• HOME
  • »
  • NEWS
  • »
  • film
  • »
  • Lalitham Sundaram review | ജീവിതം സുന്ദരമാണ്, ലളിതവും; ലളിതം സുന്ദരം റിവ്യൂ

Lalitham Sundaram review | ജീവിതം സുന്ദരമാണ്, ലളിതവും; ലളിതം സുന്ദരം റിവ്യൂ

Lalitham Sundaram review | കടുത്ത ട്വിസ്റ്റുകളോ സസ്പെൻസോ ഫ്ലാഷ്ബാക്കുകളോ ഒന്നുമില്ലാതെ, ഒരുപക്ഷേ, ഊഹിക്കാവുന്ന പോലൊക്കെ തന്നെ സംഭവിക്കുന്ന ഒരു കൊച്ചു സിനിമ. ലളിതം സുന്ദരം റിവ്യൂ

ലളിതം സുന്ദരം

ലളിതം സുന്ദരം

  • Share this:
Lalitham Sundaram review | ജീവിതവിജയം നേടാനുള്ള നെട്ടോട്ടത്തിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും. മികച്ച വിദ്യാഭ്യാസം, ഉയർന്ന ശമ്പളത്തോടു കൂടിയുള്ള ജോലി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എല്ലാം ഒത്തുചേർന്നാൽ വിജയിച്ചു കഴിഞ്ഞു; സമൂഹത്തിന്റെ കണ്ണിൽ. സാമ്പത്തിക സുരക്ഷ പരമപ്രധാനമായി മാറിയ ഈ ജീവിതശൈലിയിൽ മറന്നുപോകുന്ന, 'പ്രയോറിറ്റി'കളിൽ ഇടമില്ലാതെ പോയ എന്തെങ്കിലും ഉണ്ടോ എന്നോർത്ത് നോക്കൂ. സമയം കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയുന്ന, എന്ത് വിലകൊടുത്താലും എവിടെയും കിട്ടാത്ത ലളിതവും സുന്ദരവുമായ ജീവിത മുഹൂർത്തങ്ങൾ നഷ്‌ടമായിട്ടുണ്ടോ? ജീവിതത്തിൽ എവിടെയോ ഒരിടത്തു വച്ച് അത്തരത്തിൽ കൂടെക്കൂടാതെ പോയ ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാലോ?

മേരിയുടെയും (സെറീന വഹാബ്) ദാസിന്റെയും (രഘുനാഥ് പലേരി) മൂന്നു മക്കൾ; സണ്ണി (ബിജു മേനോൻ), ആനി (മഞ്ജു വാര്യർ), ജെറി (അനു മോഹൻ). മുതിർന്നതും മൂന്നുപേരും ഓരോരോ ജീവിതത്തിരക്കുകളിൽ അകപ്പെട്ട്, പല നഗരങ്ങളിലായി തങ്ങളുടേതായ തിരക്കുകളും, സന്തോഷവും നൂലാമാലകളുമായി ജീവിക്കുന്നു. മക്കൾ മൂന്നുപേരെയും തന്റെയടുത്ത് കുറച്ചുനാൾ ഒന്നിച്ചു കാണണമെന്ന മോഹം ബാക്കിയാക്കി മേരി രോഗത്തോട് മല്ലിട്ട് വിടപറയുന്നു. അമ്മയുടെ ഓർമ്മദിനത്തിൽ ആറ്റിക്കുറുക്കിയെടുത്ത സമയം കയ്യില്പിടിച്ച് ഒത്തുകൂടലിനായി മക്കൾ മൂന്നുപേരും അവരുടെ കുടുംബങ്ങളുമായി ധൃതിപിടിച്ച് വന്നു ചേരുന്നു. നിനച്ചിരിക്കാതെ നീണ്ടുപോകുന്ന ഒരു അവധിക്കാല കാഴ്ചയിലേക്ക് പ്രേക്ഷകർക്കും കൂടെക്കൂടാം.ഒത്തുകൂടൽ എന്ന് കേൾക്കുമ്പോൾ, ഗൃഹാതുരത്വം അഥവാ നൊസ്റ്റാൾജിയയിൽ ആറാടിത്തിർമിർക്കുന്ന, സന്തോഷത്തിന്റെ ദിനങ്ങൾ ചിലവിടുന്ന, മൂന്നു സഹോദരങ്ങളുടെ നിറംചാലിച്ച നിമിഷങ്ങൾ മാത്രമല്ല, പുറമെ നിന്നും നോക്കിയാൽ കാണാൻ കഴിയാത്ത ഇവരുടെ ജീവിതത്തിലെ അടിയൊഴുക്കുകളും, പ്രതിസന്ധികളും, നീരസങ്ങളും പതിയെപ്പതിയെ തലപൊക്കുന്നു. ഓരോ വ്യക്തിയും ഓരോ ഉപഭൂഖണ്ഡമായി മാറിക്കഴിഞ്ഞ അവസ്ഥയിലേക്ക് ജീവിതത്തിരക്കുകൾ അവരെ എത്തിച്ചു കഴിഞ്ഞു.

പറഞ്ഞുതീർക്കാവുന്ന കാര്യങ്ങൾ പറഞ്ഞുതീർത്തും, ഊതിവീർപ്പിച്ച് വഷളാക്കാതെ ചെറിയ ചെറിയ വിട്ടുവീഴ്ചകളിലൂടെ വലിയ നഷ്‌ടങ്ങൾ നികത്താനും മനുഷ്യൻ വിചാരിച്ചാൽ സാധിക്കാതെയുണ്ടോ? ഒന്നാം ക്‌ളാസിൽ കേട്ടുപരിചയിച്ച 'ഐക്യമത്യം മഹാബലം' എന്ന പാഠത്തിന് ഇനിയും കാലപ്പഴക്കം വന്നിട്ടില്ല എന്നുകൂടി ഇവിടെ ഓർമ്മപ്പെടുത്തുന്നു. മൂന്നു സഹോദരങ്ങളും ഒത്തുചേരുമ്പോൾ, ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ, ആരോടും പറയാതെ സഹിച്ചുപോന്ന വീർപ്പുമുട്ടലുകൾ പലതിനും പരിഹാരം അകലെയല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും.

മധു വാര്യർ ആദ്യമായി സംവിധായകനാവുന്ന ചിത്രത്തിൽ, മഞ്ജു വാര്യർ, ബിജു മേനോൻ, അനു മോഹൻ, രഘുനാഥ് പലേരി, സൈജു കുറുപ്പ്, സുധീഷ്, രമ്യ നമ്പീശൻ എന്നിവർ തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയായി അവതരിപ്പിച്ചു.

വലിയ വാഗ്ദാനങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം പേരുപോലെ പ്രതീക്ഷയുടെ മാറാപ്പ് താഴെയിറക്കിവച്ച ശേഷം ആസ്വദിച്ചു കാണാം. കടുത്ത ട്വിസ്റ്റുകളോ സസ്പെൻസോ ഫ്ലാഷ്ബാക്കുകളോ ഒന്നുമില്ലാതെ, ഒരുപക്ഷേ, ഊഹിക്കാവുന്ന പോലൊക്കെ തന്നെ സംഭവിക്കുന്ന ഒരു കൊച്ചു സിനിമ. 'ലളിതം സുന്ദരം' Disney + Hotstarൽ പ്രദർശനം തുടരുന്നു.
Published by:Meera Manu
First published: