HOME /NEWS /Film / ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് 'ഏജന്റ്'; നടന്‍ അഖില്‍ അക്കിനേനി ദുബായിലേക്ക് പറന്നെന്ന് റിപ്പോർട്ട്

ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് 'ഏജന്റ്'; നടന്‍ അഖില്‍ അക്കിനേനി ദുബായിലേക്ക് പറന്നെന്ന് റിപ്പോർട്ട്

അഖിൽ അക്കിനേനി

അഖിൽ അക്കിനേനി

സിനിമയിലെ മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി പേരാണ് അഖിലിനെ വിമര്‍ശിച്ചത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഏജന്റ് (Agent movie) എന്ന ചിത്രത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നടനാണ് അഖില്‍ അക്കിനേനി (Akhil Akkineni). വിമര്‍ശനങ്ങള്‍ക്കിടെ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ കണ്ടത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

    ഇദ്ദേഹം ദുബായിലേക്ക് പോയെന്നാണ് ചില മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഏജന്റ് സിനിമ ബോക്‌സ് ഓഫീസ് പരാജയമായതോടെയാണ് നടന്‍ അവധിക്കാലം ആഘോഷിക്കാന്‍ ദുബായിലേക്ക് പറന്നുവെന്ന വാര്‍ത്തകള്‍ വന്നത്.

    ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. സിനിമയിലെ മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി പേരാണ് അഖിലിനെ വിമര്‍ശിച്ചത്. പല സെലിബ്രിറ്റികളെയും പോലെ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഒരു ബ്രേക്ക് എടുക്കാന്‍ താരം ദുബായിലേക്ക് പോയെന്നാണ് സിനിമാ ആരാധകരുടെ പക്ഷം.

    സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. 10 കോടി പോലും നേടാന്‍ ചിത്രം പാടുപെടുകയാണ്. അഖിലിന്റെ കരിയറിലെ വന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നു ഏജന്റ്. ചിത്രത്തിനായി ഏകദേശം രണ്ട് വര്‍ഷത്തോളമാണ് അദ്ദേഹം അധ്വാനിച്ചത്. മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തിച്ചിട്ടും ആരാധകരെ രസിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

    അതേസമയം, ചിത്രം ഒരു പൂര്‍ണ്ണപരാജയമാണെന്ന് നിര്‍മ്മാതാവ് അനില്‍ സുങ്കരയും സമ്മതിച്ചു. ഒരു നല്ല സ്‌ക്രിപ്റ്റ് ഇല്ലാതെ ഒരു പ്രോജക്ട് ആരംഭിക്കുന്നത് വലിയ അബദ്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

    “ഏജന്റ് എന്ന ചിത്രത്തിന് മേലുള്ള എല്ലാ വിമര്‍ശനവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. കയറ്റിറക്കമുള്ള ജോലിയാണിതെന്ന് ഞങ്ങള്‍ക്ക് അറിയാം. കീഴടക്കാമെന്നാണ് വിചാരിച്ചത്. ഒരു കൃത്യമായ സ്‌ക്രിപ്റ്റ് ഇല്ലാതെ പ്രോജക്ട് ആരംഭിച്ചത് മണ്ടത്തരമായിപ്പോയി. കോവിഡ് ഉള്‍പ്പടെ വേറെയും ചില കാരണങ്ങള്‍ പരാജയത്തിന് കാരണമായി,” അനില്‍ സുങ്കര ട്വിറ്ററില്‍ കുറിച്ചിരുന്നു.

    തെറ്റിന് മാപ്പ് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഈ തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ വിശ്വസിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.

    അതേസമയം, മകനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അമല അക്കിനേനിയും രംഗത്തെത്തി. ഏജന്റ് എന്ന ചിത്രത്തിന് അതിന്റേതായ തെറ്റ് കുറ്റങ്ങള്‍ ഉണ്ടായിരിക്കാമെന്നും എന്നാൽ തുറന്ന മനസ്സോടെ നിങ്ങള്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നുമെന്നും അമല ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

    “ഞാന്‍ കഴിഞ്ഞ ദിവസം ഏജന്റ് കണ്ടു. സിനിമ ഞാന്‍ വളരെയധികം ആസ്വദിച്ചു. അതിന് പോരായ്മകള്‍ ഉണ്ടെങ്കിലും തുറന്ന മനസ്സോടെ അതൊന്ന് കാണാന്‍ ശ്രമിക്കൂ. നിങ്ങള്‍ അതിയശപ്പെട്ടുപോകും. ഞാന്‍ പോയ സിനിമാ തിയേറ്റര്‍ നിറയെ ആളുകളുണ്ടായിരുന്നു. പകുതിയും സ്ത്രീകളും, മുത്തശ്ശിമാരും, അമ്മമാരും അവരുടെ ഭര്‍ത്താക്കന്‍മാരും മക്കളുമൊക്കെയായിരുന്നു. ഓരോ ആക്ഷന്‍ രംഗങ്ങള്‍ വരുമ്പോഴും കൈയ്യടിയും കേട്ടിരുന്നു. അടുത്ത പ്രോജക്ട് ഇതിലും വലുതും മികച്ചതുമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അമല പറഞ്ഞു.

    സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴും ബോക്‌സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഏജന്റിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അഖില്‍ അക്കിനേനി മമ്മൂട്ടി എന്നിവരെ കൂടാതെ ദിനോ മോറിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    First published:

    Tags: Agent movie, Akhil Akkineni, Telugu Cinema