ഹൃദയത്തിൽ തൊടുന്ന വാക്കുകളിൽ ഇന്നസെന്‍റിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി തന്‍റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…
ഞായറാഴ്ച രാത്രി 10.30ഓടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നസെന്‍റ് അന്തരിച്ചത്. സിനിമാ അഭിനയത്തിന് പുറമെ നിര്‍മ്മാതാവും മുന്‍ ലോക്സഭാ അംഗമായിരുന്നു . മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്‍റായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor innocent, Innocent, Innocent passes away, Mohanlal