    ജൂൺ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എൻസിബി അടക്കം മൂന്ന് ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. സുശാന്തിന്റേത് ആത്മഹത്യ തന്നെയാണോ എന്നതിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. സുശാന്തിന്റെ പിതാവ് നൽകിയ സാമ്പത്തിക ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്. സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രബർത്തിക്കെതിരായാണ് കുടുംബത്തിന്റെ ആരോപണം.

    ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ റിയ ഒരു മാസം ജയിലിൽ കഴിഞ്ഞ ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി ഇപ്പോഴും ജയിലിലാണ്.

    First published:

    Tags: Bollywood, Deepika Padukone, Drug, Sushant Singh Rajput death