സെയിഫ് അലി ഖാൻ ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് അംഗീകാരം; ശരിയല്ലെന്ന് ഡോക്ടർമാർ
- Published by:meera_57
- news18-malayalam
Last Updated:
സെയിഫ് അലിഖാന്റെ ചികിത്സയ്ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു
അക്രമിയുടെ കുത്തേറ്റ് ചികിത്സ തേടിയ ബോളിവുഡ് നടന്‍ സെയിഫ് അലിഖാന്റെ (Saif Ali Khan) ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനി 25 ലക്ഷം രൂപ വേഗത്തില്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് വിവാദം. ഇത്ര വലിയ തുക വേഗത്തില്‍ അനുവദിച്ചതിന് 14,000 മെഡിക്കല്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എഎംസി) ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയെ (ഐആര്‍ഡിഎഐ) വിമര്‍ശിച്ച് രംഗത്തെത്തി. സാധാരണക്കാരനായ ഒരാള്‍ക്ക് ഇത്തരത്തില്‍ തുക ലഭിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സെയിഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സര്‍ജറിക്ക് വിധേയമായ നടന്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
ക്ലെയിമുകള്‍ അനുവദിക്കുന്നതില്‍ അസമത്വം നിലനില്‍ക്കുന്നതായി ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദഗ്ധനായ നിഖില്‍ ഝാ പറഞ്ഞു. സാധാരണക്കാരനായ ഒരാള്‍ക്കാണ് ഇത് സംഭവിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത വ്യക്തികള്‍ക്ക് നല്‍കുന്ന മുന്‍ഗണന ചികിത്സ ആരോഗ്യ സംവിധാനത്തിലെ നീതിയെയും തുല്യതയെയും കുറിച്ച് നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
"സെയിഫ് അലി ഖാന്റെ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനി ലീലാവതി ആശുപത്രിക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷം രൂപ അനുവദിച്ചു. എഡിക്കോലീഗല്‍ കേസുകളില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെടുക എന്നതാണ് സാധാരണയുള്ള പ്രക്രിയ. സെയിഫ് അലിഖാന്റെ കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ഇത് ഒഴിവാക്കുകയും 25 ലക്ഷത്തിനുള്ള പണരഹിത ചികിത്സയ്ക്കുള്ള അഭ്യര്‍ത്ഥന ഉടന്‍ അംഗീകരിക്കുകയും ചെയ്തു," എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഝാ പറഞ്ഞു.
advertisement
സെയിഫ് അലിഖാന്റെ ചികിത്സയ്ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. 35.95 ലക്ഷം രൂപയുടെ ക്ലെയിമിനാണ് അദ്ദേഹം അപേക്ഷിച്ചതെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു.
35.95 ലക്ഷം രൂപയുടെ ക്ലെയിമിനായി നടന്‍ അപേക്ഷിച്ചുവെന്നും അതില്‍ 25 ലക്ഷം രൂപ ഇതിനോടകം തന്നെ അംഗീകരിച്ചതായും ഇന്‍ഷുറന്‍സ് സ്ഥാപനം സ്ഥിരീകരിച്ചിട്ടുണ്ട്.
ഐആര്‍ഡിഎഐക്ക് എഎംസിയുടെ കത്ത്
''സെലിബ്രിറ്റികള്‍ക്കും ഉന്നതവ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് പോളിസികളുള്ള രോഗികള്‍ക്കും അനുകൂലമായ നിബന്ധനകളും ഉയര്‍ന്ന പണരഹിത ചികിത്സാ പരിധികളും ലഭിക്കുന്നു. എന്നാല്‍ സാധാരണ പൗരന്മാര്‍ക്ക് അപര്യാപ്തമായ കവറേജും കുറഞ്ഞ റീഇംബേഴ്‌സ്‌മെന്റ് നിരക്കുകളും ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുന്നു. ഇത് അസ്വസ്ഥമായ പ്രവണതയെയാണ് എടുത്തുകാണിക്കുന്നത്'', എഎംസിയുടെ കത്തില്‍ പറയുന്നു.
advertisement
ഇത്തരം രീതികള്‍ അന്യായമായ അസമത്വം സൃഷ്ടിക്കുകയാണെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു. "ഞങ്ങള്‍ കോര്‍പ്പറേറ്റ് ആശുപത്രികള്‍ക്കോ സെലിബ്രിറ്റികള്‍ക്കോ എതിരല്ല. നഴ്‌സിംഗ് ഹോമുകളിൽ ചികിത്സിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഇതേ ചികിത്സയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്," എഎംസിയുടെ മെഡിക്കോ-ലീഗന്‍ വിഭാഗം തലവന്‍ ഡോ. സുധീര്‍ നായിക് പറഞ്ഞു.
Summary: Debate over Bollywood actor Saif Ali Khan getting approval for his Rs 25 lakhs insurance claim without delay
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 27, 2025 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സെയിഫ് അലി ഖാൻ ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് അംഗീകാരം; ശരിയല്ലെന്ന് ഡോക്ടർമാർ