ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും നീക്കിയതിന്റെ കാരണവുമായി പ്രേം കുമാർ
- Published by:meera_57
- news18-malayalam
Last Updated:
അഭിപ്രായം പറഞ്ഞതോടെ പുറത്തുപോകേണ്ടിവന്നു. സഹപ്രവർത്തകരോട് യാത്ര പറയാനുള്ള അവസരം പോലും തന്നില്ല
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും നീക്കിയതിന്റെ കാരണം വ്യക്തമാക്കി നടൻ പ്രേം കുമാർ (Prem Kumar). സ്ഥാനത്തു നിന്നും നീക്കുന്നതിന് മുൻപ് നേരിട്ട് കാണാനുള്ള അവസരം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. കാണാൻ സമയമില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച പ്രതികരണം. അഭിപ്രായം പറഞ്ഞതോടെ പുറത്തുപോകേണ്ടിവന്നു. സഹപ്രവർത്തകരോട് യാത്ര പറയാനുള്ള അവസരം പോലും തന്നില്ല. കോൺഗ്രസിലേക്ക് പോകുമെന്ന വാർത്ത വന്നപ്പോഴാണ് പാർട്ടി അനുനയത്തിനു ശ്രമിച്ചതെന്നും പ്രേം കുമാർ ന്യൂസ് 18നോട് വ്യക്തമാക്കി. താനിപ്പോൾ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്.
മന്ത്രി സജി ചെറിയാന്റെ ഭാഗത്തു നിന്നും തന്നെ സ്ഥാനത്തു നിന്നും മാറ്റില്ലെന്ന തരത്തിൽ പ്രതികരണം ഉണ്ടായെങ്കിലും, അപ്പോഴും മാധ്യമങ്ങളിൽ വാർത്ത വന്നുകൊണ്ടേയിരുന്നു. ഈ സമയങ്ങളിലും താൻ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന തിരക്കിലായിരുന്നു എന്ന് പ്രേം കുമാർ.
"മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടു എന്ന് തന്നെ ഞാൻ പറയുന്നു. അദ്ദേഹത്തിന്റെ പി.എസുമായി നല്ല സൗഹൃദമുണ്ട്. അദ്ദേഹത്തെ പലതവണ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും ഫോൺ എടുക്കുകയോ എന്നെ തിരികെ വിളിക്കുകയോ ചെയ്തില്ല. ഇതിൽ അസ്വാഭാവികത തോന്നി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തീരുമാനിച്ചിരുന്നു. അതിന്റെ തലേദിവസം മാധ്യമങ്ങളിലൂടെയാണ് എന്നെ ആ സ്ഥാനത്തു നിന്നും മാറ്റി എന്ന് ഞാൻ അറിയുന്നത്.
advertisement
നവംബർ മാസം ഒന്നിന് തിരുവനന്തപുരത്തു പ്രഖ്യാപിക്കേണ്ട പുരസ്‌കാരങ്ങൾ മൂന്നാം തീയതി തൃശൂരിലേക്ക് മാറ്റി. ഇതിനിടയിൽ പുതിയ ചെയർമാൻ വരുന്നു. എന്നെ മാറ്റിയ വിവരമോ, പുതിയ ചെയർമാൻ വരുന്ന വിവരമോ എന്നെ അറിയിച്ചില്ല. മാന്യമായ യാത്രയയപ്പ് വേണമെന്ന് അവകാശപ്പെടുന്നില്ല. മൂന്നു വർഷത്തോളം വളരെ ആത്മാർത്ഥമായി എന്റെ കൂടെ പ്രവർത്തിച്ച സഹപ്രവർത്തകരോട് നന്ദി പറയാനുള്ള അവസരം പോലും എനിക്ക് നിഷേധിക്കപ്പെട്ടു," പ്രേം കുമാർ വ്യക്തമാക്കി.
2022 മുതൽ ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചുപോന്ന പ്രേം കുമാറിന്, 2024ൽ ചെയർമാന്റെ ഇടക്കാല ചുമതല കൂടി ഏൽപിപ്പിക്കുകയായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ആരോപണവിധേയനായ മുൻ ചെയർമാൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് പ്രേം കുമാർ കടന്നുവന്നത്.
advertisement
Summary: Actor Prem Kumar has clarified the reason for his removal from the post of Kerala State Chalachitra Academy Chairman. Chief Minister Pinarayi Vijayan denied him the opportunity to meet him in person before removing him from the post. The response received from the Chief Minister's office was that there was no time to meet him. Prem Kumar alleged that he had to leave after expressing his opinion. He was even denied any chance to say goodbye to his colleagues. Prem Kumar told News 18 Kerala that the party tried to persuade him when the news of his joining the Congress came
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 05, 2026 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും നീക്കിയതിന്റെ കാരണവുമായി പ്രേം കുമാർ








