• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES BIRIYAANI MOVIE REVIEW KANI KUSRUTI SAJIN BAABU

Biriyaani review | ബിരിയാണി: കാണാപ്പുറങ്ങളിലൂടെയുള്ള ഒറ്റയാൾ സഞ്ചാരം

Biriyaani movie full review | പുറംലോകം അറിയാത്ത പാതയിലൂടെ ചൂട്ടുമേന്തിയുള്ള ഒറ്റയാൾ സഞ്ചാരം. 'ബിരിയാണി' റിവ്യൂ

ബിരിയാണി

ബിരിയാണി

  • Share this:
ഭർത്താവിന്റെ ഇംഗിതത്തിന് നിശബ്ദയായി, നിർവികാരയായി കീഴടങ്ങിയ ഖദീജയിൽ നിന്നും 'ബിരിയാണിയുടെ' ക്യാമറ ചലിച്ചു തുടങ്ങുന്നു. വികാരങ്ങൾ നഷ്‌ടപ്പെട്ട ആ മുഖം ഇരയാക്കപ്പെട്ടവളുടെ, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ടവളുടേതാണോ എന്ന് പ്രേക്ഷകൻ ചിന്തിച്ചു തുടങ്ങുന്നയിടത്തു നിന്നും, അവളിലേക്ക്‌ വെളിച്ചം വീശുന്ന തിരിച്ചറിവിന്റെ ആദ്യ ചലനങ്ങൾ ആരംഭിക്കുകയായി.

അതേ കിടക്കയിൽ തന്നിലെ സ്വാതന്ത്ര്യം ആസ്വദിക്കുന്ന അവൾക്ക് ഭർത്താവിൽ നിന്നും നീരസം നിറഞ്ഞ ഒരു നോട്ടമാണ് പ്രതിഫലം. ഖദീജ അങ്ങനെയാണ്. സാഹചര്യമേതായാലും തന്നിലേക്ക് എത്തിച്ചേരാമെന്ന ഒരു മനോധൈര്യം അവളിൽ നിക്ഷിപ്തം. അതാണ് അവളുടെ നിലനിൽപ്പ് സമരവും, ജീവിതവും.

സാധാരണ വീട്ടമ്മയായ ഖദീജ വിവാഹിതയും ഒരു മകന്റെ അമ്മയുമാണ്. അവളുടെ ലോകത്ത് പിന്നെയുള്ളത് ഭർത്താവിനെ നഷ്‌ടപ്പെട്ട്‌ മനോനില തെറ്റിയ അമ്മയും. കടൽത്തീരത്ത് താമസമാക്കിയ അമ്മയ്ക്ക് തുണ ഖദീജയാണ്, പിന്നെയങ്ങോട്ട്, ഈ അമ്മയും മകളും പരസ്പരം ഇരുവർക്കും താങ്ങും തണലുമാവുന്ന കാഴ്ചയിലേക്ക് പ്രേക്ഷകർക്കും ഒപ്പം കൂടാം.

വിമാനം പറത്താനും ഡാൻസ് ടീച്ചർ ആവാനും സ്വപ്നം കാണുന്ന പെൺകുട്ടികളുടെ കഥ പരിചയിച്ച മലയാള സിനിമയിൽ, ഖദീജയ്ക്ക് തുല്യം ഖദീജ മാത്രമാണ്. സ്വപ്നംകണ്ട പോലുള്ള ജീവിതം ആഗ്രഹിക്കുകയോ, വലിയ സ്വപ്നങ്ങളുടെ ഉടമയാവുകയോ ഒന്നുമല്ല അവർ.

അതുവരെയുള്ള അവളുടെ comfort zoneൽ നിന്നും ഖദീജയിൽ ആദ്യ കൊടുങ്കാറ്റ്‌ വീശുന്നത് അനുജനെക്കുറിച്ച് വരുന്ന പത്രവാർത്തയിലൂടെയാണ്. വിദേശ ജോലിക്കെന്ന് പറഞ്ഞ് പുറപ്പെട്ട അയാൾ, ഭീകരവാദ സംഘടനയിലെ കണ്ണിയായി മാറിയെന്ന കാര്യം അവളും ഉമ്മയും അറിയുന്നതും ആ വാർത്തയിലൂടെയാണ്.

കാലിൻചുവട്ടിലെ മണ്ണും, തലയ്ക്കുമുകളിലെ കൂരയും, ഭാര്യയും അമ്മയും എന്ന പദവിയും എല്ലാം അവളിൽ നിന്നും അകന്നുമാറാൻ പിന്നെ അധികം താമസമില്ല.

അവളുടെ യാത്രയും തീരുമാനങ്ങളും ഒന്നും മുൻകൂട്ടി നിശ്ചയിച്ചവയല്ല, പരിചയിച്ചതല്ല. തീരുമാനിച്ചുറപ്പിച്ച നിലപാടുകളുള്ള ഖദീജയെ എന്നിരുന്നാലും കാണാം, ക്ഷമയുണ്ടെങ്കിൽ.ആ കാത്തിരിപ്പിനിടെ കാണുന്ന കാഴ്ചകൾ നിങ്ങളുടെ മനസ്സിനെ പ്രക്ഷുബ്‌ധമാക്കാം, അലോസരപ്പെടുത്താം, ഇതെങ്ങോട്ടാണ് ഇവളുടെ ലക്‌ഷ്യം എന്ന് ചിന്തിക്കാം അതുമല്ലെങ്കിൽ ഇവൾ എന്തും ഭാവിച്ചെന്ന് ചിന്തിക്കാം. ക്ളൈമാക്സ് രംഗം പ്രക്ഷുബ്ധതയുടെ പരകോടിയിലേ അവസാനിക്കൂ. ഒരിക്കൽ സംവിധായകൻ പറഞ്ഞതുപോലെ 'ഇനി ചിലപ്പോൾ ബിരിയാണി കഴിക്കാൻ പോലും തോന്നിയേക്കില്ല'.

കാലം പരിക്കേൽപ്പിച്ച ഖദീജയുടെ മുഖത്ത് ഒരു ജീവിതം പൂർണ്ണതയോടെ ജീവിച്ചു തീർത്തതിന്റെ ഭാവഭേദങ്ങളില്ല. എപ്പോഴെല്ലാമോ ചിരിക്കുമ്പോൾ പോലും അതിനെ സന്തോഷമെന്ന് വ്യാഖ്യാനിക്കുക പ്രയാസം.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിയുടെ പേര് ഇതുവരെയും പറയാത്തതിന്റെ കാരണവും ഇതെല്ലാമാണ്. കനി എങ്ങോ പോയിമറഞ്ഞ്, ഖദീജ മാത്രമാണ് ബിഗ് സ്‌ക്രീനിൽ ജീവിക്കുന്നത്. ഒരു 'ഷീറോ' എന്ന പതിവ് പല്ലവിയിൽ ഈ കഥാപാത്രത്തെ വിളിക്കാമോ എന്നറിയില്ല. അത്തരം വൈകാരിക തീവ്രതയും ചടുലതയും എന്നതിനപ്പുറം ഒരു ഡെഫിനിഷൻ തീർത്തിരിക്കുകയാണ് കനി ഇവിടെ.

ഖജീജയുടെ ഉമ്മ സുഹറയുടെ വേഷം ചെയ്ത ശൈലജ ജലയുടെ പ്രകടനം മനസ്സിൽ പലയിടങ്ങളിലും സ്പർശിച്ചു മാത്രമേ കടന്നു പോകൂ.

ഈ ഫോർമാറ്റിലെ ഫെമിനിസ്റ്റ് ചിത്രങ്ങൾ ഇവിടെ അനിവാര്യമായിരിക്കുന്നു. ഒരു തൊഴിൽ പോലും അഭ്യസിച്ചിട്ടില്ലാത്ത പെണ്ണ്, ഇനി സമൂഹത്തിൽ ഒരു തൊഴിൽ ലഭിച്ചാൽ പോലും വേട്ടയാടപ്പെടാൻ സാധ്യതയുള്ള പെണ്ണ്, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കയ്യിൽ കാലണ പോലുമില്ലാതെ, ചാരിനിൽക്കാൻ ഒരു തൂണിന്റെ ബലം പോലുമില്ലാതെ അതിജീവിക്കുന്നതെങ്ങനെ? അവളോട് ആരെല്ലാമാണ് മറുപടി നൽകേണ്ടത്? എന്താണ് അവളുടെ പ്രതികാരം?

സ്ത്രീ കേന്ദ്രകഥാപാത്രത്തിലൂടെ, സമൂഹത്തിലെ ഒരു വലിയ കാണാപ്പുറം തുറന്നു കാട്ടിയ സംവിധായകൻ സജിൻ ബാബു തന്നെയാണ് ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാത്ത 'ബിരിയാണിയിലെ' ഹീറോ. പത്രവാർത്തകളിൽ നിന്നും സ്ക്രീനിലേക്ക് പറിച്ചുനടപ്പെടുന്ന ബിഗ് സ്ക്രീൻ കഥകളുടെ ലോകത്ത്, ഒരു തലക്കെട്ടും കാണിച്ചതരാത്ത വഴിയിലൂടെയുള്ള ചൂട്ടുമേന്തിയുള്ള ഒറ്റയാൾ സഞ്ചാരമാണ് സജിൻ ബാബുവിന്റേത്.

ഇടയ്ക്ക് പത്രവാർത്തയിലെ ചിത്രങ്ങളുടെ കൂട്ടത്തിൽ ഖദീജയുടെ സഹോദരനായി ആ മുഖം മിന്നിമറയുന്നുണ്ട്. സജിന്റെ കന്നി ചിത്രം 'അസ്തമയം വരെ' (Unto the Dusk) മനസ്സിനുള്ളിൽ മറ്റൊരു രീതിയിൽ ഇളക്കിമറിച്ചിലുകൾ നടത്തിയ ചിത്രമായിരുന്നു. അതിലും തീവ്രമായി സംവിധായകന്റെ craftsmanship ചിന്തേരിട്ടു മിനുക്കിയ ചിത്രമാണ് 'ബിരിയാണി'.

അന്താരാഷ്ട്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ബിരിയാണി' കേന്ദ്ര ചലച്ചിത്ര പുരസ്കാരം വരെ എത്തിനിൽക്കുമ്പോൾ, ഈ ചിത്രം നിർമ്മിക്കപ്പെട്ട കേരളത്തിലെ ജനതയുടെ ഇടയിലേക്ക് എത്രമാത്രം ഇറങ്ങിച്ചെന്നു എന്നറിയാൻ 'ബിരിയാണി' പ്രയാണം തുടങ്ങുന്നു.
Published by:Meera Manu
First published:
)}