ഷൂട്ടിംഗ് തിരക്കുകൾ ഒഴിഞ്ഞ പൃഥ്വിരാജിനെ കുടുംബത്തോടൊപ്പം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. 'ആടുജീവിതം' പൂർത്തിയാക്കിയതിൽ പിന്നെയാണ് പൃഥ്വിരാജ് മകൾ അല്ലിക്കും ഭാര്യ സുപ്രിയയ്ക്കും ഒപ്പം കൂടുതൽ സമയം ചിലവിട്ടത്. പിന്നീട് സിനിമാ ഷൂട്ടിംഗ് ആരംഭിച്ചതോടു കൂടി പൃഥ്വി ഒന്നിനുപിറകെ ഒന്നെന്ന നിലയിൽ സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് യാത്ര തിരിച്ചു.
എല്ലാ തിരക്കുകളും മാറിയ ശേഷം ഭർത്താവിനെ ഒപ്പം കിട്ടിയ നേരം നടത്തിയ കാർ യാത്രയുടെ വീഡിയോയുമായി സുപ്രിയ ഇതാ ഇൻസ്റ്റഗ്രാമിൽ എത്തുന്നു. ഞായറാഴ്ച ദിവസം വിജനമായ വഴിയിലൂടെ സ്റ്റിയറിംഗ് തിരിക്കുന്ന പൃഥ്വിരാജിനൊപ്പം മുൻസീറ്റിൽ ഇരിക്കുന്ന നിമിഷമാണ് സുപ്രിയ പോസ്റ്റ് ചെയ്ത സെക്കൻഡുകൾ നീളുന്ന വീഡിയോയിൽ കാണാൻ കഴിയുന്നത്. (വീഡിയോ ചുവടെ)
പൃഥ്വിരാജിന്റേതായി ചിത്രങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. ചിത്രങ്ങളുടെ പട്ടിക ഇതാ:
ആടുജീവിതം: പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ 'ആടുജീവിതം' ബെന്യാമിൻ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോർദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങൾ ഒരുക്കിയത്.
കോൾഡ് കേസ്: ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു.
കുരുതി: പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'കുരുതി' പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ നിർമ്മിക്കുന്നു. മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്.
തീർപ്പ്: കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.
കടുവ: കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്ന 'കടുവ' ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്.
നീലവെളിച്ചം: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത് ആഷിക് അബു ആണ്. വമ്പൻ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ തന്നെ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ജനഗണമന: പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിജോ ജോസ് ആന്റണി. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ പുറത്തുവിട്ട സിനിമയുടെ ടീസർ സൂപ്പർ ഹിറ്റായിരുന്നു
ഭ്രമം: അന്ധാദുൻ റീമേക്കിൽ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ വേഷമിടുന്നു.
വാരിയംകുന്നൻ: ആഷിഖ് അബു ചിത്രത്തിൽ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. 'വാരിയംകുന്നൻ' എന്ന ചരിത്ര സിനിമ 2021ൽ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണിത്.
L2 എമ്പുരാൻ: സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാനിൽ മോഹൻലാൽ നായകനാവുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി.
കാളിയൻ: 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'കാളിയൻ' നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്നു. മാജിക്ക് മൂൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി. അനിൽ കുമാർ ആണ് തിരക്കഥ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.