നെറ്റിയിൽ പരിക്കുമായി വിവാഹവേഷത്തിൽ നിൽക്കുന്ന വരനും പരിക്കേതുമില്ലാതെ നിൽക്കുന്ന വധുവും. ‘അടി’യിൽ (Adi movie) നിന്നും ആദ്യമായി പുറത്തുവന്നത് ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയുടെയും ഈ ലുക്കാണ്. ‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി’ എന്ന ബിൽഡപ്പുമായി വന്ന തല്ലുമാലയുടെ വേറൊരു പതിപ്പാണോ സംഗതി എന്നൊക്കെ ഇരുത്തി ചിന്തിച്ചവർക്ക് മുന്നിലേക്ക് മേൽപ്പറഞ്ഞ ഗണത്തിൽ ഉൾപ്പെടാത്ത, കല്യാണം കഴിഞ്ഞു വീട്ടിലേക്കെത്തും മുൻപേ തുടങ്ങുന്ന അടിയും അതിന്റെ ‘തിരിച്ചടി’ പരമ്പരയുമായി ഒരടിപൊളി ‘അടി’ക്കാഴ്ച്ചയായി മാറും ഈ ചിത്രം.
സ്വന്തം വിവാഹത്തിനായി ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന സജീവ് നായർ എന്ന നന്ദുവും ഗീതികയും വിവാഹം കഴിക്കുന്ന മണിക്കൂറിൽ പ്രശ്നങ്ങൾ അടിയുടെ രൂപത്തിൽ ഉടലെടുക്കുന്നു. ഇവരുടെ വിവാഹജീവിതത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് ചിത്രത്തിനാധാരം. ദമ്പതികളുമായി ബന്ധപ്പെട്ട അടി എന്ന് പറഞ്ഞാൽ, ഭാര്യാഭർത്താക്കന്മാർ തമ്മിലടി എന്ന കൺസെപ്റ്റിന് പുറത്ത് ചിന്തിച്ചാൽ ബിൽഡപ്പിന്റെ അകമ്പടിയില്ലാതെ ഒരു മലയാള ചിത്രം ചമയ്ക്കാം ഇന്നിവിടെ നോക്കിയാൽ മനസിലാകും. ചെറിയ ക്യാൻവാസിൽ തീർത്ത ഫാമിലി ഡ്രാമ എന്ന് ‘അടി’യെ വിശേഷിപ്പിക്കാം.
തുടരെത്തുടരെ ടൈപ്പ്‌കാസ്റ് മാനറിസങ്ങൾ കടന്നുവരുന്നുവെന്ന വിമർശനങ്ങളുടെ ഒത്തനടുവിൽ നിൽക്കവേ എത്തിയ ഷൈൻ ടോം ചാക്കോ ചിത്രമെന്ന നിലയിൽ ‘അടി’ വിലയിരുത്തപ്പെടാൻ സാധ്യത കൂടുതലാണ്. നായിക അഹാന കൃഷ്ണയ്ക്കാകട്ടെ, ‘ലൂക്ക’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന അടുത്ത ചിത്രവും.
പുരുഷനായാൽ തന്റേടിയാകണം, സ്ത്രീയുടെ സംരക്ഷകനാകണം തുടങ്ങിയ ധാരണകളുടെ പൊളിച്ചെഴുത്താണ് സജീവ് നായർ. വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിയിൽ പ്രവേശിക്കും മുൻപേ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന അബലയായ സ്ത്രീ ഭർത്താവിന്റെ നിഴലിനു പിന്നിൽ ഒളിച്ചു നിന്നോളും എന്ന മിഥ്യാധാരണയെ ഗീതികയും മാറ്റിക്കുറിക്കും.
അവസരോചിതമായി പെരുമാറാൻ അറിയാത്ത, ഇല്ലാത്ത ധൈര്യം പ്രദർശിപ്പിക്കുന്ന, മനുഷ്യ സഹജമായ ഭയപ്പാപ്പടുകളും ചാപല്യവും നിറഞ്ഞ വ്യക്തിത്വമാണ് സജീവ്. ക്യാരക്ടർ വേഷങ്ങൾ നന്നായി ഡീൽ ചെയ്ത പരിചയത്തിൽ ഷൈൻ ടോം ചാക്കോ ഇവിടെയും പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നില്ല.
സിനിമയുടെ ഏറിയ പങ്കും വെറുമൊരു നവവധുവായി, യുവവീട്ടമ്മയായി തോന്നുന്ന വ്യക്തിയാണ് ഗീതിക. ക്ളൈമാക്സ് എത്തുമ്പോൾ, അധികം ലോകംകണ്ട് പരിചയമില്ലെങ്കിലും, ഒരു സ്ത്രീ വിചാരിച്ചാൽ പുരുഷന്മാർ പോലും ഭയപ്പെടുന്നിടത്തേക്ക് കടന്നു ചെല്ലാനും പ്രശ്നങ്ങൾക്ക് തീർപ്പു കല്പിക്കാനും സാധിക്കും എന്ന് തെളിയിച്ച ധൈര്യശാലിയായി അഹാന ഗീതികയെ മനോഹരമാക്കി. ഇത്രനാളും അഹാന ചെയ്ത സ്ട്രോങ്ങ് അല്ലെങ്കിൽ മോഡേൺ വേഷങ്ങളിൽ നിന്നും തീർത്തും വേറിട്ട് നിൽക്കുന്ന നാടൻ കഥാപാത്രമാണ് ഗീതിക. ഏതു വേഷവും തനിക്കിണങ്ങും എന്ന് തെളിയിക്കാൻ ലഭിച്ച അവസരത്തെ അഹാന നല്ല രീതിയിൽ കൈകാര്യം ചെയ്തു.
ഏറെ നാളുകൾക്കു ശേഷം നടൻ ധ്രുവന് ലഭിച്ച ശ്രദ്ധേയ വേഷമാണ് ഗുണ്ടാ കഥാപാത്രമായ ‘വെള്ളപ്പട്ടർ’ എന്ന് വിളിപ്പേരുള്ള ജോബി വർഗീസ്. ഈ നെഗറ്റീവ് വേഷം നായികാ നായകന്മാർക്കൊപ്പം ആദ്യാവസാനം പിടിച്ചുനിൽക്കാൻ കെൽപ്പുള്ളതാണ്. നായികയും നായകനും വില്ലനും തമ്മിൽ ഏറ്റുമുട്ടുന്ന രംഗം സിനിമയുടെ ഹൈലൈറ്റാണ്.
മനസ്സിനെ അലോസരപ്പെടുത്തുന്ന രംഗങ്ങൾ നിറഞ്ഞ ‘ലില്ലി’ എന്ന ആദ്യ ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അടി’ കുടുംബ പ്രേക്ഷകരെ ലക്ഷ്യംവെക്കുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സിനിമകളുടെ സ്ഥിരം ഫീൽ ഗുഡ് പാറ്റേണിൽ ഉൾപ്പെടില്ലെങ്കിലും, ഒരു പുത്തൻ കാഴ്ചപ്പാടിലെ ‘അടി’ കാണാൻ കേറിയാൽ കുടുംബ പ്രേക്ഷകർക്ക് നിരാശരാവാതെ മടങ്ങാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adi movie, Ahaana Krishna, Shine Tom Chacko