Malaikottai Vaaliban review | സാങ്കേതികതയുടെ ഉരുക്കു കോട്ട കൊണ്ട് കെട്ടിയ വാലിബൻ; കണ്ടത് എല്ലാമേ നിജമാ? 'മലൈക്കോട്ടൈ വാലിബൻ' റിവ്യൂ

Last Updated:

'കൺകണ്ടത് പൊയ്, കാണ പോകുന്നത് നിജം' എന്ന് അടിക്കടിയുള്ള വാലിബന്റെ ഡയലോഗ് എന്തെന്ന് മനസ്സിലാവാൻ ഒരു വഴിയേയുള്ളൂ. 'മലൈക്കോട്ടൈ വാലിബൻ' റിവ്യൂ

മലൈക്കോട്ടേ വാലിബൻ
മലൈക്കോട്ടേ വാലിബൻ
കണ്ണുതുറന്നാൽ പൂഴി പറക്കുമെന്നോണം തരിശായി കിടക്കുന്ന അടിവാരത്തൂർ. കേളുമല്ലൻ എന്ന ആജാനുബാഹുവിനെ തറപറ്റിക്കാൻ, കാളവണ്ടിയിൽ കൂർക്കം വലിച്ചുറങ്ങി വന്ന്, ഒരു കുടം കള്ളിൽ ഉറക്കച്ചടവ്‌ മാറ്റി, നിലത്ത് ചമ്രം പൂട്ടിയിരുന്ന്, വായുവിൽ പൊന്തിപ്പറന്നുവന്ന മല്ലന്റെ ഗദ കൈത്തണ്ടകൊണ്ട് തടഞ്ഞ്, നീളൻ മേൽമുണ്ട് വീശി മല്ലനെ വീശിവീഴ്ത്തി ഇൻട്രോ ഇടുന്ന മലൈക്കോട്ടൈ വാലിബൻ (ബാക്ക്ഗ്രൗണ്ടിൽ കയ്യടി). പറയുന്ന വേഗത്തിൽ ഫാസ്റ്റ് അല്ല കാര്യങ്ങൾ. ചടങ്ങ് മൊത്തത്തിൽ കഴിയാൻ സമയമെടുക്കും. പുലിമുരുകന് മൂപ്പൻ എങ്കിൽ, വാലിബന്റെ വീരകഥ കൊട്ടുകൊട്ടി വീമ്പിളക്കാൻ കൂടെ ചിന്നനുണ്ട്, പിന്നെ ആശാനും.
ലിജോ ജോസ് പെല്ലിശ്ശേരി ടെംപ്ളേറ്റിൽ മോഹൻലാലിന്റെ മാസ് പ്രതീക്ഷിക്കുന്ന പ്രേക്ഷകന് മുന്നിലേക്കുള്ള വാലിബന്റെ വരവിൽ ചിലതു പ്രതീക്ഷിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇനിയങ്ങോട്ട് അടിക്കടി വരുന്ന കഥാപാത്രങ്ങളെ പരിചയപ്പെട്ടു വരുമ്പോഴേക്കും, ഈ മെല്ലെപ്പോക്കിന്റെ കൂടെ പോവുക.
അടിവാരത്തൂർ പിന്നിട്ട്, മാങ്കൊമ്പൊടിഞ്ഞൂരും താണ്ടി, നൂറാനത്തലയൂരിൽ എത്തി നർത്തകി രംഗപട്ടിണം രംഗറാണിയെ (സൊനാലി കുൽക്കർണി) കണ്ടുതുടങ്ങുമ്പോൾ മാത്രമാണ്, വാലിബന്റെ മുന്നിലേക്ക് അയാളുടെ പ്രധാന എതിരാളിയായ ചമതകൻ (ഡാനിഷ് സേട്ട്) വരൂ. അവിടെ നിന്നും ശരവേഗത്തിൽ ഫസ്റ്റ് ഹാഫ് കഴിഞ്ഞോളും.
advertisement
കുറസോവയുടെ യോജിമ്പോയിൽ നിന്നും ഉൾക്കൊണ്ട ആവേശത്തിൽ പിറന്ന വാലിബൻ മിക്കയിടത്തും സമുറായി പടങ്ങളിലെ വീരനെ രൂപത്തിലും ശൗര്യത്തിലും ഓർമപ്പെടുത്തും. അതെല്ലാം കണ്ട് ഹർഷോന്മത്ത പുളകിതരായവർക്ക് വാലിബൻ ടോട്ടൽ രോമാഞ്ചിഫിക്കേഷനായി തോന്നിയേക്കും. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ തളയ്ക്കാൻ പറ്റാത്തവനാണ് വാലിബൻ എന്ന് പറയുന്നുണ്ടെങ്കിലും, കഥാപാത്രങ്ങളിൽ ഒരാൾ മെക്കോളെ പ്രഭു ആയതിനാൽ, ചുരുക്കം രണ്ടു പതിറ്റാണ്ടു പിറകോട്ടു ടൈം ട്രാവൽ ചെയ്യാം.
സിനിമയുടെ ആദ്യപകുതി മുഴുവൻ കഥാപാത്രങ്ങളെ പരിചയപ്പെടാൻ വേണ്ടി മാത്രമാക്കി ഒതുക്കിയ പ്രതീതിയിൽ തീരുമ്പോൾ, പ്രേക്ഷകർ പ്രതീക്ഷയർപ്പിക്കുക ഒരു ചായകുടിച്ചു മടങ്ങുമ്പോൾ തുടങ്ങാനിരിക്കുന്ന രണ്ടാം പകുതിയിലാവും.
advertisement
ഒരു സിനിമാ പ്രേക്ഷകൻ, അല്ലെങ്കിൽ പ്രേക്ഷക എന്നതിനേക്കാൾ മിത്തുകൾ കേട്ട് കുട്ടികളിൽ നിന്നും മുതിർന്നവരായി മാറിയ ചിത്രകഥാ ആസ്വാദകർക്കും, സ്റ്റേജിലും ഓപ്പൺ എയറിലും കണ്ടുശീലിച്ച നാടകങ്ങൾക്ക് ആസ്വാദകരായവർക്കുമാകും വാലിബനെ കൂടുതൽ അങ്ങോട്ട് ബോധിക്കുക. ദൃശ്യങ്ങളേക്കാൾ ഡയലോഗുകളിൽ അത്രകണ്ട് നാടകീയത നിറയുന്നു.
വാലിബനെ മലൈക്കോട്ടൈ വാലിബനാക്കാൻ മധു നീലകണ്ഠന്റെ ക്യാമറയും, പ്രശാന്ത് പിള്ളയുടെ സംഗീതവും, രംഗനാഥ് രവിയുടെ ശബ്ദസംയോജനവും, ദീപു എസ്. ജോസഫിന്റെ എഡിറ്റിംഗും നടത്തിയ അശ്രാന്ത പരിശ്രമത്തെ വിസ്മരിച്ചുകൂടാ. വാലിബന്റെ പൂഴിക്കടകന് ഗും കൂട്ടുന്ന രാജസ്ഥാൻ മണൽപ്പരപ്പ് 'തേന്മാവിൻ കൊമ്പത്തെ' മാണിക്യന്റെ ഗ്രാമത്തോളം മലയാളീകരിക്കപ്പെട്ടെങ്കിൽ, ക്യാമറയും കലാചമത്ക്കാരവും തീർത്തവർക്കു കൊടുക്കണം കയ്യടി. ഒടിയൻ മാണിക്യനായി പോകാതിരിക്കാൻ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ കണ്ണിമവെട്ടാതെ ഓരോ അണുവിലും നൽകിയ ശ്രദ്ധ പ്രശംസനീയം.
advertisement
സ്ത്രീകഥാപാത്രങ്ങളുടെ കാര്യമെടുത്താൽ, കുറച്ചു നാളായി മലയാള സിനിമ 'മേലേപ്പറമ്പിൽ ആൺവീടായി' മാറിയിരിക്കുന്നു എന്ന പരാതിക്ക് മറുപടിയുണ്ട്. പക്ഷെ സ്ത്രീയെ ഇത്രകണ്ട് മാദകവത്ക്കരിക്കണമോ എന്ന് ചോദിച്ചു പോകും! ചമതകന്റെ അമ്മവേഷം ചെയ്തയാൾക്കും മെക്കോളെ പ്രഭുവിന്റെ ഭാര്യക്കും ഒഴികെ മറ്റെല്ലാ അംഗനമാർക്കുമുണ്ട് ഈ ലുക്കും എഫക്റ്റും.
വാലിബൻ അടിച്ചിടുന്ന മല്ലന്റെ പേരില്ലാത്ത ഭാര്യ, മാങ്കൊമ്പൊടിഞ്ഞൂരിലെ മാതംഗി, രംഗപട്ടിണം രംഗറാണി, ചിന്നന്റെ ഭാര്യ ജമന്തി എന്ന് വേണ്ട മെക്കോളെ പ്രഭുവിന്റെ സദസിൽ ബെല്ലി ഡാൻസ് ചെയ്യുന്ന യുവതി വരെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം അംഗലാവണ്യം കൊണ്ട് മനംമയക്കുന്ന സുന്ദരിമാരായാണ് സ്‌ക്രീനിൽ തെളിയുക.
advertisement
ഉടലളവുകളും, വശ്യതയും, അസൂയയും പ്രകടിപ്പിക്കാൻ മാത്രമായി ഒതുക്കപ്പെട്ടുപോകുന്നു അതിലോരോ ആളും. ഇത്രയുമെല്ലാം കാലഘട്ടത്തിന്റെ പേരിൽ മൂടാൻ ഒരുപക്ഷെ കഴിഞ്ഞെന്നു വരും. എന്നാൽപ്പിന്നെ പഴങ്കഥയായ പൊന്നിയിൻ സെൽവനിൽ ബുദ്ധിമതിയായ കുന്ദവൈ ഇല്ലേ എന്ന് ചോദിച്ചാൽ, നോട്ട് ദി പോയിന്റ്; കഥയിൽ ചോദ്യമില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ലൗഡ് ക്യാൻവാസിൽ മോഹൻലാൽ എന്ന നടൻ ആക്ഷൻ കൊണ്ടും ശൗര്യം കൊണ്ടും പറ്റുന്നിടത്തോളം നിറയുന്നിടത്താണ് സിനിമ കയ്യടി വാങ്ങിക്കൂട്ടുന്നത്. പലയിടങ്ങളിലും അടിപതറേണ്ട സാഹചര്യങ്ങളെ തന്റെ മാനറിസങ്ങളും അനുഭവസമ്പത്തും കൊണ്ട് മോഹൻലാൽ ഫിൽ ചെയ്യുന്നതായി പ്രേക്ഷകർക്കും അനുഭവവേദ്യമാകും. 'ആശാൻ' എന്ന വേഷത്തോടെ ഏറെ നാളുകൾക്ക് ശേഷം ഹരീഷ് പേരടിക്ക് മലയാള സിനിമ ഒരു ഗംഭീര കഥാപാത്രത്തെ സമ്മാനിച്ചിരിക്കുന്നു. കുടിലത നിറഞ്ഞ ചമതകനായി ഡാനിഷ് സേട്ടും പ്രതീക്ഷ നൽകിയ കഥാപാത്രമായി മാറി.
advertisement
ഇനിയെന്ത്, ഇനിയെന്ത് എന്ന് സ്വയം ചോദിച്ചു ചോദിച്ചു പോകുന്ന പ്രേക്ഷകർക്ക്, 'കൺകണ്ടത് പൊയ്, കാണ പോകുന്നത് നിജം' എന്ന് അടിക്കടിയുള്ള വാലിബന്റെ ഡയലോഗ് എന്തെന്ന് മനസ്സിലാവാൻ ക്ളൈമാക്സ് വരെ അക്ഷമരായി ഇരിക്കുകയേ നിവർത്തിയുള്ളൂ. ഒരു മുത്തശ്ശിക്കഥ എന്നോണം കണ്ടിരിക്കാവുന്ന ചിത്രം രണ്ടാം ഭാഗത്തിന് വഴുതുറക്കും എന്ന ക്ളൈമാക്‌സവും ചിത്രം നൽകുന്ന ഏറ്റവും വലിയ 'നിജം'.
മലയാളം വാർത്തകൾ/ വാർത്ത/Film/
Malaikottai Vaaliban review | സാങ്കേതികതയുടെ ഉരുക്കു കോട്ട കൊണ്ട് കെട്ടിയ വാലിബൻ; കണ്ടത് എല്ലാമേ നിജമാ? 'മലൈക്കോട്ടൈ വാലിബൻ' റിവ്യൂ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement