Mammootty | രണ്ട് ദേശം, രണ്ട് ഭാഷ, രണ്ട് സംസ്കാരം ഒരേ ശരീരത്തില്‍ ആവാഹിച്ച മഹാപ്രതിഭ
- Published by:Arun krishna
- news18-malayalam
Last Updated:
എതിരാളികള്‍ ഏറെ വന്നിട്ടും അമ്പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടനെന്ന ബഹുമതി മമ്മൂട്ടിയുടെ കൈകളില്‍ സുരക്ഷിതമായെത്തി
കാലം എത്ര കടന്നു പോയി.. ഇതിനിടെ ആരൊക്കെ വന്നു ആരൊക്കെ പോയി… എന്നിട്ടും മലയാള സിനിമയുടെ അഭ്രപാളിയില്‍ ഇന്നും തിളക്കം മങ്ങാത്ത നക്ഷത്രമായി മമ്മൂട്ടി തെളിഞ്ഞു നില്‍ക്കുന്നു. കാലം എത്ര കഴിഞ്ഞാലും വീണ്ടും മിനുക്കിയാല്‍ വെട്ടിത്തിളങ്ങുന്ന വിളക്ക് പോലെ അയാള്‍ തന്‍റെ പകര്‍ന്നാട്ടം തുടരുന്നു. ‘ഞാനൊരു സോകോള്‍ഡ് ബോണ്‍ ആക്ടര്‍ അല്ല’ എന്ന് മമ്മൂട്ടി പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷെ ചില വേഷങ്ങള്‍ ചില ജീവിത സാഹചര്യങ്ങള്‍ അത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തെ പോലെ മറ്റൊരാളെ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.

എതിരാളികള്‍ ഏറെ വന്നിട്ടും അമ്പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടനെന്ന ബഹുമതി മമ്മൂട്ടിയുടെ കൈകളില്‍ സുരക്ഷിതമായെത്തി. കച്ചവട സിനിമകള്‍ ചെയ്യുമ്പോഴും കാമ്പുള്ള കഥയ്ക്കും സംവിധായകനും മുന്നില്‍ ആള്‍മാറാട്ടം നടത്തുന്ന മമ്മൂട്ടിയിലെ നടന്‍റെ മറ്റൊരു വേഷപകര്‍ച്ച തന്നെയായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം.

advertisement
നാടകസംഘം തുടങ്ങാന്‍ പോകുന്ന മൂവാറ്റുപുഴക്കാരന്‍ ജെയിംസില്‍ നിന്ന് ഒരു തമിഴ് ഗ്രാമവാസിയായ സുന്ദരമായി മാറുന്നിടത്താണ് മമ്മൂട്ടിയും നന്‍പകല്‍ നേരത്ത് മയക്കവും പ്രേക്ഷകന് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്.
‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാരമികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങൾ, രണ്ടു ഭാഷകൾ, രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ’ – എന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.
advertisement

ഇതിനോടകം നേടിയ ബഹുമതികള്‍ക്കിടയിലേക്ക് മറ്റൊന്നു കൂടി എന്ന ശൈലിയിലേക്ക് കേവലം ഒതുക്കാന്‍ കഴിയുന്നതല്ല മമ്മൂട്ടിയുടെ ഈ നേട്ടം. സിനിമയും പ്രേക്ഷകരും ഇത്രയധികം മാറിയിട്ടും മാറ്റമില്ലാതെ തുടരുന്ന അഭിനയ സപര്യയുടെ മറ്റൊരു മാസ്മരികമായ അധ്യായത്തിന്‍റെ തുടക്കം കൂടിയാണ് അദ്ദേഹത്തിന്‍റെ ഈ നേട്ടം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 21, 2023 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty | രണ്ട് ദേശം, രണ്ട് ഭാഷ, രണ്ട് സംസ്കാരം ഒരേ ശരീരത്തില്‍ ആവാഹിച്ച മഹാപ്രതിഭ