100 കോടി രൂപ തന്നാലും സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് സംഗീതം ചെയ്യില്ലെന്ന് സംഗീതസംവിധായകന്‍
- Published by:meera_57
- news18-malayalam
Last Updated:
'ഹം ദില്‍ ദേ ചുകെ സനം', 'ദേവദാസ്' എന്നീ സിനിമകളിലെ ഏറ്റവും മികച്ച ട്രാക്കുകള്‍ സൃഷ്ടിച്ച സംഗീത സംവിധായകനാണ് ഇസ്മായില്‍ ദര്‍ബാര്‍
ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ലീല ബന്‍സാലിയുമായുള്ള ദീര്‍ഘകാലത്തെ പ്രൊഫഷണല്‍ ബന്ധത്തെ കുറിച്ചും അകൽച്ചയെ കുറിച്ചും തുറന്നുപറഞ്ഞ് സംഗീത സംവിധായകന്‍ ഇസ്മായില്‍ ദര്‍ബാര്‍. 'ഹം ദില്‍ ദേ ചുകെ സനം', 'ദേവദാസ്' എന്നീ സിനിമകളിലെ ഏറ്റവും മികച്ച ട്രാക്കുകള്‍ സൃഷ്ടിച്ച സംഗീത സംവിധായകനാണ് ഇസ്മായില്‍ ദര്‍ബാര്‍.
വിക്കി ലാല്‍വാനിയുമായുള്ള അഭിമുഖത്തിലാണ് സഞ്ജയ് ബന്‍സാലിയുമായുള്ള സഹകരണത്തെ കുറിച്ചും സര്‍ഗ്ഗാത്മക ചര്‍ച്ചകളിലെ തന്റെ ഭയരഹിത മനോഭാവത്തെ കുറിച്ചും ഒടുവില്‍ ഹീരാമണ്ഡി ചെയ്യുന്ന സമയത്ത് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെ കുറിച്ചും ദര്‍ബാര്‍ വെളിപ്പെടുത്തിയത്.
നിലവില്‍ ഇരുവരും തമ്മില്‍ വലിയ അകല്‍ച്ചയിലാണെന്ന് ഇസ്മായില്‍ തുറന്നുസമ്മതിച്ചു. ഇന്ന് സഞ്ജയ് വന്ന് ദയവായി എന്റെ സിനിമയ്ക്ക് സംഗീതം ചെയ്യൂ, ഞാന്‍ നിങ്ങള്‍ക്ക് 100 കോടി രൂപ തരാമെന്ന് പറഞ്ഞാലും ആദ്യം ഇവിടെ നിന്ന് പുറത്തുപോകൂ... എന്നായിരിക്കും തന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബന്‍സാലിയുമായുള്ള ബന്ധം തുടക്കം മുതലേ സവിശേഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹം ദില്‍ ദേ ചുകേ സനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംവിധായകന്റെ കാഴ്ചപ്പാട് സ്വന്തം കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അത് സൗമ്യമായി അംഗീകരിക്കുന്ന സംഗീതസംവിധായകനായിരുന്നില്ല താനെന്ന് അദ്ദേഹം പറയുന്നു. തന്റെ ഇഷ്ടങ്ങളെ കുറിച്ചും എങ്ങനെ ശബ്ദം കേള്‍ക്കണമെന്നതിനെ കുറിച്ചും തനിക്ക് കൃത്യമായ വ്യക്തത ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ എല്ലായ്‌പ്പോഴും വളരെ വ്യക്തമായിരുന്നുവെന്നും എന്തെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് താന്‍ നേരിട്ട് പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
ആരോഗ്യകരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം സമ്മതിച്ചു. വിശ്വസിക്കാത്ത ചില നിര്‍ദ്ദേശങ്ങള്‍ നിരസിച്ചതായും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ബന്‍സാലിയുടെ 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാര്‍' എന്ന വെബ്‌സീരിസിനായി ഇരുവരും ഒന്നിച്ചു. ഏകദേശം ഒന്നര വര്‍ഷത്തോളം താന്‍ ആ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചതായും സംഗീതത്തില്‍ തന്റെ ഹൃദയം പകര്‍ന്നുവെന്നും ദര്‍ബാര്‍ വെളിപ്പെടുത്തി.
ഹീരാമണ്ഡിയുടെ 'നട്ടെല്ല്' എന്ന് ദര്‍ബാറിന്റെ സംഭാവനയെ ഒരു മാധ്യമം വിശേഷിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറിമറിഞ്ഞത്. നിരവധി താരങ്ങള്‍ സീരിസില്‍ ഉണ്ടെങ്കിലും ഇസ്മായില്‍ ദര്‍ബാറിന്റെ സംഗീതമായിരിക്കും ആത്യന്തികമായി അതിന്റെ ഏറ്റവും ശക്തമായ ഘടകം എന്ന് റിപ്പോര്‍ട്ട്. ബന്‍സാലി ഈ റിപ്പോര്‍ട്ട് കാണുകയും ഇത് ദര്‍ബാറിന്റെ തന്നെ സൃഷ്ടിയാണെന്ന് അനുമാനിക്കുകയും ചെയ്തു. ഇത് അവര്‍ക്കിടയില്‍ ഒരു വിള്ളല്‍ സൃഷ്ടിച്ചു.
advertisement
ഇതേപ്പറ്റി ഇരുവരും തമ്മില്‍ സംസാരം ഉണ്ടാകുകയും ഇസ്മായില്‍ ദര്‍ബാര്‍ പ്രോജക്ടില്‍ നിന്ന് പുറത്തുപോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. ബന്‍സാലി പിന്നീട് തിരിച്ചുവിളിച്ചില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം എന്തിന് അങ്ങനെ ചെയ്യണം എന്നായിരുന്ന ദര്‍ബാറിന്റെ മറുപടി.
"സിനിമയിലെ നട്ടെല്ല് ഇസ്മായില്‍ ദര്‍ബാര്‍ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ദേവദാസിലെയും ഹം ദില്‍ ദേ ചുകേ സനത്തിലെയും നട്ടെല്ല് ഞാനായിരുന്നു. ഇത് പറയുന്നത് ഞാന്‍ മാത്രമല്ല. അദ്ദേഹത്തിന്റെ പിആറും ഇതുതന്നെ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈഗോ. ഞാന്‍ വളരെ കഠിനാധ്വാനം ചെയ്യുകയും ക്രെഡിറ്റ് അദ്ദേഹം എടുക്കുകയും ചെയ്യുന്നു എന്ന ഭയത്തില്‍ നിന്നുണ്ടായതാണിത്" , ദര്‍ബാര്‍ പറഞ്ഞു.
advertisement
പിന്നീട് ഹീരാമണ്ഡി കണ്ടെങ്കിലും അത് ഇഷ്ടമായില്ലെന്നും തന്റെ സംഗീതം അതില്‍ ഇല്ലാത്തതുകൊണ്ടല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി. ഹീരമാണ്ഡിയുടെ സംഗീതം താന്‍ ചെയ്തിരുന്നുവെങ്കില്‍ അതിനെ അനശ്വരമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ തയ്യാറാക്കിയതിന്റെ ഒപ്പമെത്താന്‍ സഞ്ജയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 08, 2025 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
100 കോടി രൂപ തന്നാലും സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് സംഗീതം ചെയ്യില്ലെന്ന് സംഗീതസംവിധായകന്‍