Paappan review | ഒന്നിന് പിറകെ ഒന്നായി ദുരൂഹ സാഹചര്യങ്ങളിൽ നടക്കുന്ന കൊലപാതകങ്ങൾ, എല്ലാത്തിലും അവശേഷിക്കുന്ന ഒന്നോ അതിലധികമോ സമാനത, പിന്നിലെ കരങ്ങൾ പലയാളുടേതല്ല എന്ന് സൂചിപ്പിക്കാൻ കൊലപാതകി അവശേഷിപ്പിച്ചു പോകുന്ന സൂചനകൾ അല്ലെങ്കിൽ തെളിവുകൾ. കുറ്റവാളിയെ തേടി അവയ്ക്കു പിന്നാലെ പായുന്ന പോലീസ്. പ്രധാനമായും ഏതെങ്കിലും ഒരു പോലീസ് ഓഫീസർ കേസിന്റെ ചുമതലയേൽക്കുന്നു. അടുത്ത കാലത്തായി അതിൽ ഫോറൻസിക്കുകാരും നല്ലതുപോലെ പണിയുന്നുണ്ട്.
കഥയുടെ അവസാനം കുറ്റവാളിയെ തന്ത്രപരമായി കണ്ടെത്തി കുടുക്കുന്നു. 'എത്ര വട്ടം കണ്ടിരിക്കുന്നു' എന്ന പരിചിതഭാവത്തിൽ ഇരുന്നാലും ഉദ്വേഗത്തിന്റെയും സസ്പെന്സിന്റെയും ചെങ്കുത്തൻ ഹെയർപിൻ വളവുകളിലൂടെ പ്രേക്ഷകനെ കയറ്റിയിറക്കി പരകോടിയിൽ എത്തിക്കുന്നിടത്ത് ഈ ഫോർമാറ്റിൽ പിറക്കുന്ന സിനിമകൾ നേടുന്ന കയ്യടികൾ എന്തുകൊണ്ട് വ്യത്യസ്തമാവുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ സുരേഷ് ഗോപിയും ജോഷിയും അത്തരമൊരു കഥയും കൊണ്ടുള്ള വരവിൽ എന്താവും കരുതിവച്ചിരിക്കുക?
സുരേഷ് ഗോപിയുടെ പോലീസ് പടം എന്നാൽ പഴയ ഭരത് ചന്ദ്രൻ ഐ.പി.എസും മോഹൻ തോമസ് ഡയലോഗും പ്രതീക്ഷിച്ചു ടിക്കറ്റ് എടുത്താലും, മുൻ പോലീസ് ഉദ്യോഗസ്ഥനായ എബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനും കാക്കിക്കാരിയായ മകൾ വിൻസി എബ്രഹാമിനും എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുന്നു ജോഷി എന്ന സംവിധായകനും ആർ.ജെ. ഷാൻ എന്ന തിരക്കഥാകൃത്തും. യാതൊരു തരത്തിലും അപ്പന്റെ മകളായി ഊറ്റം കൊള്ളില്ലെങ്കിലും, സ്വന്തം ദൗത്യത്തോട് പിതാവിന്റെ അതേ ശൗര്യവും വീറും പകർന്നുകിട്ടിയ മകൾ വിൻസിയും അന്വേഷണത്തിൽ ഒപ്പം ചേരുന്ന പാപ്പനും ചേർന്ന് ഇരട്ടത്തലയൻ കത്തിക്കു പിന്നാലെ നടത്തുന്ന അന്വേഷണത്തിൽ പ്രേക്ഷകർക്കും കൂടെ കൂടാം.
കൊലപാതകം നടത്തി സമാനമായ മുറിവുകൾ ശേഷിപ്പിക്കുക, ശേഷം ക്രൈം സീനിൽ ചിലതെല്ലാം കുറിച്ചിടുക. സിനിമാ നടന്റെ ഡ്രൈവറും, അന്വേഷണ സംഘത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും അത്തരം സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നതും, മൂന്നാമതൊരു മരണം ഒഴിവാക്കാനുള്ള വ്യഗ്രതയിലായി പോലീസും. മറ്റൊരു മരണത്തിനു തടയിടാൻ അവർക്കാവുമോ? അതോ ഇക്കുറിയും കൃത്യം നടത്തി അയാൾ വെട്ടിച്ചു കടക്കുമോ? വ്യത്യസ്ത സാഹചര്യങ്ങളിലുള്ള വ്യക്തികൾ ഇരയാക്കപ്പെടുനനത്തിന്റെ കരണമെന്താവും? അതോ പിടിവീഴുമോ? കൊലപാതകിയും അവരും തമ്മിൽ ബന്ധമുണ്ടാവുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക അനിവാര്യമായി മാറുന്നു.
എന്തുകൊണ്ടും കാലത്തിനൊത്ത് വളർന്ന സിനിമയാണ് 'പാപ്പൻ' എന്ന് പറയാൻ രണ്ടാംവട്ടം ചിന്തിക്കേണ്ടതില്ല. അന്വേഷണാത്മക ക്രൈം ത്രില്ലറിൽ ആക്ഷൻ ഹീറോ എന്ന കൺസെപ്റ്റിൽ ആക്ഷൻ ഹീറോയിനെ അവതരിപ്പിക്കുക, അത് പേരിനൊരു സ്ത്രീകഥാപാത്രമായി മാറാതിരിക്കുക തുടങ്ങിയ പഴുത് കൊട്ടിയടച്ച തിരക്കഥക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.
വിജയശാന്തി, വാണി വിശ്വനാഥുമാരുടെ പിന്മുറക്കാരിയായി വിൻസി എബ്രഹാം എന്ന നിത പിള്ളയെ ഈ സിനിമാ അടയാളപ്പെടുത്തിക്കഴിഞ്ഞു. മുൻപും ആക്ഷൻ രംഗങ്ങളിൽ തിമിർത്താടിയെങ്കിലും വേണ്ടത്ര ശ്രദ്ധ ആ സിനിമയ്ക്ക് ലഭിക്കാതെപോയതിനാൽ നിതയെ പ്രേക്ഷകമധ്യത്തിലെത്തിക്കുക വിൻസി തന്നെയാവും.
നെഗറ്റീവ് റോളുകളിൽ തീർത്തും അപ്രതീക്ഷിത മുഖങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്കും അതിശയവും സംതൃപ്തിയും നിറയുന്ന നിമിഷങ്ങളാവും വന്നു ചേരുക. ഇനിയുള്ള കഥാപാത്രങ്ങളെക്കുറിച്ച് വിശദീകരിച്ചാൽ സിനിമയോടുള്ള അനീതിയാവും. പ്രധാന കഥയ്ക്കുള്ളിലെ ഉപകഥകളും ഫ്ലാഷ്ബാക്കുകളും പ്രേക്ഷകന് ഊഹിക്കാനായി ഒരവരസം പോലും ഇവിടെ കിട്ടില്ല. അത്യുഗ്രൻ അന്വേഷണബുദ്ധിയുള്ള ചിലർക്കു ഒരുപക്ഷെ ഇടയ്ക്കെവിടെയോ ഒരു പിടിവള്ളി കിട്ടിയേക്കാം എന്ന് മാത്രം പറയട്ടെ.
രാഷ്ട്രീയ ജീവിതത്തിൽ ഇടവേളയെടുത്ത സുരേഷ് ഗോപിയുടെ മടങ്ങിവരവിന് എന്തുകൊണ്ടും അനുയോജ്യമാണ് ഇരട്ടത്തലയൻ കത്തി കുത്തിക്കയറി ചലനം നഷ്‌ടപ്പെട്ട ഇടം കയ്യുമായി ജീവിക്കുമ്പോഴും, അന്വേഷണബുദ്ധിയുടെ കനലാളിക്കത്തുന്ന മനസ്സിനുടമയായ മുൻ സി.ഐ. എബ്രഹാം മാത്യു പാപ്പൻ. മകൻ ഗോകുൽ സുരേഷ് അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുമ്പോഴും, അവിടെ 'അച്ഛന്റെ മകൻ' ഐഡന്റിറ്റി ഗോകുലിന്റെ മൈക്കിളിനു മേൽ 'പാപ്പൻ' ഏല്പിച്ചിട്ടില്ല.
ബിഗ് സ്‌ക്രീനിൽ അപ്പന്റെയും മകളുടെയും തൂക്കിയടി കാണാൻ കാത്തിരിക്കുന്നവർ ടിക്കറ്റ് എടുക്കാൻ മടിക്കേണ്ടതില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.