EXCLUSIVE INTERVIEW| ട്രാൻസിൽ തുടക്കം; ഫഹദിനൊപ്പം ആദ്യ മലയാള ചിത്രം ചെയ്യാൻ പ്ലാനുമായി ഗൗതം മേനോൻ
- Published by:meera
- news18-malayalam
Last Updated:
Gautham Menon spills the beans on collaborating with Fahadh Faasil for his maiden M-Town outing | ഗൗതം മേനോന്റെ സംവിധാനത്തിൽ ഫഹദ് എത്തുന്നത് കാണാൻ ഇനി എത്രനാൾ?
ട്രാൻസ് സംഘത്തോടൊപ്പം ആദ്യ ദിവസം തന്നെ സിനിമ കാണാൻ കൊച്ചിയിൽ എത്തിയതാണ് മലയാളിയെങ്കിലും തമിഴിലൂടെ ഇന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗൗതം വാസുദേവ് മേനോൻ. 'നാം' എന്ന ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം ഗൗതം മേനോൻ ആദ്യമായി ഒരു മലയാള സിനിമാ കഥാപാത്രമാവുന്നത് ട്രാൻസിലാണ്. മടക്കയാത്രയ്ക്ക് മുൻപുള്ള ഏതാനും നിമിഷങ്ങൾ അദ്ദേഹം ന്യൂസ് 18 മലയാളത്തോടൊപ്പം ചേരുന്നു:
മിതഭാഷിയും ലളിത ഭാഷിയുമായി പലപ്പോഴും പ്രേക്ഷകർ കണ്ട ഗൗതം മേനോൻ തന്റെ തന്നെ ശബ്ദത്തിൽ റൊസാരിയോ എന്ന കഥാപാത്രത്തെ ട്രാൻസിൽ അവതരിപ്പിച്ചത് ആരാധകർ അത്ഭുതത്തോടെ കാണാനേ വഴിയുള്ളു.
ഞാൻ മലയാളം സ്ഫുടതയോടെ സംസാരിക്കില്ല കേട്ടോ എന്ന മുൻകൂർ ജാമ്യത്തോടെയാണ് അദ്ദേഹംഇതേപ്പറ്റി സംസാരിച്ചു തുടങ്ങുന്നതും. "എനിക്ക് മലയാളം സംസാരിക്കാനാവും, പക്ഷെ നന്നായി സംസാരിക്കുന്ന ആൾക്കാരുമായി തട്ടിച്ചു നോക്കുമ്പോൾ എന്റെ മലയാളം അത്ര നല്ലതല്ല."
"ഡബ്ബിങ് ചെയ്യാൻ എനിക്ക് അവസരം തന്നിരുന്നില്ല. ലൈറ്റ് ശബ്ദമായതു കൊണ്ട് അത് ബുദ്ധിമുട്ടാണ്. അതുകാരണം ലൊക്കേഷനിൽ വച്ചു തന്നെ റെക്കോർഡ് ചെയ്യുകയായിരുന്നു. വിശ്വസിക്കണം. അതെന്റെ ശബ്ദം തന്നെയാണ്."
advertisement
മിൻസാര കനവിൽ ആൾക്കൂട്ടത്തിൽ ഒരാളായി, 'മിന്നലെ'യെന്ന കന്നി സംവിധാന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച ഒറ്റപ്പാലംകാരൻ, മലയാള സിനിമയിൽ ഒരു കഥാപാത്രമായി എത്താൻ വേണ്ടി മാത്രം വേണ്ടി വന്നത് വർഷങ്ങൾ. ട്രാൻസിലേക്കു ഗൗതം മേനോൻ എത്താൻ കാരണം മറ്റാരുമല്ല, നായകൻ ഫഹദ് തന്നെയാണ്. ആ കഥയിങ്ങനെ:
"ഫഹദിനെ മുൻപ് ഏതാനും തവണ കണ്ടിരുന്നു. കേൾക്കാൻ താത്പ്പര്യമുണ്ടെങ്കിൽ അൻവർ സാറിന്റെ പക്കൽ എനിക്കായി ഒരുകാര്യം ഉള്ളതായി സൂചിപ്പിച്ചു. അദ്ദേഹം എന്നെ വിളിക്കുകയും, ചെന്നൈയിലുള്ള എന്റെ ഓഫീസിൽ എത്തുകയും ചെയ്‌തു. ഞാൻ ഈ കഥാപാത്രം ചെയ്യണമെന്നായിരുന്നു ആവശ്യം. 'എന്തുകൊണ്ട് ഞാൻ' എന്നായി എന്റെ ചോദ്യം. എന്റെ അഭിമുഖങ്ങൾ കണ്ട് ഞാൻ സംസാരിക്കുന്ന രീതി, എന്റെ കണ്ണിന്റെയും, കൈകളുടെയും, വിരലുകളുടെയും ചലനങ്ങൾ ഒക്കെയും അദ്ദേഹത്തിനിഷ്‌ടപ്പെട്ടത് കൊണ്ട് അതൊക്കെ ഈ സിനിമയിൽ വേണമെന്നായിരുന്നു മറുപടി."
advertisement
ട്രാൻസെന്നാൽ അൻവർ റഷീദിന്റെ സംവിധാനം, അമൽ നീരദിന്റെ ക്യാമറ, റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണം, നായകൻ ഫഹദ് ഫാസിൽ. "ഈ നാല് പേർക്കും വേണ്ടിയാണ് ഞാൻ ഈ ചിത്രത്തിന്റെ ഭാഗമായത്. എനിക്കിവരുടെ ക്രാഫ്റ്റ് കാണണമായിരുന്നു. 15 ദിവസം കൊണ്ട് എന്റെ ഭാഗങ്ങൾ പൂർത്തീകരിച്ചു."
advertisement
'ക്വീൻ' എന്ന വെബ് സീരീസ് കഴിഞ്ഞു ഗൗതം മേനോന്റെ നേരെയുള്ള വരവ് ട്രാൻസിലാണ്. ടെക്നോളജിയുടെ മാറ്റങ്ങൾക്കനുസരിച്ച് വ്യതിചലിക്കുന്ന സിനിമയുടെ ഭാഗമായി, വെബ് സീരീസ് എന്ന പുതുതലമുറ സിനിമാകൊട്ടകയിൽ 'ക്വീൻ' മികച്ച പ്രേക്ഷക പ്രതികരണത്തോടുകൂടി പരീക്ഷിച്ച് വിജയിച്ചു കഴിഞ്ഞു ഗൗതം മേനോൻ. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രം ശക്തി ശേഷാദ്രിയെന്ന നായികയെയും ജി.എം.ആർ. എന്ന നായകനെയും കേന്ദ്രീകരിച്ചായിരുന്നു 11 എപ്പിസോഡുകളുള്ള ആദ്യ സീസൺ പൂർത്തീകരിച്ചത്.
advertisement
"യഥാർത്ഥ സംഭവത്തെ അധികരിച്ചാണ് ഈ ചിത്രമെങ്കിലും, ഭാവനാ സൃഷ്‌ടി കൂടി ഇടകലർന്നതാണ്. നായിക ശക്തിയാണ്, ജയലളിതയല്ല. ഒരാളുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു മറ്റൊരാളായ ശക്തിയുടെ കഥ പറയുകയായിരുന്നു."
എം.ജി.ആർ. അഥവാ ജി.എം.ആറായി എങ്ങനെ ഇന്ദ്രജിത് എത്തപ്പെട്ടു? "എം.ജി.ആറിന് വേണ്ടിയുള്ള പല സാധ്യതകൾ അന്വേഷിക്കുന്നതിനിടെയാണ് ഇന്ദ്രജിത്തുമായി സംസാരിച്ചത്. ഈ വേഷം ചെയ്യാൻ അദ്ദേഹം വളരെ സന്തോഷപൂർവം തയാറായി. ഈ പ്രൊജക്റ്റിൽ ഞാൻ ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്ദ്രജിത് വന്നതും. വളരെ മികച്ച ഒരു അഭിനേതാവും വ്യക്തിയുമാണദ്ദേഹം."
advertisement
രമ്യ കൃഷ്ണൻ നായികായാവുമ്പോൾ: "രമ്യ കൃഷ്ണൻ വളരെ മികച്ച ഒരു അഭിനേത്രിയാണ്. വളരെ മികച്ച താരങ്ങൾക്കൊപ്പം വർക്ക് ചെയ്യുന്നത് നല്ലൊരു കാര്യമാണ്. മത്സരബുദ്ധിയോടെ അഭിനയിക്കുന്ന നടിയാണവർ. അതുകൊണ്ടു തന്നെ ഡയലോഗിന്റെയോ സീനിന്റെയോ കാര്യത്തിൽ നമുക്ക് തല പുകയ്‌ക്കേണ്ട ആവശ്യമില്ല. അവർ കാര്യങ്ങൾ എളുപ്പത്തിൽ ആക്കിത്തരുന്ന കൂട്ടത്തിലാണ്."
നടനായി എത്തിക്കഴിഞ്ഞു. മലയാളത്തിൽ ഇനി ഗൗതം വാസുദേവ് മേനോൻ എന്ന സംവിധായകനെ ഉടനെ തന്നെ കാണാനുള്ള ഭാഗ്യമുണ്ടാവും. "ഇൻഡസ്ട്രിയിൽ എത്തി ആദ്യ രണ്ടു-മൂന്നു വർഷങ്ങൾക്കുള്ളിൽ തന്നെ മലയാള സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചു തുടങ്ങിയതാണ്."
advertisement
ഇനി ഒരിക്കൽ കൂടി ഫഹദും ഇന്ദ്രജിത്തുമായി ചേർന്ന് സിനിമ ചെയ്യുമോ എന്ന് ചോദിച്ചാൽ "രണ്ടുപേരുമായും" എന്നാവും മറുപടി. എന്നാൽ സൂചനകൾ വച്ചു നോക്കിയാൽ ഫഹദ് ഫാസിൽ ചിത്രം വിദൂരമല്ല.
"ഫഹദുമായി എന്തായാലും ഒരു സിനിമയുണ്ടാവും. അതേപ്പറ്റി ഞങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ നമുക്ക് ഷൂട്ടിങ്ങിന് പോകാം എന്നൊരുനാൾ പറയുമെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു ഫഹദിന്റെ പ്രതികരണം. ഫഹദിന്റെ അഭിനയം എനിക്ക് ഇഷ്‌ടമാണ്. ഏതൊരു ഫഹദ് ചിത്രവും ഞാൻ എത്രയും വേഗം തന്നെ പോയിക്കാണും."
ഫഹദ് എന്ന നായകനെക്കുറിച്ച് അത്രയേറെ പറയാനുണ്ട് അദ്ദേഹത്തിന്: "ട്രാൻസിന്റെ ആദ്യ 45 മിനിറ്റ് ശ്രദ്ധിച്ചാൽ മനസ്സിലാവും, കന്യാകുമാരിയിൽ നിന്നുള്ള മോട്ടിവേഷണൽ ട്രെയ്നറെ എത്ര ബ്രില്യന്റായാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നതെന്ന്. തകർന്നു പോയ കുടുംബത്തിലെ വ്യക്തിയെ അത്ര ഭംഗിയായാണ് ഫഹദ് കൈകാര്യം ചെയ്തത്. അവിടുന്ന് നിങ്ങൾ കണ്ട ആ ഹൈ എനർജി കഥാപാത്രമായി മാറുന്നതും, പലപല ഭാവങ്ങൾ കൈകാര്യം ചെയ്യുന്നതും എല്ലാം നേരിട്ട് കാണാൻ എനിക്കവസരമുണ്ടായി."
2020 അവസാനത്തോടെ തന്നെ തന്റെ ആദ്യ മലയാള സിനിമാ സംവിധാനം ആരംഭിക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഗൗതം മേനോൻ. "ഫഹദിനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ശ്രമത്തിലാണ്. എന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ പ്രണയ കഥയാണ്. ഫഹദിന്റെ ഉറപ്പ് ലഭിച്ചാൽ നായികയുൾപ്പെടെയുള്ള കഥാപാത്രങ്ങളെ കണ്ടെത്തും."
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2020 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
EXCLUSIVE INTERVIEW| ട്രാൻസിൽ തുടക്കം; ഫഹദിനൊപ്പം ആദ്യ മലയാള ചിത്രം ചെയ്യാൻ പ്ലാനുമായി ഗൗതം മേനോൻ