‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ മുഴുവൻ സീരിസും ഒറ്റ ഇരിപ്പിൽ കാണാൻ സാധിക്കുന്നവർക്ക് 1,000 ഡോളർ (ഏകദേശം 80,000 രൂപ) നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ഫിനാൻഷ്യൽ വെബ്സൈറ്റായ ഫിനാൻസ്ബസ് (FinanceBuzz).
രണ്ട് ആഴ്ചകളിലായി 20 മണിക്കൂറിലധികം ചെലവഴിച്ച് ഈ ഫ്രാഞ്ചൈസിയിലെ മുഴുവൻ സിനിമയും കണ്ട് തീർക്കാൻ പറ്റിയ വ്യക്തികളെയാണ് വെബ്‌സൈറ്റ് തിരയുന്നത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ ഓരോ സിനിമയിലും ചിത്രീകരിച്ചിരിക്കുന്ന ഓരോ കാർ അപകടം മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ സൂക്ഷ്മമായി ട്രാക്ക് ചെയ്യുക എന്നതാണ് തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥിയുടെ ജോലി. മെയ് 19-ന് പുറത്തിറങ്ങാനിരിക്കുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ പുതിയ സീരിസായ ‘ഫാസ്റ്റ് എക്സ്’ ഉൾപ്പെടെയാണ് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ കാണേണ്ടത്.
സീരിസിലെ, ഓരോ വാഹനാപകടവും രേഖപ്പെടുത്തുകയും, സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും വണ്ടികൾ തമ്മിൽ കൂട്ടിയിടികളിൽ ഉൾപ്പെട്ട വാഹനങ്ങൾ ഏതാണെന്ന് ഇവർ തിരിച്ചറിയുകയും കുറിച്ചുവെക്കുകയും വേണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയും സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്ന അപകടങ്ങളുടെ ആവൃത്തി കാലക്രമേണ കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ടോ എന്ന് നിർണ്ണയിക്കുകയും വേണമെന്ന് ഫിനാൻസ്ബസ് പറഞ്ഞു.
‘മെയ് 19 ന് ഫാസ്റ്റ് എക്സിന്റെ റിലീസിന് മുന്നോടിയായി, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ 10 സിനിമകളും കാണുന്നതിനായി ഞങ്ങൾ ഒരാളെ തേടുകയാണ്’, വെബ്സൈറ്റ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. 20 മണിക്കൂറിലധികം സമയമാണ് ഇതിനായി വേണ്ടി വരുന്നത്. ഈ സമയത്ത് ഫ്രാഞ്ചൈസിയിലെ എല്ലാ കാർ അപകടങ്ങൾ മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ ട്രാക്ക് ചെയ്യുകയും വേണം.
അശ്രദ്ധമായ ഡ്രൈവിംഗിന്റെ ആഘാതം എത്രത്തോളമെന്ന് കണക്കാക്കാൻ ഞങ്ങളുടെ ടീം നിങ്ങളുടെ കണ്ടെത്തലുകൾ ഉപയോഗിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,000 ഡോളറിന് പുറമെ സ്ട്രീമിംഗ് ഫീസ്, സിനിമാ ടിക്കറ്റുകൾ, ലഘുഭക്ഷണങ്ങൾ എന്നീ ചെലവുകൾക്കായി 100 ഡോളർ അധികമായി ലഭിക്കും. ഇതിന് പുറമെ ഇത് ‘കുടുംബത്തിന്റെ മൂല്യം എന്താണെന്ന് നമ്മളെ പഠിപ്പിക്കുമെന്നും’ വെബ്‌സൈറ്റ് പറയുന്നു. ഇതിൽ വിജയിക്കുന്നവരുടെ കണ്ടെത്തലുകൾ വരാനിരിക്കുന്ന ഒരു സ്റ്റോറിയിൽ ഉൾപ്പെടുത്താൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ളവർക്ക് മാത്രമെ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. താൽപ്പര്യമുള്ളവർക്ക് മെയ് 19 മുമ്പ് വരെ അപേക്ഷകൾ സമർപ്പിക്കാൻ സമയമുണ്ട്. തിരഞ്ഞെടുത്ത വിജയിയെ മെയ് 26-നകം വിവരം അറിയിക്കുമെന്നും വെബ്‌സൈറ്റ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fast and Furious, Web series