ഗ്ലാമറിന്റെ അമ്പരപ്പിക്കുന്ന ലോകമാണ് ബോളിവുഡ്. തങ്ങളുടെ പുതിയ കെട്ടും മട്ടും കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന കാര്യത്തിൽ എല്ലാ താരങ്ങളും ഒരു പോലെയാണ്. ഇപ്പോഴിതാ ഋത്വിക് റോഷനാണ് ഇക്കാര്യത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഋത്വിക് റോഷന്റെ ആരാധകർ തിങ്കളാഴ്ച ആകെ ആശ്ചര്യത്തിലായിരുന്നു. കാരണം, താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ ഏറ്റവും പുതിയ ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്. അതും നല്ല 'അടിപൊളി' ഫോട്ടോ. പ്രസ്തുത ഫോട്ടോയിൽ, ഋത്വിക് ഒരു ബോഡി ബിൽഡറെ പോലുള്ള തന്റെ കരുത്തുറ്റ മസിലുകൾ കാണിക്കുന്നു. ഒരു സ്റ്റൈലിഷ് ഗ്ലാസും തൊപ്പിയും ധരിച്ച് താരം തന്റെ 'വിശ്വരൂപം' ഗംഭീരമാക്കിയിട്ടുണ്ട്.
ഫോട്ടോ കണ്ട ഋത്വികിന്റെ മുൻഭാര്യ സുസൈന ഖാൻ ചിത്രത്തെക്കുറിച്ച് ഒരു രസകരമായ അഭിപ്രായം അടിക്കുറിപ്പായി നൽകി. 'വൗ..ഗംഭീരം.. നീയിപ്പോഴും ഇരുപത്തിയൊന്നുകാരന്‍ തന്നെ.' മറ്റൊരു പോസ്റ്റിൽ, നടൻ തന്റെ വസ്ത്ര ബ്രാൻഡിന്റെ ഒരു പ്രൊമോഷണൽ വീഡിയോയാണ് പങ്കിട്ടത്. നടൻ ആർ മാധവൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പ്രസ്തുത വീഡിയോ പങ്കുവെച്ചിട്ടുണ്ട്, 'ഈ മനുഷ്യൻ… ഈ മനുഷ്യൻ ഇതിഹാസങ്ങളാൽ നിർമ്മിച്ചതാണ്… സത്യം.. ഇതുകണ്ട് ഞാൻ വളരെ പ്രചോദിതനാണ്… എന്റെ ഈ സഹോദരനാണ് എന്റെ പ്രചോദനം.' ഋത്വിക് റോഷനെ ടാഗ് ചെയ്ത് അദ്ദേഹം കുറിച്ചതിങ്ങനെ.
അതേസമയം, തന്റെ ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രമായ 'ക്രിഷ്' ന്റെ 15-ാം വാർഷികത്തിൽ, പരമ്പരയിലെ നാലാമത്തെ സിനിമയ്‌ക്കൊപ്പം താന്‍ തിരിച്ചു വരുമെന്ന് ഋത്വിക് റോഷൻ ആരാധകരോട് വാഗ്ദാനം ചെയ്തു. നടന്റെ പിതാവും ചലച്ചിത്ര നിർമ്മാതാവുമായ രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രമായ 2003ൽ പുറത്തിറങ്ങിയ കോയി… മിൽ ഗയയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.
തുടർന്ന് 2006ൽ എത്തിയ 'ക്രിഷ്', 2013ലെ 'ക്രിഷ് 3' എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ അദ്ദേഹം ആരാധക ഹൃദയങ്ങളിൽ ഇടം പിടിച്ചു.
ജനപ്രിയ ഇംഗ്ലീഷ് സീരീസായ 'നൈറ്റ് മാനേജറി'ന്റെ ഇന്ത്യൻ പതിപ്പിൽ ഋത്വിക് നായകനാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു 1993ൽ ജോൺ ലെ കാരെ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ടോം ഹിൽഡ്‌സ്റ്റൺ ഒരുക്കിയ 2016 ലിമിറ്റഡ് സീരീസിലെ ജൊനാഥൻ പൈൻ എന്ന കഥാപാത്രത്തിന്റെ ഇന്ത്യൻ പതിപ്പായി അദ്ദേഹം അഭിനയിക്കുന്നതാണ്.
ഋത്വിക് റോഷൻ, ദീപിക പദുക്കോണിനൊപ്പം സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഈ ചിത്രം 2022 സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. ബാംഗ് ബാംഗ് (2014), 2019 ലെ യഷ് രാജ് ഫിലിംസിന്റെ ബ്ലോക്ക്ബസ്റ്റർ 'വാര്‍' എന്നിവയ്ക്കു ശേഷം ഇത് ആനന്ദുമായുള്ള ഋത്വിക്കിന്റെ മൂന്നാമത്തെ സംരംഭമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.