ആര്‍ആര്‍ആര്‍ ഒരു ബോളിവുഡ് സിനിമയല്ലെന്ന് സംവിധായകന് എസ്.എസ് രാജമൗലി. 80-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനല്‍ സോങിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷമാണ് രാജമൗലിയുടെ പ്രസ്താവന. ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയില്‍ തന്റെ സിനിമയുടെ പ്രദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി സിനിമയില്‍ പറയുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ആര്‍ആര്‍ആര്‍ ഒരു ബോളിവുഡ് ചിത്രമല്ല, ഞാന്‍ പ്രതിനിധികരിക്കുന്ന തെന്നിന്ത്യൻ സിനിമാ ലോകത്തു നിന്നുള്ള ഒരു തെലുങ്ക് ചിത്രമാണ്, സിനിമയുടെ കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ പാട്ടുകൾ ഉപയോഗിക്കുന്നത്’ രാജമൗലിയെ ഉദ്ധരിച്ച് റിപ്പബ്ലിക് വേള്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
സിനിമയുടെ അവസാനം, മൂന്ന് മണിക്കൂര്‍ കഴിഞ്ഞു പോയത് അറിഞ്ഞതേ ഇല്ല എന്നു നിങ്ങള്‍ പറഞ്ഞാല്‍, താന്‍ ഒരു വിജയിച്ച ചലച്ചിത്ര സംവിധായകനാണെന്ന് നിസംശയം പറയാന്‍ സാധിക്കുമെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
അതേസമയം, ചിത്രത്തിന് ഓസ്കാര്‍ അവാര്‍ഡ് ലഭിക്കുമെന്നാണ് സിനിമ മേഖലയിലെ പ്രമുഖര്‍ പറയുന്നത്. ഓസ്കാര്‍ നേടിയാല്‍ താനും ജൂനിയര്‍ എന്‍ടിആറും സ്റ്റേജില്‍ നൃത്തം ചെയ്യുമെന്ന് രാം ചരണ്‍ പറഞ്ഞിരുന്നു. ഹോളിവുഡ് നിര്‍മ്മാതാവായ ജേസണ്‍ ബ്ലൂമും ആര്‍ആര്‍ആറിന് ഓസ്കാര്‍ ലഭിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം രാജമൗലിയുടെ ആര്‍ആര്‍ആറിന് ലഭിക്കുമെന്ന് ഉറപ്പാണെന്നാണ് ജേസണ്‍ പ്രവചിച്ചിരിക്കുന്നത്.
Also read- 2023ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവ് കീരവാണി; മലയാളിയുടെ പ്രിയപ്പെട്ട മരഗതമണി
ഓസ്കാര്‍ നോമിനേറ്റഡ് സിനിമയായ ‘ഗെറ്റ് ഔട്ട്’, ‘പാരനോര്‍മല്‍ ആക്ടിവിറ്റി’, ‘ഇന്‍സിഡിയസ്’ തുടങ്ങിയ ഹൊറര്‍ സിനിമകള്‍ നിര്‍മ്മിച്ച ഹോളിവുഡ് സ്റ്റുഡിയോ ബ്ലുംഹൗസിന്റെ സ്ഥാപകനായ ജേസണ്‍ ബ്ലൂമാണ് ആര്‍ആര്‍ആറിന് ഓസ്കാര്‍ ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ‘ആര്‍ആര്‍ആറിന് മികച്ച ചിത്രത്തിനുളള ഓസ്കാര്‍ അവാര്‍ഡ് ലഭിക്കും. കുറിച്ച് വച്ചോളൂ’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്’. ഓസ്കര് ജേതാവായ ജെസീക്ക ചാസ്റ്റെയ്ന്‍ ചിത്രത്തെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഈ ചിത്രം ഒരു പാര്‍ട്ടി പോലെയായിരുന്നുവെന്നാണ് ജെസീക്ക ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വലിയ വിജയം നേടിയ ചിത്രമാണ് എസ്എസ് ആര്‍ആര്‍ആര്‍. ചിത്രത്തില്‍ അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ശ്രിയ ശരണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസണ് ഡൂഡി, ഒലിവിയ മോറിസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അമ്പരിപ്പിക്കുന്ന ഡാന്‍സ് സീക്വന്‍സുകള്‍, ദൃശ്യ ഭംഗി, അതിശയിപ്പിക്കുന്ന ഫൈറ്റ് സെഗ്മെന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സിനിമ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.