അടുത്ത വർഷം പുതിയ ചിത്രവുമായി വരാമെന്നറിയിച്ച് ദിലീഷ് പോത്തൻ. ഒരിടവേളയ്ക്ക് ശേഷം 'ജോജി' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് ഇദ്ദേഹം. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നാണ് അടുത്ത 'സംവിധാന ശ്രമം' പ്രഖ്യാപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ദിലീഷ് കുറിച്ചത്. മുൻ ചിത്രങ്ങൾക്ക് നൽകിയ പ്രോത്സാഹനം നന്ദിയോടെ ഓർക്കുന്നുവെന്നും അടുത്ത വർഷം ജോജിയുമായി വരാം എന്നും അറിയിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.
നിരവധി ചിത്രങ്ങളിൽ സംവിധാന സഹായി ആയി തുടക്കം കുറിച്ച ദിലീഷ് പോത്തൻ 'മഹേഷിന്‍റെ പ്രതികാരം'എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. വളരെയധികം പ്രശംസ പിടിച്ചു പറ്റിയ ചിത്രം ദേശീയ-അന്തർദേശീയ തലത്തില്‍ പുരസ്കാരങ്ങളും നേടിയിരുന്നു. തുടർന്ന് സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രവും പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. ഈ ചിത്രവും സംസ്ഥാന-ദേശീയ തലത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയിരുന്നു.
സംവിധായകന് പുറമെ തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങിയ നിലയിലും ശ്രദ്ധേയനാണ് ദിലീഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.