Palthu Janwar review | കാലിത്തൊഴുത്തിന്റെ ജീവൻ അറിഞ്ഞവൻ; നന്മ നിറഞ്ഞവൻ
- Published by:Meera Manu
- news18-malayalam
Last Updated:
Palthu Janwar review | കുഞ്ഞുങ്ങളുടെ ഭാഷയിലെ 'പാൽതു ജാൻവർ' എന്ന നാൽക്കാലികളുടെ പേര് കേട്ടാൽ ബീഫ് ആണോ ഗോമാതാവാണോ എന്ന് ചൂടുപിടിച്ച ചർച്ച നടക്കുന്ന കാലത്ത് ഒരു സിനിമ
Palthu Janwar review | ഹിന്ദി അക്ഷരമാലയും വാക്കുകളും പഠിച്ചു കഴിഞ്ഞ് എഴുത്തിലേക്ക് തിരിയുന്ന ഓരോ സ്കൂൾ കുട്ടിയും പശുവിനെ കുറിച്ച് ഒരു ഖണ്ഡിക എന്നത് കണ്ടും കേട്ടും തഴക്കം വന്ന കാര്യമാവും. പുസ്തകത്തിലോ ബ്ലാക്ക് ബോർഡിലോ ടീച്ചർ മനോഹരമായി എഴുതിയത് അതുപോലെ പകർത്തുന്ന വിദ്യാർത്ഥി പഠിക്കുന്ന പ്രയോഗങ്ങളിൽ ഒന്നാണ് 'പാൽതു ജാൻവർ' (Palthu Janwar). 90സ് കിഡ്സ് കാലങ്ങളിലും മറ്റും ഇതൊരു സ്ഥിരം പതിവ് തന്നെയായിരുന്നു. ഇന്നിപ്പോ ഈ നാൽക്കാലികളുടെ പേര് കേട്ടാൽ ബീഫ് ആണോ ഗോമാതാവാണോ എന്ന നിലയിലായി ചൂടുപിടിച്ച ചർച്ച! എന്നിരിക്കെ, അവയെക്കുറിച്ച് ഒരു സിനിമ വന്നിരിക്കുന്നു. അതും ഒരു മൃഗമാണെന്നും, മനുഷ്യരെ പോലെ തന്നെ മറ്റൊരു ജീവനാണെന്നുമുള്ള ഓർമ്മപ്പെടുത്തലുകൾ ചിലപ്പോഴെങ്കിലും അനിവാര്യമല്ലേ?
അച്ഛന്റെ മരണശേഷം, അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രസൂൺ (ബേസിൽ ജോസഫ്) എന്ന യുവാവിനെ മുൻനിർത്തിയാണ് സിനിമയുടെ പശ്ചാത്തലം. അനിമേറ്റർ ആവണം എന്ന അതിയായ മോഹമുപേക്ഷിച്ചാണ്, തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ, അച്ഛൻ ചെയ്തിരുന്ന ജോലി തുടങ്ങിയ പരിഗണനകളിൽ മനസ്സില്ലാമനസ്സോടെ അയാൾ കുടിയാന്മല എന്ന ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയിലെ ജോലിയിൽ പ്രവേശിക്കുന്നത്. ചെന്ന് കേറുന്നതാകട്ടെ, മൃഗപരിപാലനം ജീവിതവ്രതമാക്കിയ ഒരുപറ്റം മനുഷ്യരുടെ നാട്ടിലേക്കും. ഓരോ വീട്ടിലും ഒരു മൃഗം അല്ലെങ്കിൽ ഫാം എന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. അനിമേഷന്റെ മായിക ലോകം വിളിക്കുന്ന മനസ്സുമായി, പ്രസൂൺ എങ്ങനെ ഇവിടെ മുന്നോട്ടുപോകും, അയാൾ വെല്ലുവിളികളെ നേരിടുമോ, അതിജീവിക്കുമോ തുടങ്ങിയ കാഴ്ചകളാണ് ഇതിൽ.
advertisement
നിലയില്ലാക്കയത്തിൽ നീന്തിപ്പഠിക്കുന്ന പ്രസൂൺ ആണ് ആദ്യ ഭാഗം. ഒത്തിരി കാത്തിരുന്ന് ഇടവേള വരെ ക്ഷമിച്ചാൽ, പ്രതീക്ഷകളുടെ അമിതഭാരം ഇറക്കിവച്ച് കണ്ടിരിക്കാം. ഇടവേളയിൽ വന്നു കയറുന്ന ട്വിസ്റ്റ് രണ്ടാം ഭാഗത്തേക്ക് ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ നൽകുന്നു. ആഗ്രഹത്തിന് വിരുദ്ധമായി പഠനമോ ജീവിതപങ്കാളിയെയോ തിരഞ്ഞെടുക്കാതിരിക്കാൻ അവകാശമുണ്ടെന്ന് ഘോര ഘോരം പ്രഭാഷണങ്ങൾ നടക്കുന്ന കാലത്തും ജീവിത മാർഗം തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാവുന്ന സ്വാതന്ത്ര്യമില്ലയ്മ അനുഭവിക്കുന്ന യുവാവാവിനെ ബേസിൽ ജോസഫ് നല്ലരീതിയിൽ സ്‌ക്രീനിലെത്തിച്ചു. കഥാപാത്രത്തിന്റെ കണ്ണുകളും മുഖഭാവങ്ങളും അയാളിലെ ആ നിസ്സഹായാവസ്ഥയെ കോറിയിടുന്നു.
advertisement
ആദ്യ ഭാഗത്തിൽ മാത്രം കാണുന്ന വെറ്റിനറി ഡോക്ടർ സുനിലായെത്തുന്ന ഷമ്മി തിലകൻ, സിനിമയിലുടനീളം നിറയുന്ന ഇന്ദ്രൻസിന്റെ പഞ്ചായത്ത് മെമ്പർ കഥാപാത്രം, ജോണി ആന്റണിയുടെ കന്നുകാലി കർഷകൻ, ദിലീഷ് പോത്തന്റെ പള്ളീലച്ചൻ തുടങ്ങിയവർക്ക് കഥയിൽ പ്രധാനപങ്കുണ്ട്. ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ മുൻപ് നിർമിക്കപ്പെട്ട കുമ്പളങ്ങി നൈറ്റ്സ്, ജോജി സിനിമാ ഫോർമാറ്റിന്റെ ചേരുവകൾ ഇവിടെയും പ്രേക്ഷകന് രുചിച്ചറിയാം. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ തുടങ്ങി അവരുടെ ജീവിത പശ്ചാത്തലം, പ്രധാന ലൊക്കേഷനുകൾ, ഫ്രയിമുകളുടെ വിന്യാസം തുടങ്ങിയവയിലെല്ലാം അതുനിഴലിക്കുന്നുണ്ട്. സാധാരണക്കാരിലും സാധാരണക്കാർ ജീവിക്കുന്ന ഗ്രാമപഞ്ചായത്തിലെ വിശേഷങ്ങളാണ് ചിത്രം നിറയെ.
advertisement
സംവിധായകൻ എന്ന നിലയിൽ കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി സിനിമകളിലൂടെ പ്രതിഭ തെളിയിച്ച ബേസിൽ, അഭിനേതാവുകുമ്പോൾ, കഥയ്ക്കും തിരക്കഥയ്ക്കും അനുയോജ്യമായി പാകപ്പെടുന്ന കാഴ്ച ആദ്ദേഹത്തിലെ വിശ്വാസയോഗ്യനായ നടനെ അടയാളപ്പെടുത്തുന്നു. അതുപോലെ തന്നെ സംവിധായകനും നടനും എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോണി ആന്റണിയും 'പാൽതു ജാൻവറിന്റെ' മുതൽക്കൂട്ടാണ്. ചിത്രം പുരോഗമിക്കവേ, ഇവർ രണ്ടും സന്ദര്ഭത്തിനനുസരിച്ച് ഉയരുന്ന അവസരങ്ങളാണ് പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചടുപ്പിക്കുന്ന ഘടകം.
പ്രസൂൺ എന്ന യുവാവും അയാളുടെ തൊഴിലും വഴി മിണ്ടാപ്രാണിയുടെ ജീവിതത്തിലേക്ക് കടക്കുന്ന തരത്തിലാണ് ചിത്രം. പണ്ടെങ്ങാനും കേട്ട് മറന്നു പോയെങ്കിൽ, ഇതിൽ കാണുന്ന പലകാര്യങ്ങളും അതിന്റെയെല്ലാം ഓർമ്മപ്പെടുത്തലുകളാണ്. ക്ളൈമാക്സിനോടടുത്ത ഭാഗങ്ങളിലെ ഇറച്ചിവെട്ടുകാരൻ കഥാപാത്രത്തിന്റെയും പള്ളീലച്ചൻ കഥാപാത്രത്തിന്റെയും രംഗങ്ങൾ സമകാലീന ചർച്ചകളുടെ സർക്കാസമെന്നോണം ഉൾപ്പെടുത്തിയതായി തോന്നിക്കുന്നുണ്ട്.
advertisement
സിനിമയിൽ പരീക്ഷണങ്ങൾ പലവിധം നടക്കുന്ന ഘട്ടമായതിനാൽ, ഇടവേളയിൽ ഉണ്ടാവുന്ന സംഭവം വികസിച്ച് അതിനൊരു മറുപടി എന്ന നിലയിൽ ഏതുംതന്നെ സ്ക്രിപ്റ്റിൽ ഇല്ല. പകരം കൗതുകമുണർത്തിയ ആ വിഷയത്തെ അവിടെ ചവിട്ടി നിർത്തി, അതുമായി ബന്ധപ്പെടുത്തിയ മറ്റൊരു കാര്യത്തിലൂടെ രണ്ടാം ഭാഗത്തെ കൊണ്ടുപോകാനാണ് ശ്രമം. ഒരു ഗ്രാമത്തിൽ നടക്കുന്ന കാര്യങ്ങളുടെ ചെറിയ ഡീറ്റൈലിങ്ങിൽ പോലും ക്യാമറ പതിയുന്നതിനാൽ ഇഴച്ചിൽ അനുഭവപ്പെട്ടേക്കാം.
മൃഗങ്ങളുടെ അവകാശം മുൻനിർത്തി തീർത്തും ലളിതമായ കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിച്ച ചിത്രമെന്ന നിലയിൽ 'പാൽതു ജാൻവർ' കണ്ടിരിക്കാം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2022 2:02 PM IST