താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിൽ ഉടൻ ഔദ്യോഗിക തീരുമാനം വേണ്ടെന്ന് താര സംഘടന 'അമ്മ'യുടെ തീരുമാനം. ഈ മാസം 28ന് കൊച്ചിയിൽ ചേരാനിരുന്ന ജനറൽ ബോഡി യോഗം 'അമ്മ' 0മാറ്റി വച്ചു. പുതിയ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. കൊറോണ പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്.
ഒരു ഏറ്റുമുട്ടലിനില്ലെങ്കിലും പ്രതിഫലം സംബന്ധിച്ച കാര്യത്തിൽ നിർമ്മാതാക്കളുടെ സംഘടനയുമായി ഉടൻ ചർച്ച വേണ്ട എന്നാണ് 'അമ്മ'യുടെ തീരുമാനം.
പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വാർത്താ സമ്മേളനം വിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചതിലാണ് താരസംഘടനയ്ക്ക് അമർഷം. സംഘടനാപരമായി സംസാരിച്ച ശേഷം പരിഹാരം ഉണ്ടായില്ലെങ്കിൽ പരസ്യമായി ആവശ്യപ്പെടുന്നതായിരുന്നു ശരിയെന്നും 'അമ്മ' ഭാരവാഹികൾ പറയുന്നു. താരങ്ങൾ അമിതമായ പ്രതിഫലം വാങ്ങുന്നവരാണെന്ന തെറ്റിദ്ധാരണ പരത്താനാണ് ശ്രമിച്ചത്. പ്രതിഫലം കുറച്ചില്ലെങ്കിൽ പുതിയ സിനിമകൾ നിർമിക്കില്ലെന്ന് പ്രഖ്യാപിച്ചതും അവഹേളിക്കാനാണ്.
ഇരുസംഘടനകളുടെയും തലപ്പത്തുള്ളവർ അടുത്ത സുഹൃത്തുക്കളായിട്ടും എന്തുകൊണ്ട് നേരിട്ട് പറയുകയോ സംഘടനാപരമായി ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് താരങ്ങൾ ചോദിക്കുന്നു.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
രണ്ടു മൂന്ന് സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ ഉടനെ പ്രതിഫലം കുത്തനെ വർദ്ധിപ്പിക്കുന്നതാണ് താരങ്ങളുടെ പൊതുവായ രീതിയെന്ന് നിർമ്മാതാക്കൾ പറയുന്നു. അഞ്ചും പത്തും ഇരട്ടിയാണ് പലരും പ്രതിഫലം വർദ്ധിപ്പിക്കുന്നത്. കരാർ വച്ച ശേഷം പ്രതിഫലം കൂട്ടിച്ചോദിക്കുന്നതും പതിവായിട്ടുണ്ട്. ഈ രീതി ഇനി അനുവദിക്കാനാവില്ലെന്നാണ് നിർമ്മാതാക്കളുടെ നിലപാട്. എന്നാൽ കരാർ വച്ച പ്രതിഫലം പോലും നൽകാത്ത നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാമെന്ന് അമ്മ ഭാരവാഹികളും പറയുന്നു.
അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ ഉടനെ ചർച്ചയ്ക്ക് വഴങ്ങേണ്ടെന്നാണ് 'അമ്മ'യുടെ തീരുമാനം. അതിനാലാണ് ഈ മാസം 27 ന് നടക്കേണ്ട നിർവാഹക സമിതി യോഗവും 28ന് നടക്കേണ്ട പൊതുയോഗവും മാറ്റിവച്ചത്. പുതിയ തീയതി സംബന്ധിച്ച സൂചനയും നൽകിയിട്ടില്ല. പ്രതിഫലം സംബന്ധിച്ച് പിടിവാശിയില്ലെന്ന് മമ്മൂട്ടിയും മോഹൻലാലും അറിയിച്ച ശേഷമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ഇത് മനപൂർവം അപമാനിക്കാനുള്ള നീക്കമായാണ് താരങ്ങൾ കാണുന്നത്.
66 സിനിമകൾ പ്രദർശനത്തിന് തയ്യാറായി നിൽക്കുകയാണ്. ഇത് എന്ന് തീയറ്ററുകളിൽ എത്തുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണത്തെക്കുറിച്ച് തിരക്കിട്ട് തീരുമാനിക്കേണ്ടതില്ലെന്നും 'അമ്മ' ഭാരവാഹികൾ പറയുന്നു.
പ്രതിഫലം കുറഞ്ഞ താരങ്ങളെ വച്ച് സിനിമാ ചെയ്യാനുള്ള സ്വാതന്ത്ര്യം നിർമ്മാതാക്കൾക്കുണ്ട്. കരാർ വയ്ക്കുമ്പോൾ തന്നെ പ്രതിഫല കാര്യത്തിൽ തീരുമാനമാകുന്നതാണ്. പരസ്യമായി ആവശ്യപ്പെട്ട് താരങ്ങളെ സമ്മർദ്ദത്തിലാക്കാനാവില്ലെന്നും താരസംഘടന പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 25 years of AMMA, AMMA, AMMA Executive, Amma meeting