• HOME
  • »
  • NEWS
  • »
  • film
  • »
  • C U Soon. Review | ലോക്ക്ഡൗണിൽ അടച്ചിട്ട വാതിലുകൾക്കുള്ളിൽ നിന്നും ഒരു സിനിമാറ്റിക് ബ്രില്യൻസ്

C U Soon. Review | ലോക്ക്ഡൗണിൽ അടച്ചിട്ട വാതിലുകൾക്കുള്ളിൽ നിന്നും ഒരു സിനിമാറ്റിക് ബ്രില്യൻസ്

C U Soon movie review | സ്ഥിരം വഴികൾ കൊട്ടിയടക്കപ്പെട്ടപ്പോൾ, അതിനുള്ളിൽ നിന്നും പുതിയൊരു വഴി വെട്ടിത്തെളിച്ച് മുന്നോട്ടുപോയ ഒരു ചിത്രം. പ്രതീക്ഷകളുമായി മഹേഷ് നാരായണൻ-ഫഹദ്-റോഷൻ മാത്യു-ദർശന ടീം

സീ യു സൂൺ

സീ യു സൂൺ

  • Share this:
    സ്റ്റുഡിയോക്കുള്ളിൽ ഒരുക്കിയ സെറ്റിലും, ഫിലിം സിറ്റികളിലും, വിദേശ രാജ്യങ്ങളിലും മറ്റും തീർത്ത കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യമനോഹാരിതയിൽ നിന്നും മനുഷ്യർക്കിടയിലേക്കിറങ്ങി, നിത്യ ജീവിതത്തിന്റെ കാഴ്ചയൊരുക്കിയ ചിത്രങ്ങളെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് മലയാള സിനിമാ പ്രേക്ഷകർക്കുള്ളത്. ഓരോ കാലഘട്ടത്തിലും അത്തരം ചിത്രങ്ങൾ മലയാളിക്ക് നെഞ്ചോടു ചേർത്തുവയ്ക്കാൻ ലഭിച്ചിട്ടുണ്ട്.

    തീർത്തും അപ്രതീക്ഷിതമായി ഒരു മഹാമാരി ലോകത്തെയൊന്നടങ്കം ബാധിച്ചപ്പോൾ, സിനിമയും അതിന്റെ ഫോർമാറ്റും നേരിട്ട വെല്ലുവിളി ചെറുതല്ല. മലയാളി കണ്ടു പരിചയിച്ച, ഏറെ ഇഷ്‌ടപ്പെടുന്ന രീതികളിൽ നിന്നും സിനിമയ്ക്കും മാറ്റത്തെ കൂട്ടുപിടിക്കേണ്ടി വന്നു. പ്രദർശനത്തിൽ തുടങ്ങി, ചിത്രീകരണത്തിൽ വരെ ആ മാറ്റം ഉൾക്കൊണ്ടുകൊണ്ട് പരിമിതികളെ അതിജീവിച്ച് മലയാള സിനിമ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുന്നു.

    എന്നാൽ, പരിമിതികളെ അവസരമായി കണ്ടുകൊണ്ട് നിർമ്മിച്ച ചിത്രമെന്ന നിലയിൽ ഇനി മലയാളികൾക്ക് ഓർക്കാൻ ഒരു സിനിമയിതാ; 'സീ യു സൂൺ'. ക്യാമറയെ ആകാശം കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മലയാളി ഒത്തുപിടിച്ചാൽ അടച്ചിട്ട മുറകൾക്കുള്ളിൽ നിന്നുപോലും സിനിമയുണ്ടാവും എന്ന് മനസ്സിലാക്കാൻ ഒരു മികച്ച ഉദാഹരണം. വെറും സിനിമയല്ല, ഒരു ത്രില്ലർ തന്നെ ഒന്നര മണിക്കൂർ സ്ക്രീൻ സമയത്തിനുള്ളിൽ നിന്ന് കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ, ഒപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിരയും.

    ആരുടെയൊക്കെയോ ചാറ്റ് ബോക്സുകൾ, സംഭാഷണങ്ങൾ, ഫോൺ കോളുകൾ, അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വികാരങ്ങൾ, വികാര വിസ്ഫോടനങ്ങൾ, ബന്ധങ്ങളുടെ കൂടിച്ചേരലുകൾ, അറ്റുപോക്കുകൾ എല്ലാം ചേർത്തു വച്ചാൽ ഒരു സിനിമയുടെ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ചിന്താ തലം മലയാള സിനിമ എവിടെവരെയെത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ്.

    ഒരു കൂട്ടുകാരൻ, അല്ലെങ്കിൽ കൂട്ടുകാരിയെ തേടി യുവതലമുറയുടെ ഒരു വിഭാഗം ആശ്രയിക്കുന്ന ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിൽ തുടങ്ങി, വെറുമൊരു പ്രേമകഥയിൽ അവസാനിപ്പിക്കാതെ ക്യാമറയെ സമൂഹത്തിലേക്ക് തിരിച്ചുപിടിച്ചിരിക്കുന്നു ഈ ചിത്രം.

    ഗൾഫിൽ താമസിക്കുന്ന, മലയാളിയായ, ജിമ്മി (റോഷൻ മാത്യു) എന്ന യുവാവ് അത്തരത്തിൽ പരിചയപ്പെടുന്ന മലയാളി പെൺകുട്ടിയാണ് അനുമോൾ (ദർശന രാജേന്ദ്രൻ). കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ചാറ്റ് ബോക്സുകളിലൂടെ കൈമാറുന്ന സന്ദേശങ്ങൾ ഒന്നിച്ചൊരു ജീവിതം തുടങ്ങാം എന്ന തീരുമാനത്തിലേക്ക് ജിമ്മിയെ എത്തിക്കുന്നു. നേരിൽക്കണ്ടിട്ടില്ലാത്ത, ചുറ്റുപാടുകളെപ്പറ്റി കൂടുതലൊന്നും അറിയാത്ത, അനുമോളുടെ വിവരങ്ങൾ രഹസ്യമായി കണ്ടെത്താൻ ടെക്നോളജി വിദഗ്ധനായ ബന്ധു കെവിൻ (ഫഹദ് ഫാസിൽ) ഒപ്പം ചേരുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്കുള്ള സഞ്ചാരം ആരംഭിക്കും.



    ഡിജിറ്റൽ റിലീസ് ചിത്രങ്ങൾക്ക് ഇടവേള ഇല്ലെങ്കിലും പലപ്പോഴും ഇതൊരു പ്രണയക്കെണിയും തട്ടിപ്പും എന്ന രീതിയിൽ ഏകദേശം പകുതിയോടെ പ്രേക്ഷകർ ഊഹിച്ചു തുടങ്ങിയേക്കാം. പക്ഷെ അതിനുമപ്പുറമുള്ള സാധ്യതയിലേക്കാണ് കഥയുടെ പോക്ക്.

    കണ്ണുകൾ കൊണ്ടുള്ള അഭിനയം എന്ന അടിസ്ഥാന കാരണത്താൽ മലയാളിയെക്കൊണ്ട് സിനിമാ ടിക്കറ്റ് എടുപ്പിക്കുന്ന ഫഹദ് ഫാസിൽ കൂടുതൽ സമയവും ഒരു കസേരയിൽ ഇരുന്നുള്ള പ്രകടനത്തിലൂടെ മറ്റൊരു ബ്രില്യൻസ് കാഴ്ചവയ്ക്കുന്നത് അനുഭവിച്ചറിയാം. തന്റേതുൾപ്പെടെ മൂന്നു കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിൽ പ്രതിഫലിപ്പിക്കുക എന്ന ചുമതലയാണ് ഫഹദിനുള്ളത്. ആ കൃത്യനിർവഹണം എത്രത്തോളം ഫലപ്രദമായി എന്ന് പ്രേക്ഷകർക്ക് മനസ്സിലാവും.

    'കപ്പേള'യിലെ വഞ്ചകനായ കാമുകനിൽ നിന്നും ഒരു യഥാർത്ഥ കാമുകനിലേക്കുള്ള ദൂരം നടന്നു തീർക്കുമ്പോൾ, ആശ്രയിക്കാൻ കഴിയുന്ന ഒരു യുവ നായകനടൻ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നു എന്ന് റോഷൻ മാത്യുവിന്റെ അഭിനയസാധ്യതയിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും.

    'മായാനദിയിലൂടെ' ശ്രദ്ധേയയായ ദർശന രാജേന്ദ്രന് കരിയർ ബ്രേക്ക് നൽകാൻ കഴിയുന്ന ചിത്രമാകും 'സീ യു സൂൺ'. ഗൾഫിൽ ജീവിതം കരുപ്പിടിപ്പിക്കാൻ സ്വപ്നം കാണുന്ന ലക്ഷങ്ങളുടെ പ്രതിനിധിയായി അനുമോൾ സ്‌ക്രീനിലെത്തുമ്പോൾ, ടേക്കോഫിന് ശേഷം,  പ്രവാസ ജീവിതത്തിന്റെ മറ്റൊരു നേർക്കാഴ്ചയാണ് മഹേഷ് നാരായണൻ ഈ പെൺകുട്ടിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്. എവിടെ നിന്നെങ്കിലും ഒരു രക്ഷകൻ പറന്നെത്തുമെന്ന പ്രതീക്ഷ പോലും അസ്തമിക്കുമ്പോൾ ഒരു 'സർവൈവർ' എന്ന നിലയിൽ സ്വയം തുണയാവുക എന്ന കർത്തവ്യം നിറവേറ്റുന്ന ദർശനയുടെ കഥാപാത്രത്തോടുള്ള നീതിപുലർത്തൽ പ്രശംസനീയം തന്നെ. ഗൾഫിലേക്ക് ഒരു വിസ നേടി പറക്കാൻ ആഗ്രഹിക്കുന്നവർ എന്തുകൊണ്ടും പരിചയപ്പെട്ടിരിക്കേണ്ട വ്യക്തിയാണ് അനുമോൾ.

    ഒപ്പം സൈജു കുറുപ്പ്, മാലാ പാർവതി എന്നിവരും സിനിമയുടെ ഗതിനിർണ്ണയത്തിൽ പ്രധാന പങ്കുവഹിക്കുന്നു.

    സിനിമയിലെ നായികയെപ്പോലെ, സ്ഥിരം വഴികൾ കൊട്ടിയടക്കപ്പെട്ടപ്പോൾ, അതിനുള്ളിൽ നിന്നും പുതിയൊരു വഴി വെട്ടിത്തെളിച്ച് നിർമ്മിച്ച ചിത്രമെന്ന നിലയിൽ 'സീ യു സൂണിനെ' മലയാള സിനിമാ ചരിത്രം രേഖപ്പെടുത്തട്ടെ. പേരുപോലെ തന്നെ ഇനി ഈ കഥയിലെ ജീവിതങ്ങളുമായി വലിയ സ്‌ക്രീനിൽ വീണ്ടും കാണാം എന്ന് ചിത്രം അവസാനിക്കുന്നിടത്ത് ഉറപ്പു നൽകുന്നു. 'സീ യു സൂൺ' ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
    Published by:user_57
    First published: