വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'പത്തൊൻപതാം നൂറ്റാണ്ടിൽ' നിന്നും നടൻ സുദേവ് നായരുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. സിജു വിത്സൺ, അന്യഭാഷാ നായിക കയാദു ലോഹർ എന്നിവരാണ് നായികാനായകന്മാർ. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ചരിത്ര കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുക. തിരുവിതാംകൂർ സേനയിലെ രണ്ടാം പടനായകൻ പടവീടാൻ നമ്പി എന്ന വേഷം ചെയ്യുന്നത് നടൻ സുദേവ് നായരാണ്. സിനിമയിലെ സുദേവന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.
പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് സംവിധായകൻ കുറിച്ച വാക്കുകൾ ചുവടെ:
"സുദേവ് നായർ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടൻ നമ്പി തിരുവാതാംകൂർ സേനയിലെ രണ്ടാം പടനായകനാണ്. തന്റെ അധികാരത്തിൻെറ ഗർവ്വ് സാധാരണക്കാരന്റെ പുറത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥരുടെ താൻപ്രമാണിത്വം ഏതു കാലഘട്ടത്തിലും ഉള്ളതാണല്ലോ? തീണ്ടലും തൊടീലും ഒക്കെ നില നിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യ കാലത്ത് ജീവിച്ച അത്തരം ഒരു പട്ടാള മേധാവിയായിരുന്നു പടവീടൻ നമ്പി.
പക്ഷേ അയാളുടെ അഹങ്കാരത്തെയും ഒൗദ്യോഗിക ഗർവ്വിനേയും തെല്ലു പോലും കൂസാതെ എതിരിട്ടു നിന്ന ഒരു പോരാളി അന്നുണ്ടായിരുന്നു... അതാണ് ആറാട്ടു പുഴ വേലായുധപ്പണിക്കർ... അധികാരത്തിൻെറ ശക്തികൊണ്ടും അസാമാന്യ കായികബലം കൊണ്ടും ആരോടും ആജ്ഞാപിച്ചു മാത്രം ശീലിച്ച ഒരു അസാധാരണ വ്യക്തിയായിരുന്നു പടവീടൻ നമ്പി.. നമ്പിയും വേലായുധനും തമ്മിൽ ഏറ്റു മുട്ടിയപ്പോഴൊക്കെ ഒരു യുദ്ധകാഹളം അന്നാട്ടിൽ മുഴങ്ങിയിരുന്നു... സുദേവ് അതിമനോഹരമാക്കിയിരിക്കുന്നു പടവീടൻ നമ്പിയേ..."
ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്‍റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയൻ വ്യക്തമാക്കിയിരുന്നു.
എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്‌വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.