• HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan 2 Review | ചോള-പാണ്ഡ്യ പോരിന് ഐതിഹാസികമായ അന്ത്യം; ഇത് മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2

Ponniyin Selvan 2 Review | ചോള-പാണ്ഡ്യ പോരിന് ഐതിഹാസികമായ അന്ത്യം; ഇത് മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പൊന്നിയിന്‍ സെല്‍വന് മാത്രമായി ഒരിടം എല്ലാക്കാലത്തും ഉണ്ടാവും

  • Share this:

    പകയ്ക്ക് പക… പ്രതികാരത്തിന് പ്രതികാരം… ചോരയ്ക്ക് ചോര അധികാരത്തിനായി രാജവംശങ്ങള്‍ യുദ്ധം ആരംഭിച്ച കാലം മുതലുള്ള ഈ യുദ്ധനീതി ചോള – പാണ്ഡ്യ വംശ പകയിലൂടെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം. കഥ ആരംഭിച്ചപ്പോള്‍ രാജരക്തം കൊതിച്ച് തഞ്ചാവൂര്‍ കോട്ടയ്ക്ക് മുകളില്‍ ഉദിച്ചു  നിന്ന വാല്‍നക്ഷത്രം ലക്ഷ്യം നിറവേറ്റി വാനില്‍ മറയുന്നതോടെ അവസാനിക്കുകയാണ് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവല്‍ പൊന്നിയിന്‍ സെല്‍വന്‍റെ ദൃശ്യാവിഷ്കാരം.

    ആദ്യ ഭാഗത്ത് പ്രേക്ഷകര്‍ കണ്ടതിനും കേട്ടതിനുമെല്ലാം ഉത്തരം നല്‍കി കൊണ്ടാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദിത്യകരികാലന്‍റെ നഷ്ടപ്രണയം, നന്ദിനിയുടെ പ്രതികാരം, അരുള്‍ മൊഴി വര്‍മ്മന്‍ മരണപ്പെട്ടു എന്ന അഭ്യൂഹം എന്നിങ്ങനെയുള്ള രംഗങ്ങളുടെ തുടര്‍ച്ചയാണ് രണ്ടാം ഭാഗത്തില്‍ ഉടനീളം കാണാന്‍ കഴിയുക.

    സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിനായി നോവലില്‍ നിന്നും വ്യത്യസ്തമായ ചില പരീക്ഷണങ്ങള്‍ മണിരത്നം രണ്ടാം ഭാഗത്തില്‍ നടത്തിയിട്ടുണ്ട്. ആദ്യ ഭാഗത്ത് ഉത്തരം ലഭിക്കാതെ പോയ ചോദ്യങ്ങള്‍ക്ക് വിശ്വസനീയമാം വിധം മറുപടി നല്‍കാന്‍ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ മണിരത്നത്തെ സഹായിച്ചെന്ന് തന്നെ വിലയിരുത്താം.

    അവതരണത്തിലേക്ക് വന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ മികവുറ്റതാണ് പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം. കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഓരോ ലെയറും എടുത്ത് കാണിക്കുന്ന രംഗങ്ങളാലും അളന്നുമുറിച്ച സംഭാഷണങ്ങള്‍ കൊണ്ടും സമ്പന്നമാണ് പിഎസ് 2.  അത്യുഗ്രന്‍ ഫ്രെയിമുകളും കളര്‍ ഗ്രേഡിങ്ങും ദൃശ്യങ്ങളെ മികവുറ്റതാക്കുന്നു. ക്യാമറമാന്‍ രവി വര്‍മ്മന്‍റെ കരിയറിലെ എടുത്ത് കാണിക്കാവുന്ന സൃഷ്ടിയായി പൊന്നിയിന്‍ സെല്‍വനെ കണക്കാക്കാം. ഒന്നാം ഭാഗത്ത് അനുഭവപ്പെട്ട ഇഴഞ്ഞുനീങ്ങലുകള്‍ക്ക് ഇടം കൊടുക്കാതെയാണ് ഇത്തവണ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് തന്‍റെ ഭാഗം നിര്‍വഹിച്ചിരിക്കുന്നത്. ഗ്രാഫിക്സിന്‍റെ അതിപ്രസരം ഇല്ലാതെ സീനുകള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കും വിധമാണ് യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഒരുക്കിയിട്ടുള്ളത്.

    ഒറ്റയിടിക്ക് ശത്രുവിനെ കിലോമീറ്ററുകള്‍ ദൂരത്തേക്ക് പറപ്പിക്കുന്ന പതിവ് ആക്ഷന്‍ രംഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് ഓരോ ആക്ഷന്‍ സീനുകളും കൈകാര്യം ചെയ്തിരിക്കുന്നതെന്ന് പറയാം. എ.ആര്‍ റഹ്മാന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ വേറെ തലത്തില്‍ എത്തിക്കുന്നു. തൃഷയും കാര്‍ത്തിയും ഒത്തുള്ള പ്രണയ രംഗങ്ങളിലും വിക്രം – ഐശ്വര്യ റായ് കോമ്പിനേഷന്‍ സീനുകളിലുമുള്ള എ.ആര്‍ റഹ്മാന്‍റെ പശ്ചാത്തല സംഗീതം മികച്ച് നില്‍ക്കുന്നു.

    ആദ്യ ഭാഗം പോലെ തന്നെ വന്ദിയതേവനായി അരങ്ങുവാണ കാര്‍ത്തി തന്നെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ജയറാമും കാര്‍ത്തിയും ചിരിപടര്‍ത്തിയ ആഴ്വാര്‍ക്കടിയാന്‍ നമ്പി-വന്ദിയതേവന്‍ കോമ്പിനേഷനും രണ്ടാം ഭാഗത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. പ്രേക്ഷകര്‍ കാണാന്‍ കൊതിച്ചിരുന്ന മണിരത്നം ടച്ചുള്ള പ്രണയരംഗങ്ങള്‍ കാര്‍ത്തിയും തൃഷയും ചേര്‍ന്ന് ഗംഭീരമാക്കി. നഷ്ടപ്രണയത്തിന്‍റെ നോവുന്ന മനസുമായി ജീവിക്കുന്ന ആദിത്യകരികാലന്‍റെ വേറിട്ടമുഖവുമായാണ് വിക്രമിനെ രണ്ടാം ഭാഗത്തില്‍ കാണാന്‍ കഴിയുക. പകയും പ്രതികാരവും നിഴലിക്കുന്ന നന്ദിനിയെ തീക്ഷണത ഒട്ടും ചോരാതെ ഐശ്വര്യ റായ് അവതരിപ്പിച്ചിട്ടുണ്ട്. ടൈറ്റില്‍ റോളിലായ അരുള്‍ മൊഴിവര്‍മ്മനായി ജയം രവിയും ചിത്രത്തില്‍ ഉടനീളം തിളങ്ങി നിന്നു. ശരത് കുമാര്‍, പാര്‍ത്ഥിപന്‍, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രഭു, ലാല്‍, ബാബു ആന്‍റണി എന്നിവരും കൃത്യമായ ഇടവേളകളിലെത്തി അവരുടെ സാന്നിദ്ധ്യം അറിയിച്ച് പോകുന്നു.

    ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കണ്ടുശീലിച്ച പതിവ് പീരിഡ് സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് മണിരത്നം എന്ന മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ പൊന്നിയിന്‍ സെല്‍വനെ സൃഷ്ടിച്ചിരിക്കുന്നത്. ബാഹുബലി അടക്കമുള്ള പീരിഡ് ഡ്രാമകളോട് ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കുന്ന ചിത്രമല്ല പൊന്നിയിന്‍ സെല്‍വന്‍. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പൊന്നിയിന്‍ സെല്‍വന് മാത്രമായി ഒരിടം എല്ലാക്കാലത്തും ഉണ്ടാവും.

    Published by:Arun krishna
    First published: