'ന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ!' ആർ.ജെ. ഫിറോസിന്റെ ഓർമ്മക്കുറിപ്പ്

news18india
Updated: October 2, 2018, 4:19 PM IST
'ന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ!' ആർ.ജെ. ഫിറോസിന്റെ ഓർമ്മക്കുറിപ്പ്
  • News18 India
  • Last Updated: October 2, 2018, 4:19 PM IST IST
  • Share this:
ആ പഴയ കലാലയ താഴ്വരയിൽ അവർ ഒന്നിച്ചായിരുന്നു. വയലിൻ കൊണ്ട് വിസ്മയം തീർത്ത ബാലഭാസ്കറിന്റെ ചങ്ങാതിക്കൂട്ടത്തിൽ ഇപ്പോൾ കിടിലം ഫിറോസെന്ന പേരിൽ അറിയുന്ന ആർ.ജെ., അന്നത്തെ ഫിറോസ് അസീസുമുണ്ടായിരുന്നു. ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയത്തിനു യൂണിവേഴ്സിറ്റി കോളേജിലെ ഇലകളും, പൂക്കളും, മരങ്ങളും, തണലുമെന്ന പോലെ സാക്ഷികളായി ഇവരും ഉണ്ടായിരുന്നു. പിന്നീട് ജീവിത സരണിയിൽ സമാനതകളുള്ള പാതയിൽ ആ പഴയ കൂട്ടുകാരന്മാർ ഒത്തു കൂടി.

പ്രിയ തോഴൻ ജീവനും മരണത്തിനുമുള്ള ഞാണിന്മേൽ കളിയിൽ ഇനി എന്തെന്നറിയാതെ ഉഴലുമ്പോഴും, പിടയുന്ന വേദന മറച്ചു വച്ചു 'ബാലു ചേട്ടനും ചേച്ചിയും സുഖമായി വരുന്നു'വെന്നു പറഞ്ഞു മറ്റുള്ളവരെ ആശ്വസിപ്പിച്ചിരുന്നു ഫിറോസ്. മരണ വാർത്തയിൽ ആടിയുലഞ്ഞ നേരത്തു അടക്കിപ്പിടിച്ച തേങ്ങലുകൾ അണപൊട്ടി വാക്കായി വരിയായി ഒഴുകി. തന്റെ ഫേസ്ബുക് ചുമരിൽ ആ ദുഃഖം കരകവിഞ്ഞൊഴുകി."ന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ ! എന്തൊരു ശൂന്യതയാണ് ആ ചിന്ത പോലും !ചിരിക്കുമ്പോൾ കുറുകുന്ന കണ്ണുകൾ ഇനിയില്ല !സംസാരിക്കുമ്പോൾ പടർത്തുന്ന പ്രകാശം ഇനിയില്ല !വയലിനിൽ വിരിയാനിരുന്ന ആയിരമായിരം മാന്ത്രിക നാദവിസ്മയങ്ങൾ ഇനിയില്ല !!", ഫിറോസ് ഫേസ്ബുക്കിൽ കുറിച്ച വരികളിൽ നിന്ന്.

ബാലഭാസ്കറിനു കലാലോകത്തിന്റെ കണ്ണീർ പുഴ
 വാകപ്പൂക്കൾ വീഴുന്നത് നോക്കി പ്രണയം പങ്കു വച്ച ലക്ഷ്മിയും ബാലുവും. യുവജനോത്സവങ്ങളിലെ വിസ്മയമായിരുന്നു കൂട്ടുകാർക്കു ബാലഭാസ്കർ. "നീണ്ട തീവണ്ടി യാത്രകളിൽ നിങ്ങളുടെ കുറുമ്പും തമാശയും സംഗീതത്തിലെ അപാര പാടവവും കണ്ടു അതിശയത്തോടെ നോക്കിയിരുന്ന ഞങ്ങൾ എല്ലായ്പ്പോഴും പറയുമായിരുന്നു ,ബാലുച്ചേട്ടൻ ലോകത്തെ അതിശയിപ്പിക്കുമെന്ന് !", ഫിറോസ് ഓർമ്മിക്കുന്നു.

വാക്കുകളും വാചകങ്ങളും ജീവിതമാക്കാനുള്ള ആ പ്രചോദനം തന്റെ ബാലു ചേട്ടനല്ലാതെ മറ്റാരുമല്ലായിരുന്നു. "നീയീ വാക്കുകളിലെ തീപ്പൊരിയൊക്കെ ഒളിപ്പിച്ചു വയ്ക്കാതെ പരമാവധി പുറത്തെടുക്ക് .ഒരു മോട്ടിവേഷണൽ സ്പീക്കർ നിന്റെയുള്ളിലുണ്ട് !! ആ വാക്കുകളായിരുന്നു എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ !"

ഇനിയുള്ള യാത്രകളിൽ ലക്ഷ്മി തനിച്ചാവുമ്പോൾ, ഫിറോസ് ആഗ്രഹിക്കുകയാണ്, ബാലു ചേട്ടൻ അവർക്കൊപ്പം അദൃശ്യനായി കൂടെയുണ്ടാവട്ടെയെന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading