ഒ.ടി.ടിയുടെ പേരില്‍ തട്ടിപ്പ്; നിര്‍മ്മാതാക്കള്‍ കബളിപ്പിയ്ക്കപ്പെടുന്നു എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മുന്നറിയിപ്പ്
- Published by:user_57
- news18-malayalam
Last Updated:
ഒരു കാലത്ത് ടെലിവിഷന്‍ ചാനലുകളിലെ സംപ്രേഷണത്തിനായുള്ള സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ നടത്തിയ തട്ടിപ്പിന് സമാനമാണ് നിലവിലെ സ്ഥിതിഗതികള്‍ എന്ന് ബാദുഷ
കൊച്ചി: കോവിഡ് കാലത്ത് മാസങ്ങളോളം തിയേറ്ററുകള്‍ നിശ്ചലമായപ്പോള്‍ സിനിമാമേഖലയ്ക്ക് നേരിയ ആശ്വാസം നല്‍കുന്നതായിരുന്നു ഓവർ ദി ടോപ് (ഒ.ടി.ടി.) റിലീസുകള്‍. 'സൂഫിയും സുജാതയും', 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്', 'സീ യൂ സൂണ്‍' തുടങ്ങി മൂന്നു ചിത്രങ്ങളാണ് തീയേറ്ററുകളില്‍ എത്താതെ നേരിട്ട് ഒ.ടി.ടി. പ്ലാറ്റുഫോമുകൾ വഴിയുള്ള റിലീസിലേക്ക് നീങ്ങിയത്. ഇതില്‍ 'സീ യൂ സൂണ്‍' വമ്പന്‍ വിജയം നേടുകയും ചെയ്തു.
എന്നാല്‍ ഒ.ടി.ടി. റിലീസെന്ന വാഗ്ദാനത്തില്‍ നിരവധി നിര്‍മ്മാതാക്കള്‍ കബളിപ്പിയ്ക്കപ്പെടുന്നതായാണ് മുതിർന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിർമ്മാതാവുമായ ബാദുഷാ സാക്ഷ്യപ്പെടുത്തുന്നത്. ഒരു കാലത്ത് ടെലിവിഷന്‍ ചാനലുകളിലെ സംപ്രേഷണത്തിനായുള്ള സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ നടത്തിയ തട്ടിപ്പിന് സമാനമാണ് നിലവിലെ സ്ഥിതിഗതികള്‍.
"ഒ.ടി.ടി.യില്‍ റിലീസ് ചെയ്യാമെന്ന വാഗ്ദാനത്തില്‍ ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി.ടി. കമ്പനിയുമായോ ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് ലാഭകരം എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ", ബാദുഷ പറയുന്നു.
advertisement
"എന്നാല്‍, നിരവധി നിര്‍മ്മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പലരും ഒ.ടി.ടി. എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്. വീണ്ടും കുറേ നിര്‍മ്മാതാക്കള്‍ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒടിടി പ്ലാറ്റ്‌ഫോം എന്നു പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക," ബാദുഷ ചൂണ്ടിക്കാട്ടി.
advertisement
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അരഡസനിലധികം ഒ.ടി.ടി. സിനിമകളുടെ ചിത്രീകരണമാണ് കൊച്ചിയില്‍ ആംരഭിച്ചതെന്ന് ബാദുഷ ന്യൂസ് 18 നോട് പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തെ ചിത്രീകരണത്തിനുശേഷം നിലച്ചു. നാല്‍പ്പതു മുതല്‍ 50 ലക്ഷം രൂപവരെ ചിലവ് വരുന്നതായാണ് നിര്‍മ്മാതാക്കളെ അറിയിക്കുന്നത്. ഇതനുസരിച്ച് പണം മുടക്കിയ നിര്‍മ്മാതാക്കളുമുണ്ട്.
സിനിമയിലെ ഔദ്യോഗിക സംഘടനകളുമൊന്നുമായി ബന്ധപ്പെടാത്തതിനാല്‍ നടപടികളെടുക്കാന്‍ സംഘടനകള്‍ക്ക് കഴിയുന്നുമില്ല. അഭിനയ മോഹവുമായെത്തുന്ന യുവതീ യുവാക്കളെ ചൂഷണം ചെയ്യുന്നതിനും സാധ്യയുണ്ട് ബാദുഷ പറഞ്ഞു.
advertisement
ഒ.ടി.ടി.യുടെ പേരില്‍ കൂണുപോലെ തകൃതിയായി ചിത്രീകരണം നടക്കുന്നതിനാല്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെ ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം സംവിധായകന്‍, അഭിനേതാക്കള്‍, കഥ എന്നിവ പരിശോധിച്ചശേഷമേ ചിത്രങ്ങള്‍ തെരഞ്ഞെടുക്കൂവെന്നാണ് ഇവര്‍ അറിയിച്ചത്. നിലവില്‍ പുതിയ ഒ.ടി.ടി. റീലീസുകള്‍ക്ക് കരാറുകളില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2020 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒ.ടി.ടിയുടെ പേരില്‍ തട്ടിപ്പ്; നിര്‍മ്മാതാക്കള്‍ കബളിപ്പിയ്ക്കപ്പെടുന്നു എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മുന്നറിയിപ്പ്