Singer KK | പ്രമുഖ ബോളിവുഡ് ഗായകന്‍ കെകെ അന്തരിച്ചു; അന്ത്യം സംഗീത പരിപാടിയ്ക്ക് പിന്നാലെ
- Published by:Arun krishna
- news18-malayalam
Last Updated:
കൊൽക്കത്തയിലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി
കൊൽക്കത്ത :∙ബോളിവുഡിലെ പ്രമുഖ ഗായകനായ കെകെ (കൃഷ്ണകുമാർ കുന്നത്ത് – 53) അന്തരിച്ചു. ഇന്നലെ രാത്രി കൊൽക്കത്തയിലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ആൽബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും ഹിന്ദി സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു.
Saddened by the untimely demise of noted singer Krishnakumar Kunnath popularly known as KK. His songs reflected a wide range of emotions as struck a chord with people of all age groups. We will always remember him through his songs. Condolences to his family and fans. Om Shanti.
— Narendra Modi (@narendramodi) May 31, 2022
advertisement
തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളജിലും പഠനക്കാലത്ത് കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ അദ്ദേഹം ഹൃദിസ്ഥമാക്കി.
സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്‌ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകൾ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി. തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളില്‍ പരസ്യങ്ങള്‍ക്ക് കെ.കെ ശബ്ദം നല്‍കിയിട്ടുണ്ട്.
advertisement
മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം....’ എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലർ ചാർട്ടുകളുടെ മുൻനിരയിലെത്തിച്ചു.
എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനം. വൈകാതെ തമിഴിലും തെലുങ്കിലും സ്‌ഥിരം ഗായകനായി. മലയാളത്തിൽ പാടാൻ പിന്നെയും വൈകി. ആയുധം എന്ന സിനിമയിൽ പാടിയെങ്കിലും യേശുദാസിന്റെ സ്‌ഫടികസമമായ സ്വരം കേട്ടു ശീലിച്ച മലയാളികൾ തന്റെ ഉച്ചാരണശുദ്ധിയില്ലായ്‌മ സ്വീകരിക്കുമോ എന്നു സംശയിച്ചു. മലയാളത്തിൽ പുതിയ മുഖത്തിലെ ‘രഹസ്യമായ്’ ഹിറ്റ് ഗാനമാണ്.
advertisement
"നിനൈത്ത് നിനൈത്ത് പാർത്തേൻ' (7g റെയിൻബോ കോളനി), "കാതൽ വളർത്തേൻ" (മന്മഥൻ), "പത്തുക്കുള്ളേ നമ്പർ ഒണ്ണ് സൊല്ല്" (വസൂൽരാജ MBBS), "ഉയിരിന്നുയിരേ..." (കാക്ക കാക്ക), "ആംഖോം മേ തേരി" (ഓം ശാന്തി ഓം) എന്നിവയും കെകെയുടെ ഹിറ്റ് ഗാനങ്ങളാണ്,
1999ൽ പുറത്തിറങ്ങിയ ‘പൽ’ എന്ന ആൽബം കെകെയെ ഇൻഡി-പോപ്പ് ചാർട്ടുകളിൽ മുകളിലെത്തിച്ചു. രണ്ടാമത്തെ ആൽബം ഹംസഫറും വൻ തോതിൽ ആരാധകരെ നേടി. പിന്നാലെ സ്‌റ്റേജ് ഷോകളുമായി രാജ്യമാകെ തരംഗം തീർത്തു. ഹിന്ദിയിൽ ക്യാ മുജെ പ്യാർ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്‌നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റർ), തൂനെ മാരി എൻട്രിയാൻ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴിൽ സ്ട്രോബറി കണ്ണേ (മിൻസാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിൻ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റിൽ പെടുന്നു.
advertisement
5 തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കെകെ പാടിയ പരസ്യചിത്രഗാനങ്ങൾ പലതും നമ്മളറിയും; പെപ്സിയുടെ ‘യേ ദിൽ മാംഗേ മോർ’ അത്തരമൊന്നാണ്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2022 6:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Singer KK | പ്രമുഖ ബോളിവുഡ് ഗായകന്‍ കെകെ അന്തരിച്ചു; അന്ത്യം സംഗീത പരിപാടിയ്ക്ക് പിന്നാലെ