'മലയാള സിനിമയിൽ വർഗീയതയുണ്ടെന്ന് പറഞ്ഞാൽ ഞാൻ എതിർക്കും'; വൈറലായി ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്
'മലയാള സിനിമയിൽ വർഗീയതയുണ്ടെന്ന് പറഞ്ഞാൽ ഞാൻ എതിർക്കും'; വൈറലായി ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്
''മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികൾ മാത്രം സഹായിച്ചതുകൊണ്ടാണോ യേശുദാസ് ഗാനഗന്ധർവനായത് ?''
മലയാള സിനിമയിൽ വർഗീയതയുണ്ടെന്ന ആരോപണങ്ങളെ തള്ളി പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പേരിനൊപ്പം മേനോൻ, പിള്ള, നായർ എന്നൊക്കെ ചേർക്കുന്നത് വർഗീയവാദികളാണെങ്കിൽ സത്യനും പ്രേംനസീറും യേശുദാസുമൊന്നും മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. പാലക്കാട് മെഡിക്കൽ കോളജിൽ നടൻ ബിനീഷ് ബാസ്റ്റിനു നേരിടേണ്ടി വന്ന നിർഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീകുമാരൻ തമ്പി തന്റെ നിലപാട് വ്യക്തമാക്കിയത്. ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാമെന്നും എന്നാൽ ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടുമെന്നും ശ്രീകുമാരൻ തമ്പി കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
''മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കും . പേരിന്റെ കൂടെ മേനോൻ , പിള്ള , നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ , പ്രേംനസീർ , യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. . മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വനായാത് ? ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം.
ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും .''
പോസ്റ്റിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നിരവധി പേർ ശ്രീകുമാരൻ തമ്പിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.