• HOME
 • »
 • NEWS
 • »
 • film
 • »
 • Kurup Movie| 'അപ്പന്റെ കൊലപാതകി ഹീറോ ആകുമ്പോൾ ആ മകന്റെ അവസ്ഥ ആലോചിച്ചു നോക്കൂ'; കുറുപ്പ് സിനിമയുടെ പ്രമോഷന് വിമർശനം

Kurup Movie| 'അപ്പന്റെ കൊലപാതകി ഹീറോ ആകുമ്പോൾ ആ മകന്റെ അവസ്ഥ ആലോചിച്ചു നോക്കൂ'; കുറുപ്പ് സിനിമയുടെ പ്രമോഷന് വിമർശനം

റുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോടും ആത് ദുൽഖർ പ്രൊമോട്ട് ചെയ്യുന്ന രീതികളോടുമാണ് എതിർപ്പെന്നും മിഥുൻ എഴുതുന്നു.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന കുറുപ്പ് സിനിമയുടെ (Kurup Movie)പ്രമോഷൻ രീതികളെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പ്. ‘കുറുപ്പ്’ ടീ ഷർട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ (Saniya Iyyappan) ചിത്രങ്ങൾ ദുൽഖർ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ചാണ് ‘കുറുപ്പ്’ സ്പെഷൽ ടീ ഷർട്ട് (Kurup T-Shirt) ഇറക്കിയത്. എന്നാൽ ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകൾക്ക് ഉപയോഗിക്കുമ്പോൾ ഇരയുടെ കുടുംബത്തിന്റെ ദുഃഖം ഒന്നു ചിന്തിച്ചുനോക്കൂവെന്നും വിമർശനമുന്നയിക്കുന്നു.

  മിഥുൻ മുരളീധരൻ എന്ന പ്രേക്ഷകൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്. സുകുമാരക്കുറിപ്പിനാൽ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബാംഗങ്ങളെ ഇത്തരം പ്രമോഷൻ രീതികൾ വേദനിപ്പിക്കുമെന്നും സ്വന്തം അച്ഛന്റെ കൊലപാതകിയുടെ പേരെഴുതിയ ടീ ഷർട്ടുകൾ കാണുന്ന ചാക്കോയുടെ മകന്റെ അവസ്ഥ ആലോചിച്ച് നോക്കൂ എന്നും മിഥുൻ കുറിക്കുന്നു. കുറുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോടും ആത് ദുൽഖർ പ്രൊമോട്ട് ചെയ്യുന്ന രീതികളോടുമാണ് എതിർപ്പെന്നും മിഥുൻ എഴുതുന്നു.

  മിഥുൻ മുരളീധരന്റെ കുറിപ്പ്:

  ഒരു ഉദാഹരണത്തിന് നിങ്ങൾ അടുത്ത ഒരു മിനിറ്റ് സമയത്തേയ്ക്ക് നിങ്ങളുടെ പേര് ജിതിൻ എന്നാണ് എന്നൊന്ന് കരുതിക്കെ.. നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ. ചാക്കോ എന്നും കരുതുക. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാൾ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക.

  കുറെ നാളുകൾക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടൻ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക. അതിനെ മാസ് ബിജിഎമ്മിന്റെയും ആഘോഷങ്ങളുടെയും രീതിയിൽ സ്ക്രീനിൽ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓർക്കുക.

  Also Read- Kurup Movie | Non Fungible Tokens | ദുൽഖറിന്‍റെ 'കുറുപ്പ്' പ്രമോഷന് നോൺ ഫംഗിബിൾ ടോക്കൺസ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം

  ഒപ്പം അതിന്റെ പ്രൊമോഷനുകൾക്കായി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷർട്ടുകളും മറ്റും ധരിച്ച് നിങ്ങൾക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളിൽ വിൽപ്പനക്ക് വക്കുന്നു എന്നും അതിന്റെ വിഡിയോകളും ബിജിഎമ്മും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈൽ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക.

  ഇനി, മേൽപ്പറഞ്ഞ ഇത്രയും കാര്യങ്ങൾ "ഒരു ഉദാഹരണം ആയതുകൊണ്ട്" പ്രശ്നം ഇല്ല എന്നാണെങ്കിൽ യഥാർഥത്തിൽ സ്വന്തം അച്ഛനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിൻ ഇവിടെ ജീവിക്കുന്നുണ്ട്. അയാൾക്ക് തീർച്ചയായും മേൽപ്പറഞ്ഞ ഈ വികാരങ്ങൾ തോന്നുന്നുണ്ട്. അയാൾ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കൽ എങ്കിലും ഒന്ന് കേൾക്കാൻ നിങ്ങൾ ശ്രമിക്കുക.

  ‘ഒരിക്കൽപ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പൻ കൊല്ലപ്പെടുമ്പോൾ എന്റെ അമ്മ ആറ് മാസം ഗർഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും തികഞ്ഞിരുന്നില്ല. ആർത്തുങ്കൽ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നൽകിയാണ് അപ്പൻ അന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തിൽ നമുക്കെല്ലാവർക്കും ഒരുപാട് പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയിൽ സിനിമയെക്കുറിച്ചുള്ള വാർത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.’

  ‘എന്നാൽ ചിത്രത്തിന്റെ ടീസർ കണ്ടപ്പോൾ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകർന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ 'ഇനി ഞാൻ വിചാരിക്കണം എന്നെ പിടിക്കാൻ'-എന്ന സംഭാഷണം കൂടി കേട്ടപ്പോൾ ആകെ തകർന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവൽക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാർത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പൻ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി’. ​

  ‘പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളർത്തിയതും ഒരുപാട് യാതനകൾ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോൾ അതൊന്നും ഓർക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോൾ എന്റെ അപ്പനെ കൊന്നവൻ പൊതുജനത്തിന് മുന്നിൽ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങൾക്ക് അതൊരിക്കലും താങ്ങാനാകില്ല..’

  കുറുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോട് ആണ് എതിർപ്പ്. ആത് ദുൽഖർ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും.

  (അഭിപ്രായങ്ങൾ വ്യക്തിപരം)
  Published by:Rajesh V
  First published: