ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ '12th മാൻ' പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ബ്രോ ഡാഡി, L2 എമ്പുരാൻ, മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' തുടങ്ങിയ സിനിമകൾക്ക് പുറമെയാണ് പുതിയ ചിത്രം. അടുത്തതായി പ്രിയദർശന്റെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം', ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തുടങ്ങിയ സിനിമകൾ റിലീസിന് തയാറെടുക്കുകയാണ്.
മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം: മൂന്നു ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്ത്രമാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ. പ്രിയദർശനും മകൾ കല്യാണിയും മകൻ സിദ്ധാർഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാർ. ആശിർവാദ് സിനിമാസിന്റെ പേരിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. 100 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണിത്. ഓഗസ്റ്റ് 12 ആണ് നിലവിൽ സിനിമയുടെ റിലീസ് തിയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്: മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഒക്ടോബർ മാസം റിലീസ് ചെയ്യും. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഒക്ടോബർ 14 ആണ് റിലീസ് തിയതി.
റാം: ദൃശ്യത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം. സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു
ബറോസ്: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബറോസ്'. ചിത്രത്തിൽ പൃഥ്വിരാജും വേഷമിടുന്നു. 3D ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
L2 എമ്പുരാൻ: ലൂസിഫറിന് ശേഷം മോഹൻലാൽ-പൃഥ്വിരാജെ-മുരളി ഗോപി കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകൾ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.
ബ്രോ ഡാഡി: ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നായകനായി അഭിനയിക്കും. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു സമ്പൂർണ്ണ കുടുംബ ചിത്രമായാണ് 'ബ്രോ ഡാഡി' ഒരുങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.