'ബ്ലഡി സ്വീറ്റ്' ; ലിയോയുടെ ഒന്നാം വാർഷികത്തിൽ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിലെ രംഗങ്ങളും അത് ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ രംഗങ്ങളുമാണ് വീഡിയോയിലുള്ളത്
ലോകേഷ് കനകരാജ് സംവിധാനത്തിൽ തമിഴ് സൂപ്പർ താരം ദളപതി വിജയ് നായകനായെത്തിയ ചിത്രം ലിയോ പുറത്തിറങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി . 'എൽസിയു' ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായി എത്തിയ ലിയോ കഴിഞ്ഞ വർഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. ചിത്രത്തിന്റെ റിലീസിന് ഒരു വർഷം തികയുന്ന ദിനത്തിൽ ആരാധകർക്കായി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമാണ കമ്പനിയായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ. ചിത്രത്തിലെ രംഗങ്ങളും അത് ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ രംഗങ്ങളുമാണ് വീഡിയോയിലുള്ളത്. ലൊക്കേഷനിലെ ഒഴിവുസമയങ്ങളിൽ വിജയ് അടക്കമുള്ളവരുടെ ക്രിക്കറ്റ് മത്സരത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
'ദി ക്രോണിക്കിൾസ് ഓഫ് ലിയോ' എന്ന തലക്കെട്ടോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഏകദേശം 8 മിനിറ്റോളമാണ് വീഡിയോയുടെ ദൈർഘ്യം. സിനിമയുടെ തുടക്കം മുതലുള്ള സീനുകളുടെ ചിത്രീകരണവും സെറ്റിലെ രസകരമായ സംഭവങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് യുടെ മാസ് ഡയലോഗും ഡാൻസ് രംഗങ്ങളും കൂടി ഉൾക്കൊള്ളിച്ചിരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.2023 ഒക്ടോബർ 19 നാണ് വിജയ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. ആക്ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ചിത്രം അന്ന് വരെ കണ്ട വിജയ് സിനിമകളെ പൊളിച്ചെഴുതുന്ന കളക്ഷനാണ് ബോക്‌സ് ഓഫീസിൽ നേടിയത്. ലോകേഷിന്റെ ഗംഭീര മേക്കിങ്ങും വിജയ് യുടെ പ്രകടനവും തന്നെയായിരുന്നു ചിത്രത്തിന്റെ ആത്മാവ്. വർഷങ്ങൾക്ക് ശേഷമുള്ള വിജയ് തൃഷ കോമ്പോയും ആരാധകർ ഏറ്റെടുത്തു. മലയാളിതാരം മാത്യു തോമസും സംവിധായകന്മാരായ ഗൗതം മേനോനും മിഷ്‌കിനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്കടുത്തായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 20, 2024 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബ്ലഡി സ്വീറ്റ്' ; ലിയോയുടെ ഒന്നാം വാർഷികത്തിൽ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ