'വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; 2022ലെ അവാർഡ് വിവാദം മന്ത്രി സജി ചെറിയാനെ ഓർമിപ്പിച്ച് സംവിധായകൻ വിനയൻ
- Published by:Rajesh V
 - news18-malayalam
 
Last Updated:
സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ലെന്നും വിനയൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. തന്റെ 5 വർഷക്കാലത്ത് നൽകിയ അവാർഡുകളിൽ ഒന്നിലും പരാതികൾ ഉയർന്നിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളിൽ വിമർശനം ഉന്നയിച്ചുകൊണ്ടാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2022 ലെ അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിച്ചില്ലെന്നത് ഓർമിപ്പിച്ചുകൊണ്ടാണ് വിനയന്റെ പ്രതികരണം.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് അവാർഡുകൾ നൽകാതിരിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്നത് അന്ന് ജൂറി അംഗങ്ങൾ പറഞ്ഞിരുന്നുവെന്നും മിനിസ്റ്റർ മറന്നു പോയെങ്കിൽ വോയിസ് ക്ലിപ്പുകൾ അയച്ച് തന്ന ഓർമിപ്പിക്കാമെന്നും വിനയൻ പറഞ്ഞു. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.
'ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയോടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ? ഏതായാലും എനിക്ക് ഒന്നറിയാം.. 2022 ലെ അവാർഡ് അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിന്റെ നിർമാതാവോ അല്ല.. സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ് .. അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്.. മിനിസ്റ്റർ മറന്നു പോയെൻകിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം.. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല,' സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ബാലതാരങ്ങൾക്ക് അവാർഡുകൾ നൽകാത്തതിലും പ്രതിഷേധം ഉയരുകയാണ്. കുട്ടികൾക്ക് അവാർഡ് കൊടുക്കാൻ പാകത്തിനുള്ള ക്രിയേറ്റീവായ അഭിനയം ജൂറി കണ്ടില്ലെന്നും അവർ അതിൽ സങ്കടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 04, 2025 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; 2022ലെ അവാർഡ് വിവാദം മന്ത്രി സജി ചെറിയാനെ ഓർമിപ്പിച്ച് സംവിധായകൻ വിനയൻ


