• HOME
  • »
  • NEWS
  • »
  • film
  • »
  • Mahaveeryar review | 'മഹാവീര്യർ': ഫാന്റസിയിൽ രണ്ട് യുഗങ്ങൾ വിളക്കിച്ചേർത്തൊരു സിനിമ

Mahaveeryar review | 'മഹാവീര്യർ': ഫാന്റസിയിൽ രണ്ട് യുഗങ്ങൾ വിളക്കിച്ചേർത്തൊരു സിനിമ

Mahaveeryar review | മലയാളത്തിൽ ഒരു ഫാന്റസി സിനിമ എന്നാൽ ഇന്നും 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'ഓ ഫാബി', 'ഞാൻ ഗന്ധർവ്വൻ' തുടങ്ങി 'നന്ദനം', 'അനന്തഭദ്രം' വരെയൊക്കെ ചിന്തിക്കാവുന്ന പ്രേക്ഷകന് മുന്നിലേക്ക്‌ 'മഹാവീര്യർ'

മഹാവീര്യർ

മഹാവീര്യർ

  • Last Updated :
  • Share this:
Mahaveeryar review | നവീന കാലത്തെ കോടതിമുറിക്കുള്ളിൽ നടക്കുന്ന രണ്ട് കേസുകളുടെ വിസ്താരം. കോർട്ട് റൂം ഡ്രാമ എന്ന വിശേഷണത്തിനർഹമായ കഥയിൽ രണ്ട് യുഗങ്ങളിൽ നിന്നുമുള്ള മനുഷ്യർ ഒന്നിച്ചു വരുന്നു എന്നൊക്കെ പറഞ്ഞാൽ 'ഇതെന്താണിഷ്‌ടാ' എന്ന ആശങ്ക പ്രേക്ഷകരിൽ തീർത്തും സ്വാഭാവികം. 'മഹാവീര്യർ' (Mahaveeryar review) എന്ന സിനിമ തീർത്തും വ്യത്യസ്തവും പുതുമയുമുള്ള പ്രമേയവുമായി ബിഗ് സ്‌ക്രീനിൽ നിറയുമ്പോൾ എന്ത് പ്രതീക്ഷിക്കാം?

മലയാളത്തിന്റെ ഫാന്റസി സിനിമ എന്നാൽ ഇന്നും 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'ഓ ഫാബി', 'ഞാൻ ഗന്ധർവ്വൻ' തുടങ്ങി 'നന്ദനം', 'അനന്തഭദ്രം' വരെയൊക്കെ ചിന്തിക്കാവുന്ന,  ഒന്നുകൂടി ആഴത്തിലിറങ്ങിയാൽ, ഓസ്‌കറിന്റെ പടിവാതിൽ വരെ മലയാള സിനിമയെ കൊണ്ടെത്തിച്ച മോഹൻലാലിന്റെ 'ഗുരു' കണ്ടു പരിചയിച്ച, പ്രേക്ഷകർക്ക് മുൻപിലാണ് AD 2022ൽ എബ്രിഡ് ഷൈൻ എന്ന സംവിധായകൻ നിവിൻ പോളി, ആസിഫ് അലി എന്നീ നായകന്മാർക്കൊപ്പമെത്തി ഭ്രമകല്പനകൾ മുൻനിർത്തി ഒരു കോടതിവ്യവഹാര കഥ അവതരിപ്പിച്ചത്.ഒരു നാട്ടിലെ ക്ഷേത്ര പരിസരത്ത് സുപരിചിതനല്ലാത്ത മുനി എത്തുന്നു. അയാളുടെ സാന്നിധ്യത്തിൽ അയാളിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിലെ വിഗ്രഹം കളവു പോകുന്നു. പോലീസെത്തി കളവു കേസും, പ്രതിയായ 'അപൂർണ്ണാനന്ദ മുനി'യും നാട്ടുകാരുമായി (നിവിൻ പോളി) കോടതിയിലെത്തുന്നു. പ്രേക്ഷകനെ രസംപിടിപ്പിച്ച് കേസ് വിസ്താരം മുന്നേറുന്നു.

മലയാളത്തിൽ കോമഡി മരിച്ചു എന്ന് പറയുന്നവർക്ക് മല്ലിക സുകുമാരൻ, ലാലു അലക്സ്, കലാഭവൻ പ്രജോദ്, ശൈലജ പി. അമ്പു തുടങ്ങിയവരുടെ സ്വാഭാവിക നർമ്മ മുഹൂർത്തങ്ങൾ രസം പകരുന്നതായി. നിവിൻ പോളി എന്തുകൊണ്ടും നന്നായി തിളങ്ങിയ ആദ്യപകുതി പ്രതീക്ഷ ഉയർത്തുകയും ചെയ്തു.

വാദപ്രതിവാദങ്ങളിൽ ഹരം കൊണ്ട് തുടങ്ങുമ്പോൾ, കേവലം ഒരു മണിക്കൂർ തികയും മുൻപേ കടന്നുവരുന്ന ഇടവേള അതുവരെ കെട്ടിപ്പടുത്ത പ്രതീക്ഷകളെ ചീട്ടുകൊട്ടാരമെന്ന പോലെ തകിടം മറിച്ചു എന്ന് പറയാതെ വയ്യ. വിഗ്രഹമോഷണ കേസ് വിസ്താരത്തിനിടെയുള്ള ചില അലൗകികമായ വാദങ്ങളെ തിരക്കഥ മറ്റൊരു യുഗത്തിൽ, കൃത്യമായി പറഞ്ഞാൽ ശകവർഷം 1783യിലെ രാജഭരണകാലത്തിൽ എത്തിക്കുന്നു. അക്കാലത്തെ കേസും പ്രതികളും വാദികളും ഈ യുഗത്തെ നീതിപീഠവും ഒത്തുചേരുന്ന ഫാന്റസിയിലേക്ക് കഥ പ്രവേശിക്കുന്നു.

രണ്ടാംഭാഗത്തിൽ സാധാരണക്കാരൻ നേരിടുന്ന നീതിനിഷേധം, രാജവാഴ്ച, സ്ത്രീവിരുദ്ധത തുടങ്ങി എന്തെല്ലാമോ പറയാനുള്ള ശ്രമം നടന്നു എന്നിരിക്കെ സിനിമയുടെ നെടുംതൂണായ ആദ്യഭാഗം പ്രധാനകഥാപാത്രത്തിന്റെ പേരുപോലെ അപൂർണ്ണമായി അവശേഷിക്കുന്നു. കടന്നുപോയ യുഗത്തിലെ ചിത്രപുരിയിൽ നിന്നും ലാൽ, ആസിഫ് അലി, ഷാൻവി ശ്രീവാസ്തവ തുടങ്ങിയവർ മറ്റൊരു കഥയുമായി ഈ പകുതിയിൽ നിറയുന്നു. ആദ്യപകുതിയുടെ ഷോമാൻ ആയ നായകനെ തിരക്കഥ കേവലമൊരു കാഴ്ചക്കാരനാക്കി മാറ്റി ക്ളൈമാക്സ് കൂട്ടിയിണക്കാൻ വേണ്ടി മാത്രം തിരികെവിളിച്ചുവരുത്തുന്ന കാഴ്ച നിരാശാജനകമല്ലാതെ മറ്റെന്താണ്?

സംവിധായകനിലെ ക്യാമറ കണ്ണുകൾ, സിനിമാട്ടോഗ്രാഫിക്ക് മുൻ‌തൂക്കം നൽകിയിരിക്കുന്നു. ഈ സിനിമയുടെ പ്രധാന ആകർഷണം കണ്ണാടിച്ചില്ലുപോലെ തിളക്കമാർന്ന ചന്ദ്രു സെൽവരാജിന്റെ ഫ്രയിമുകളാണ്. ലൊക്കേഷന്റെ കാര്യത്തിലും ഇത് പ്രകടമാവുന്നു. വേഷവിധാനങ്ങളിലും ശ്രദ്ധ നിഴലിച്ചതായി കാണാം. സ്ക്രിപ്റ്റിലേക്ക് കൂടി ഈ ശ്രദ്ധ ഒരുപക്ഷെ പകരാമായിരുന്നുവെങ്കിൽ സിനിമ മറ്റൊരു തലത്തിൽ ആസ്വാദ്യകരമായേനെ.
Published by:Meera Manu
First published: