ധനുഷ് ചിത്രം ജഗമേ തന്തിരം ട്രെയിലർ പങ്കുവെച്ച് അവഞ്ചേഴ്സ് സംവിധായകർ റൂസ്സോ ബ്രദേഴ്സ്. തമിഴിൽ ധനുഷിനെ പുകഴ്ത്തിയാണ് ട്വിറ്ററിൽ സംവിധായകർ ട്രെയിലർ പങ്കുവെച്ചത്. സൂപ്പർ ഡാ തമ്പി എന്നാണ് റൂസ്സോ ബ്രദേഴ്സ് ധനുഷിനെ അഭിനന്ദിച്ചിരിക്കുന്നത്. ഇന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്നത്. ഇന്ന് ഉച്ചയോടെ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റൂസ്സോ ബ്രദേഴ്സിന്റെ പുതിയ ചിത്രം ദി ഗ്രേ മാനിൽ ധനുഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ധനുഷിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചതിൽ ആവേശത്തിലാണെന്നും സംവിധായകർ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകർക്കും സംവിധായകർ ആശംസയറിയിച്ചിട്ടുണ്ട്.
ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ഗ്യാങ്സ്റ്റർ ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് നെറ്റ്ഫ്ലിക്സിലാണ് പുറത്തിറങ്ങുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനാകാത്തതിൽ ധനുഷും നിരാശനായിരുന്നു.
You may also like:Marakkar release | മരയ്ക്കാർ ഓണത്തിന് തിയേറ്ററിൽ വരും; റിലീസ് വാർത്ത പങ്കിട്ട് മോഹൻലാൽമലയാളിതാരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാകുന്നത്. ജോജുവും ജഗമേ തന്തിരത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ.
രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജഗമേ തന്തിരം.
അവഞ്ചേഴ്സ് സംവിധായകർ ജഗമേ തന്തിരത്തിന്റെ ട്രെയിലർ പങ്കുവെച്ചതിന്റെ ആവേശത്തിലാണ് ആരാധകരും. തമിഴ് സിനിമയുടെ അഭിമാന നിമിഷമാണിതെന്ന് ആരാധകർ പറയുന്നു.
കലയ്യരാസൻ, ശരത് രവി, ജെയിംസ് കോസ്മോ, റോമൻ ഫിയോറി, സൗന്ദർരാജ, ദുരൈ രാമചന്ദ്രൻ, മാസ്റ്റർ അശ്വത് എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. റിലീസിന് മുൻപ് തന്നെ 'രകിട്ട രകിട്ട..' ഉൾപ്പെടെയുള്ള ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണയാണ്. എഡിറ്റിങ് വിവേക് ഹർഷൻ.
ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനായി ലോസ് ആഞ്ചെൽസിലാണ് ധനുഷ് ഇപ്പോഴുള്ളത്. മാർക്ക് ഗ്രീനേയുടെ ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ് എന്നിവരും ഗ്രേ മാനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.