• HOME
 • »
 • NEWS
 • »
 • film
 • »
 • Happy birthday Mammukka | ഇച്ചാക്കയിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്: മമ്മൂട്ടിയെ കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ

Happy birthday Mammukka | ഇച്ചാക്കയിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്: മമ്മൂട്ടിയെ കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ

Mohanlal pens a lengthy note on his closeness with Mammootty | മമ്മൂട്ടിയുടെ പിറന്നാളിന് മോഹൻലാലിന്റെ കുറിപ്പ്

മമ്മൂട്ടിയും മോഹൻലാലും

മമ്മൂട്ടിയും മോഹൻലാലും

 • Last Updated :
 • Share this:
  രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മലയാള സിനിമയുടെ താരരാജാക്കന്മാരിൽ ഒരാളായ മമ്മൂട്ടിക്ക് എഴുപതാം പിറന്നാൾ. സ്വന്തം സഹോദരങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് മോഹൻലാലിന് മമ്മൂട്ടിയോട്. 'ഇച്ചാക്ക' എന്ന വിളി അതിനുദാഹരണമാണ്. നാല് പതിറ്റാണ്ടുകൾക്കുള്ളിൽ അൻപതിലധികം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

  ഒരാൾ നായകനാവുമ്പോൾ, അതിൽ മറ്റൊരാൾ അതിഥി വേഷത്തിലെത്തി. അങ്ങനെയങ്ങനെ കടന്നുപോയ നാളുകൾക്ക്‌ ശേഷം മമ്മുക്കയ്ക്കു നാളെ സപ്തതി. തന്റെ പ്രിയപ്പെട്ട ഇച്ചാക്കയെക്കുറിച്ച്‌ മോഹൻലാൽ ഒരു നീണ്ട കുറിപ്പ് എഴുതിയിരിക്കുന്നു. താണ്ടിയ വഴികളിലൂടെ തിരിഞ്ഞുനോട്ടം നടത്തിയ മോഹൻലാൽ, പ്രിയ സുഹൃത്തായ മമ്മൂട്ടിയിൽ നിന്നും പഠിച്ച പാഠങ്ങളും അയവിറക്കുന്നു. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മോഹൻലാലിന്റെ കുറിപ്പ് ചുവടെ:

  "എല്ലാവരിലും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകുമെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ, ഇച്ചാക്കയിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അഭിനയജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പലപ്പോഴും വസ്‌ത്രത്തിന്റെ കാര്യത്തിൽ, ശരീരം സൂക്ഷിക്കുന്ന കാര്യത്തിൽ... ഒക്കെ ജ്യേഷ്‌ഠനിർവിശേഷം എന്നെ ഗുണദോഷിക്കുമായിരുന്നു ഇച്ചാക്ക. അഭിനേതാവെന്ന നിലയ്‌ക്ക്‌ സ്വന്തം ശരീരം കാത്തുസൂക്ഷിക്കാൻ അദ്ദേഹമെടുക്കുന്ന നിഷ്‌കർഷ, ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കം, കഥാപാത്രമാകാൻ എടുക്കുന്ന വേദനാജനകമായ ആത്മസമർപ്പണം... ഇതൊക്കെ എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്.  പലർക്കും അദ്ദേഹത്തിന്റെ കാർക്കശ്യത്തോട് ഒത്തുപോകാൻ സാധിക്കാത്തതായി കേൾക്കാറുണ്ട്. എന്നാൽ, എനിക്കങ്ങനെയേ അല്ല. നമ്മുടെ രീതിക്ക് അദ്ദേഹത്തെ കരുതാതിരുന്നാൽ മാത്രം മതി. ഇച്ചാക്കയെ ഇച്ചാക്കയായി അദ്ദേഹത്തിന്റെ ശൈലിയിൽ മനസ്സിലാക്കിയാൽ മതി. വളരെ രസകരമായ ആത്മബന്ധമായി അതുമാറും. അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിലെ മറ്റൊരു ലോകത്തെ അത്‌ നമുക്കു വെളിപ്പെടുത്തി തരും. ടെക്‌നോളജിയെപ്പറ്റി ലോകത്തു നടക്കുന്ന അത്തരം വിപ്ലവങ്ങളെപ്പറ്റിയൊക്കെ അപ് ടു ഡേറ്റായ ഇച്ചാക്കയെച്ചൊല്ലി ബഹുമാനം തോന്നിയിട്ടുണ്ട് പലപ്പോഴും," മോഹൻലാൽ കുറിച്ചു.

  പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല ചിത്രങ്ങളിലും ഇവർ ഒന്നിച്ചുള്ള ഫ്രയിമുകൾ വെള്ളിത്തിരയിൽ നിറഞ്ഞു. പാവം പൂർണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കൾ, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്പർ 20 മദ്രാസ് മെയിൽ, വാർത്ത, ഹരികൃഷ്ണൻസ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തി. ഹരികൃഷ്ണൻസിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 20-20 എന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിച്ചത്.

  മമ്മൂട്ടിയും മോഹൻലാലും ശേഷം സ്‌ക്രീനിൽ ഒന്നിച്ചെത്തിയില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഇവരുടെ കൂട്ടുകെട്ട് നിലനിന്നു. മോഹൻലാലിൻറെ ഒടിയനിൽ വിവരണം നൽകുന്നത് മമ്മൂട്ടിയാണ്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ '1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലും' മമ്മൂട്ടി ഇത്തരത്തില്‍ ശബ്ദം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശി രാജയില്‍ വോയിസ് ഓവര്‍ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു.

  Summary: Mohanlal pens a lengthy note on his closeness with Mammootty. The duo have acted together in more than 50 movies in a career spanning four decades
  Published by:user_57
  First published: