ഓസ്കർ ക്യാംപെയ്നു വേണ്ടി 25 കോടി ചെലവഴിച്ചെന്ന വാർത്ത തെറ്റ്; പ്രതികരിച്ച് RRR നിർമാതാവ് ഡിവിവി ധനയ്യ
- Published by:user_57
- news18-malayalam
Last Updated:
അമേരിക്കയിൽ RRRന്റെ പ്രചാരണത്തിനായി എസ്എസ് രാജമൗലി 80 കോടി രൂപ ചെലവഴിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു
ഓസ്കർ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത RRR. ചിത്രത്തിലെ നാട്ടു നാട്ടു… എന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. സംവിധായകൻ രാജമൗലിയും സിനിമയിലെ പ്രധാന താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിൽ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ RRRന്റെ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അമേരിക്കൻ ടോക്ക് ഷോകളിൽ പ്രത്യക്ഷപ്പെടുന്നതും അവാർഡ് ചടങ്ങുകളിൽ പങ്കെടുക്കുന്നതും വരെ ഇതിൽ ഉൾപ്പെടുന്നു.
അമേരിക്കയിൽ RRRന്റെ പ്രചാരണത്തിനായി എസ്എസ് രാജമൗലി 80 കോടി രൂപ ചെലവഴിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. RRR പ്രൊഡ്യൂസർ ഡി.വി.വി. ധനയ്യ, സിനിമയിലെ പ്രധാന താരങ്ങളായ രാം ചരൺ, ജൂനിയർ NTR എന്നിവരോട് ഓസ്‌കാർ പ്രൊമോഷനുകൾക്കായി 25 കോടി രൂപ വീതം പങ്കുവെയ്ക്കാൻ രാജമൗലി നിർദേശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, രാജമൗലിയുടെ ഈ നിർദേശം ധനയ്യ നിരസിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.
advertisement
“ഓസ്‌കർ ക്യാംപെയ്നായി ചെലവഴിച്ച പണത്തെക്കുറിച്ച് ഞാൻ കേട്ടു. എന്നാൽ അത്തരം കാര്യങ്ങൾക്കായി ഞാൻ പണമൊന്നും ചെലവഴിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഒരു അവാർഡ് ചടങ്ങിനായി ആരും 80 കോടി രൂപയൊന്നും ചിലവഴിക്കാറില്ല. അതിൽ നിന്ന് ലാഭമൊന്നും ഉണ്ടാകില്ലല്ലോ”, ധനയ്യ തെലുങ്ക് 360 ഡോട്ട് കോമിനോട് പറഞ്ഞു.
‘ബംഗാരുത്തല്ലി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിനിടെ, സംവിധായകൻ തമ്മാറെഡ്ഡി ഭരദ്വാജയും RRRന്റെ ഓസ്‌കർ ക്യാംപെയ്നായി ചെലവഴിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണം നടത്തിയിരുന്നു. “600 കോടി ബജറ്റിലാണ് സിനിമ നിർമിച്ചത്. ഇപ്പോൾ അവർ (RRR ടീം) ഓസ്‌കർ പ്രൊമോഷനായി 80 കോടി രൂപ കൂടി ചിലവഴിച്ചു. ഈ പ്രൊമോഷൻ ബജറ്റ് കൊണ്ടു മാത്രം നമുക്ക് എട്ടോ പത്തോ സിനിമകൾ നിർമ്മിക്കാം”, എന്നായിരുന്നു തമ്മാറെഡ്ഡിയുടെ പ്രതികരണം.
advertisement
പ്രചാരണ വേളയിൽ ധനയ്യയെ മാറ്റിനിർത്തി എന്ന തരത്തിലും വാർത്തകൾ പുറത്തു വന്നിരുന്നു. ഓസ്കർ പോലുള്ള വേദിയിൽ ധനയ്യയെ കാണാതിരുന്നതോടെ രാജമൗലിയുമായി നിർമാതാവ് അത്ര രസത്തിലല്ല എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ ലഭിച്ചതിനു ശേഷം RRR ടീമിനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് തണുപ്പൻ രീതിയിലായിരുന്നു നിർമാതാവിന്റെ മറുപടി. രൗജമൗലിയുമായോ രാം ചാരണുമായോ ടീമിലെ മറ്റാരെങ്കിലുമായോ തനിക്ക് വലിയ അടുപ്പമില്ലെന്നായിരുന്നു ധനയ്യയുടെ പ്രതികരണം. താൻ നിർമിച്ച ചിത്രത്തിലെ ഗാനത്തിന് ഓസ്കാർ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇനിയും നല്ല സിനിമകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്കർ പോലുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കു വേണ്ടിയുള്ള ക്യാമ്പെയിന് പണം ചെലവഴിക്കുന്നതിൽ ധനയ്യയ്ക്കുള്ള എതിർപ്പാണ് രാജമൗലിയുമായുള്ള വിയോജിപ്പിന് കാരണമെന്നാണ് സൂചന.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 22, 2023 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓസ്കർ ക്യാംപെയ്നു വേണ്ടി 25 കോടി ചെലവഴിച്ചെന്ന വാർത്ത തെറ്റ്; പ്രതികരിച്ച് RRR നിർമാതാവ് ഡിവിവി ധനയ്യ