ലോകം നടുങ്ങുന്ന ഓർമയുമായി ജെയിംസ് കാമറണ്‍ വീണ്ടും;ഹിരോഷിമയുടെ കഥ പറയുന്ന പുതിയ ചിത്രം
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ 15 വര്‍ഷക്കാലമായി അവതാര്‍ സീരീസില്‍ നിന്നുള്ള ചിത്രങ്ങളാണ് കാമറൂണിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്
ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ (James Cameron) തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ദീര്‍ഘകാലം തന്റെ സഹപ്രവര്‍ത്തകനായിരുന്ന ചാള്‍സ് പെല്ലെഗ്രിനോയുടെ ഏറ്റവും പുതിയ പുസ്തകമായ 'ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ' എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കാമറൂണ്‍ പുതിയ ചിത്രം ഒരുക്കുന്നത്. ഹിരോഷിമ അണുബോംബ് ആക്രമണത്തിന്റെ 80-ാം വാര്‍ഷികദിനമായ ആഗസ്റ്റ് ആറിനാണ് ആ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മ സിനിമയാകാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. 'ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ' എന്ന നോവലും ഈ ദിവസം തന്നെയാണ് പുറത്തിറങ്ങിയത്.
നീല അന്യഗ്രഹ ജീവികളുടെ കഥ പറഞ്ഞ അവതാറില്‍ നിന്നും ബോക്‌സ് ഓഫീസ് ഹിറ്റായ ടൈറ്റാനിക് പോലുള്ള സിനിമകളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കാമറൂണ്‍ തയ്യാറെടുത്തതിന്റെ ഫലമാണ് പുതിയ ചിത്രം. കഴിഞ്ഞ 15 വര്‍ഷക്കാലമായി അവതാര്‍ സീരീസില്‍ നിന്നുള്ള ചിത്രങ്ങളാണ് കാമറൂണിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. 15 വര്‍ഷത്തിനുശേഷം കാമറൂണ്‍ ഒരുക്കുന്ന അവതാര്‍ ഇതര ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ആ ഉത്തരവാദിത്തത്തെ അദ്ദേഹം നിസ്സാരമായി കാണുന്നില്ല. ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ആണവയുദ്ധം ഒരു ആശങ്കയായി തുടരുന്ന ഈ കാലഘട്ടത്തില്‍ ചിത്രം ഹിരോഷിമ ദുരന്തത്തിന്റെ ഒരു വേട്ടയാടുന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കും സിനിമയെന്ന് കാമറൂണ്‍ പറയുന്നു. "ഞാന്‍ എന്റെ ജോലി കൃത്യമായി ചെയ്താല്‍ എല്ലാവരും ആദ്യത്തെ 20 മിനുറ്റിനുള്ളില്‍ തന്നെ തിയേറ്ററില്‍ നിന്ന് ഇറങ്ങിപോകും. അതുകൊണ്ട് അതല്ല എന്റെ ജോലി", കാമറൂണ്‍ പറഞ്ഞു.
advertisement
ഹിരോഷിമ ദുരന്തത്തിന്റെ നടുക്കുന്ന കഥകള്‍ ഹൃദയസ്പര്‍ശിയായ രീതിയില്‍ പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കാമറൂണ്‍ പറയുന്നു. പ്രേക്ഷകരെ കൂടി സിനിമയില്‍ ഇടപഴകിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തിലേക്ക് അവരെ തന്നെ അവതരിപ്പിക്കുകയും അവരില്‍ സഹാനുഭൂതി നിറയ്ക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും കാമറൂണ്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്.
ടൈറ്റാനിക്കിനുശേഷം താന്‍ കണ്ട ഏറ്റവും ശക്തമായ കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. 'ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ' സിനിമയാക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും മികച്ച കഥകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും ടൈറ്റാനിക് പോലെ ഒരു ശക്തമായ കഥ കണ്ടെത്തിയതുകൊണ്ടല്ല അതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ 'വാങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.
advertisement
ടൈറ്റാനിക്കില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതു മുതല്‍ കാമറൂണിന് പെല്ലെഗ്രിനോയുമായി അടുത്ത ബന്ധമുണ്ട്. അവര്‍ പിന്തുടരുന്ന ഒരു പൊതു തത്വമായ സഹാനുഭൂതിയെക്കുറിച്ച് പലപ്പോഴും കാമറൂണ്‍ സംസാരിക്കാറുണ്ട്. കാമറൂണ്‍ തന്റെ ടൈറ്റാനിക് ചിത്രത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും വൈകാരിക ചിന്തകളെ കുറിച്ചും പോസ്റ്റില്‍ പങ്കിട്ടു.
അതേസമയം, 2024-ല്‍ പുറത്തിറക്കാനിരുന്ന 'അവതാര്‍: ഫയര്‍ ആന്‍ ആഷ്' ഈ വർഷം ഡിസംബര്‍ 19-ന് തിയേറ്ററിലെത്തും. അവതാര്‍ 4, അവതാര്‍ 5 അധ്യായങ്ങള്‍ 2029-ലും 2031-ലും പുറത്തിറങ്ങും. ആദ്യ ചിത്രത്തിന് ഏകദേശം 22 വര്‍ഷത്തിനുശേഷം അവതാര്‍ കഥ അവസാനിപ്പിക്കുകയാണ്. എന്നാല്‍ അവതാറിലെ തിളങ്ങുന്ന കാടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് കാമറൂണ്‍ ഹിരോഷിമയിലെ പ്രേത ജീവിതങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ് പുതിയ ചിത്രത്തിനായി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 08, 2025 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ലോകം നടുങ്ങുന്ന ഓർമയുമായി ജെയിംസ് കാമറണ്‍ വീണ്ടും;ഹിരോഷിമയുടെ കഥ പറയുന്ന പുതിയ ചിത്രം