ബാലഭാസ്കറിനു കലാലോകത്തിന്റെ കണ്ണീർ പുഴ

news18india
Updated: October 2, 2018, 4:22 PM IST
ബാലഭാസ്കറിനു കലാലോകത്തിന്റെ കണ്ണീർ പുഴ
  • Share this:
ഇത് പെയ്തൊഴിയാത്ത അശ്രുപൂജ. ലാളിത്യത്തിന്റെ നിറ പുഞ്ചിരിയുമായി നിറഞ്ഞു നിന്ന പ്രിയ സംഗീതജ്ഞന്റെ വിയോഗം മലയാളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. രാജ്യം എമ്പാടുമുള്ള ചലച്ചിത്ര, ഗാന, കലാ രംഗമാകെ തേങ്ങുകയാണു ബാലഭാസ്കറിന്റെ അകാല വിയോഗത്തിൽ.

പഴമയുടെ നിറമുണ്ട് നടൻ മോഹൻലാൽ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ച 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി' ഗാനത്തിന്റെ ബാലു ഭാഷ്യം. തോളത്തു ചാരിവച്ച വയലിനിൽ ആ മാന്ത്രിക വിരൽ പായിച്ചു ജോൺസൻ മാഷിനും ലാലിനും അർപ്പിച്ച സംഗീത പൂജക്ക്‌ നിറവും ഗന്ധവും മായുന്നില്ല. "വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ.... ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികൾ." മോഹൻലാൽ കുറിച്ചു.
"വളരെ പെട്ടെന്ന്, തീർത്തും അന്യായമായിപ്പോയി. ബാലു, നിന്റെ ആത്മാവിനു ശാന്തി നേരുന്നു. അച്ഛനും മകളും ഒരു നല്ലയിടത്തിൽ ഒന്നിച്ചുണ്ടാവട്ടെ," പൃഥ്‌വിരാജ് കുറിക്കുന്നു.

"ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല..." ഞെട്ടൽ മാറാതെ മഞ്ജു വാര്യർ."ബാലഭാസ്കറിനെയും മകൾ തേജസ്വിനിയെം കുറിച്ചു കേൾക്കുമ്പോൾ ഹൃദയം തകരുന്നു. ഈ ദാരുണ നഷ്ടം താങ്ങാൻ കുടുംബത്തിന് ഈശ്വരൻ കറുത്ത് പകരട്ടെ. ഈ വാർത്ത എന്റെ മനസ്സിൽ നിന്നും വിട്ടു പോവുന്നില്ല," ദുൽക്കർ സൽമാന്റെ വാക്കുകൾ.

"ബാലു ഏട്ടാ, എനിക്ക് തന്ന ഉപദേശങ്ങൾക്കു നന്ദി. ഈ വാർത്ത വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. താങ്കളെ അറിയുന്നതു, താങ്കൾക്കൊപ്പം അവതരണത്തിനെത്തുന്നത് എല്ലാം ഒരു അഭിമാനമായിരുന്നു. നിങ്ങൾ ഒരു ബുദ്ധിമാനായിരുന്നു. നിങ്ങളുടെ പ്രകടനങ്ങൾ എന്നും ഓർമ്മിക്കപ്പെടും. ആ ചിരി ജന ഹൃദയങ്ങളിൽ നിലനിൽക്കും." നടനും, ഗായകനുമായ വിനീത് ശ്രീനിവാസൻ ഓർമ്മിക്കുന്നു.

ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം


"തകർന്നുപോകുന്ന വാർത്ത. ഇന്ത്യക്കു ഒരു അമൂല്യ നിധി നഷ്ടമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച വയലിനിസ്റ് ഇല്ലായെന്ന് ദുഖത്തോടെ കേൾക്കുന്നു..." ശിവമണിയുടെ ട്വീറ്റ് ഇങ്ങനെ.

ശങ്കർ മഹാദേവനും താങ്ങാനാവുന്നില്ല ഈ നഷ്ടം. "തീർത്തും ദുഖകരം. ഇതുമായി പൊരുത്തപ്പെടാനാവുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട ബാലഭാസ്കർ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. സംഗീതത്തിന് ദൗര്ഭാഗ്യ ദിനം. കുടുംബത്തിന് ഞങ്ങളുടെ പ്രാർത്ഥനകൾ.""പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങൾക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ???" ഈ വരികൾക്കിടയിൽ വായിക്കാം വിധു പ്രതാപ് എന്ന കൂട്ടുകാരന്റെ ഉള്ളിലെ നിലവിളി.

മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഗോപി സുന്ദർ ബാലുവിനു കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി അർപ്പിച്ചവരുടെ പട്ടിക ഒഴുകുകയാണു. കണ്ണീർ പുഴയായി.

First published: October 2, 2018, 12:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading