ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും പ്രചാരണങ്ങൾക്കും വിരാമം. ഈ വർഷത്തെ അക്കാദമി അവാർഡുകൾക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ആർആർആർ തിരഞ്ഞെടുക്കപ്പെട്ടില്ല.
95-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ 2023-ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തന്റെ ബ്രഹ്‌മാണ്ഡ വിജയചിത്രമായ ആർആർആർ തിരഞ്ഞെടുക്കപ്പെടാത്തതിൽ എസ്എസ് രാജമൗലി നിരാശനാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. സംവിധായകൻ പാൻ നളിന്റെ ഗുജറാത്തി ചിത്രമായ ചെല്ലോ ഷോ അല്ലെങ്കിൽ ദി ലാസ്റ്റ് ഫിലിം ഷോ ആണ് ഈ വർഷത്തെ ഇന്ത്യയുടെ ഓസ്‌കാർ എൻട്രിക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇപ്പോൾ ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള ഒരു ഇന്റർവ്യൂവിൽ RRR സംവിധായകൻ ഇതേക്കുറിച്ച് സംസാരിച്ചു.
“ചെല്ലോ ഷോ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്, അതേസമയം ആർആർആർ ഓസ്കാറിന് തിരഞ്ഞെടുക്കപെടാൻ കൂടുതൽ സാധ്യതയുള്ളസിനിമ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.” ദി ഹോളിവുഡ് റിപ്പോർട്ടറോട് രാജമൗലി പ്രതികരിച്ചു.
Also read-ഭൂനികുതി അടച്ചില്ല; ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്
“ഈ തീരുമാനം തീർച്ചയായും നിരാശാജനകമാണ്, എന്നാൽ എന്തുകൊണ്ട് ആർആർആർ തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് ചിന്തിച്ച് ഇരിക്കുന്നവരല്ല ഞങ്ങൾ, സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. നമ്മൾ മുന്നോട്ട് പോകണം. പക്ഷെ എനിക്ക് സന്തോഷമുണ്ട്, കാരണം ചെല്ലോ ഷോയും ഒരു ഇന്ത്യൻ സിനിമയാണ്, ഓസ്‌കാറിന്റെ ഷോർട്ട്‌ലിസ്റ്റിലാണ് അത് ഇടം നേടിയിരിക്കുന്നത്. അക്കാര്യത്തിൽ ഞാൻ തികച്ചും സന്തോഷവാനാണ്. തീർച്ചയായും, ആർആർആർന് ഇതിലും വലിയ അവസരമുണ്ടെന്ന് എല്ലാവർക്കും അറിയാം. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ എങ്ങനെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് എനിക്കറിയില്ല, കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ എന്താണെന്നും എനിക്കറിയില്ല, അതേക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാനും
എനിക്ക് കഴിയില്ല, ” രാജമൗലി പറഞ്ഞു.
ഏറ്റവും ഒടുവിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് ആർആർആർ നേടിയിരുന്നു. തിങ്കളാഴ്ച ലോസ് ഏഞ്ചൽസിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ “നാട്ടു നാട്ടു” എന്ന പാട്ടിന് മികച്ച ഗാനത്തിനുള്ള പുരസ്ക്കാരവും ലഭിച്ചു. കൂടാതെ “നാട്ടു നാട്ടു” ന് മികച്ച ഗാനത്തിനുള്ള 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചു.
രാം ചരണും ജൂനിയര്‍ എന്‍ടിആറും അഭിനയിച്ച ഈ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്.95-ാമത് ഓസ്‌കാർ അവാർഡിനുള്ള ഒറിജിനൽ സോംഗ് വിഭാഗത്തിൽ നാട്ടു നാട്ടുവും ചുരുക്ക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ സിനിമ ഓസ്‌കാർ നേടിയാൽ താനും ജൂനിയർ എൻടിആറും സ്റ്റേജിൽ നൃത്തം ചെയ്യുമെന്ന് രാം ചരൺ പറഞ്ഞിരുന്നു. നാട്ടു നാട്ടു എന്ന തെലുങ്ക് ഗാനം സംഗീതസംവിധായകൻ എംഎം കീരവാണി രചിച്ച് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ് പാടിയത്. യുവാക്കൾക്കിടയിൽ ഈ ഗാനം വൻ ഹിറ്റായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.