• HOME
  • »
  • NEWS
  • »
  • film
  • »
  • പ്ലസ് സൈസ് നായിക മലയാളത്തിൽ, ഡോണ്ട് യു ലൈക്?

പ്ലസ് സൈസ് നായിക മലയാളത്തിൽ, ഡോണ്ട് യു ലൈക്?

ഭൂമി പെഡ്നേക്കറിനും അനുഷ്‌ക ഷെട്ടിക്കും ഒപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ, ഇതാ, മലയാളത്തിൽ നിന്നും പുതുമുഖ നായിക ഷിബ്‌ല. പ്ലസ്-സൈസിലും, സൈസ് സീറോയിലുമല്ല, ആത്മവിശ്വാസത്തിലാണ് കാര്യമെന്ന് ഷിബ്‌ല തെളിയിക്കും

ഷൂട്ടിങ്ങിനിടയിലെ ഷിബ്‌ലയുടെ ലുക് (L), ഇപ്പോഴത്തെ ലുക്

ഷൂട്ടിങ്ങിനിടയിലെ ഷിബ്‌ലയുടെ ലുക് (L), ഇപ്പോഴത്തെ ലുക്

  • Last Updated :
  • Share this:
#മീര മനു

മെലിഞ്ഞുണങ്ങിയ വടിവൊത്ത ശരീരവുമായി ആദ്യമായി വെള്ളിത്തിരയിൽ അരങ്ങേറുക. വാർത്തകളിൽ സ്ഥിരം നിറയാറുള്ള വെയ്റ്റ് ലോസ് കഥകളും ടിപ്പുകളും വായിച്ച്‌ ഹർഷോന്മത്ത പുളകിതരാവാത്ത തരുണീമണികൾ ചുരുക്കം എന്ന് വേണമെങ്കിൽ പറയാം. പോരെങ്കിൽ ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഒരു കൈ പരീക്ഷിക്കാനും റെഡി ആണ് ഇവരിൽ ഏറിയ പങ്കും. ഉണ്ണിയപ്പത്തിലും ഏത്തക്കാപ്പത്തിലും തുടങ്ങി ചിക്കൻ ഫ്രൈയെയും, പിസയെയും, ബർഗറിനെയും വരെ പടിക്കു പുറത്താക്കി സായൂജ്യം അടയാം. ഇതിനൊക്കെ മുതിരുമെങ്കിൽ നിങ്ങൾ ഷിബ്‌ലയെ തീർച്ചയായും പരിചയപ്പെടണം. ഫാറ്റ് ഷെയ്‌മിങ്ങും ബോഡി ഷെയ്‌മിങ്ങും പടപൊരുതി വിജയിക്കുന്നവർക്ക് മാതൃകയാവുകയാണ് ഈ പുതുമുഖ താരം.

കാന്തി എന്ന കഥാപാത്രമായി ഷിബ്‌ല


വർഷങ്ങളായി ക്യാമറക്കു മുന്നിൽ കണ്ടു പരിചയിച്ച ഷിബ്‌ലയുടെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത, ആസിഫ് അലി ചിത്രം
O.P.160/18 കക്ഷി അമ്മിണിപിള്ളയിലാണ് ഷിബ്‌ലയുടെ അരങ്ങേറ്റം. എന്നാൽ ആദ്യ പടത്തിനു വേണ്ടി ഷിബ്‌ല ചെയ്തതിതാണ്. ഇഷ്ടമുള്ളതെല്ലാം കഴിച്ചും വ്യായാമത്തിന് 'നോ' പറഞ്ഞും കന്നി ചിത്രത്തിനായി ഒറ്റയടിക്ക് 20 കിലോ ശരീരഭാരം വർധിപ്പിച്ച്‌ ഞെട്ടിച്ചു. ഭൂമി പെഡ്നേക്കർ ഒക്കെ അങ്ങ് ബോളിവുഡിൽ മാത്രമല്ല, ഇങ്ങ് കേരളത്തിലും ഉണ്ടെന്നു പറയുകയാണ് ഷിബ്‌ല.

കേരളത്തിലെ പ്രമുഖ അവതാരകയായിരുന്നു സിനിമയിൽ എത്തും വരെയുള്ള ഷിബ്‌ല. ആ മുഖം പ്രമുഖ ചാനലുകളിലും ഷോകളിലും പല തവണ നമ്മൾ കണ്ടതുമാണ്. എണ്ണംപറഞ്ഞ പരിപാടികൾക്ക് ഷിബ്‌ല ആങ്കർ ആയിട്ടുണ്ട്. ജോലിയും, വിവാഹവും, മകന്റെ പരിപാലനവുമെല്ലാം കൊണ്ട് തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പാറിപ്പറന്ന ഷിബ്‌ല തീർത്തും അവിചാരിതമായാണ് ചിത്രത്തിനായുള്ള ഓഡിഷനിൽ പങ്കെടുക്കുന്നത്. "പണ്ട് മുതലേ തീരെ മെലിഞ്ഞതോ, അധികം തടിച്ചതോ അല്ലാത്ത പ്രകൃതമായിരുന്നു എന്റേത്. മുഖം എപ്പോഴും 'ചബ്ബി' ആയിരുന്നു. അഭിനയ മോഹം കുറേക്കാലമായി മാറ്റി വച്ചിരുന്നപ്പോഴാണ് ഓഡിഷൻ നടക്കുന്നത്. കൂട്ടത്തിൽ ഏറ്റവും ഒടുവിൽ വിളിച്ചത് എന്നെയാണ്. 'ശരീരഭാരം കൂട്ടാമോ?' എന്നൊരു ചോദ്യം ഉണ്ടായി. ഓഡിഷൻ ചെയ്യുമ്പോൾ മീഡിയം വണ്ണമേ എനിക്കുണ്ടായിരുന്നുള്ളു. ഒരു മാസം കൊണ്ട് തന്നെ ഞാൻ ഭാരം കൂട്ടി മേക്കപ്പ് ടെസ്റ്റ് പാസ്സായി. എല്ലാവരും സിനിമക്കായി മെലിയുമ്പോൾ ഞാൻ തടിച്ചു." ഷിബ്‌ല പറയുന്നു.എന്നാൽ നായികാ പ്രാധാന്യമുള്ള വേഷമാണിതെന്ന് കേട്ടാലോ? "കാന്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഓഡിഷന് ചെന്നപ്പോൾ 'ഏതാണ്ട് കാന്തിയാണ് കേട്ടോ' എന്നാണ് ഡയറക്റ്ററും പറഞ്ഞത്. ഒരു സാധാരണ തലശ്ശേരിക്കാരി. ഭക്ഷണം ഇഷ്ടപ്പെടുന്ന, എന്നാൽ ഭക്ഷണത്തോട് ആർത്തിയില്ലാത്ത കാന്തി," കഥാപാത്രത്തെക്കുറിച്ച്‌ ഷിബ്‌ലക്ക് പറയാനുള്ളതിതാണ്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഫുൾ സപ്പോർട്ട് കൂടി ആയപ്പോൾ കാന്തിയാവാനായി ഷിബ്‌ല ട്രെഡ് മില്ലിൽ നിന്നും പടിയിറങ്ങി. സുംബാ സ്നേഹവും തല്ക്കാലം നിർത്തിവച്ചു.

മേക്കോവറിന് മുൻപ്, മേക്കോവർ ചെയ്ത ലുക്കിൽ, നിലവിലെ ലുക്


ഗർഭകാലത്ത് ഉണ്ടായിരുന്ന അതേ ശരീരഭാരത്തിലേക്കായിരുന്നു ഷിബ്‌ലയുടെ പോക്ക്. എന്നാൽ കഠിനാധ്വാനം ചെയ്ത് പ്രസവ ശേഷം ആറു മാസം കൊണ്ട് പഴയ രൂപത്തിലേക്ക് തിരിച്ചു പോയ ഷിബ്‌ലയോടാണോ കളി? ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറിയ ഒരു സമയം ഷിബ്‌ലയെ വിളിച്ചപ്പോൾ കേട്ടത്, 'ഞാൻ ഇപ്പോൾ ജിമ്മിൽ ആണെ'ന്ന മറുപടിയാണ്. പാട്ടുപാടുന്ന വേഗത്തിൽ ഷിബ്‌ല ആ 20 കിലോയോട് ബൈ പറഞ്ഞിരിക്കുന്നു! ഇവിടെയും ഭൂമിക്കൊപ്പം കട്ടക്ക് പിടിച്ചു നീക്കുകയാണ് ഷിബ്‌ല. ആദ്യ ചിത്രം 'ദും ലഗാ കെ ഹൈഷ'ക്ക് വേണ്ടി 12 കിലോ വർദ്ധിപ്പിക്കുകയും, ശേഷം നാല് മാസം കൊണ്ട് 32 കിലോ കുറക്കുകയും ചെയ്ത ഭൂമിയുടെ വഴിയേ തന്നെയാണ് ഷിബ്‌ല. ജിം വർക്ക്ഔട്ടും, സുംബയും, പിന്നെ സുപ്രധാന ഡയറ്റും. ഡിസംബറിൽ ആരംഭിച്ച്‌ മൂന്നു മാസം കൊണ്ട് വീണ്ടും പഴയ രൂപത്തിൽ ആയിരിക്കുന്നു നമ്മുടെ പുതുമുഖ നായിക. ഇനി കാന്തിയെ കാണണമെങ്കിൽ തിയേറ്ററിൽ തന്നെ പോണം. ശേഷം സ്‌ക്രീനിൽ.

First published: