‘ദി കശ്മീർ ഫയൽസി’നെക്കുറിച്ചുള്ള ഗോവൻ ചലച്ചിത്രമേള ജൂറി ചെയർമാൻ നാദവ് ലാപിഡിന്റെ പരാമർശം വിവാദമായതിനെത്തുടർന്ന്, ചിത്രത്തിൽ അഭിനയച്ചവരിൽ ഒരാളായ നടൻ അനുപം ഖേറിനെ കണ്ട് മാപ്പു പറഞ്ഞ് ഇസ്രയേൽ കോൺസൽ ജനറൽ കോബി ശോഷാനി. ലാപിഡിന്റെ പ്രസ്താവന ഇസ്രയേലിലെ ചെറിയൊരു വിഭാഗത്തിന്റെ മാത്രം അഭിപ്രായം ആണെന്നും അത് രാജ്യത്തിന്റെ പൊതു അഭിപ്രായം അല്ലെന്നും ശോഷാനി വ്യക്തമാക്കി. ലാപിഡിന്റെ അഭിപ്രായത്തെ അപലപിക്കുന്ന കോബി ശോഷാനിയുടെ വീഡിയോയും അനുപം ഖേർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
”എന്നെ നേരിട്ടെത്തി കണ്ടതിന് ഇന്ത്യയിലെ ഇസ്രയേൽ കോൺസൽ ജനറൽ കോബി ശോഷാനിക്ക് നന്ദി. ഒരു വ്യക്തിയുടെ പ്രസ്താവനകൾ നമ്മുടെ സൗഹൃദത്തെ ബാധിക്കില്ല. നിങ്ങളുടെ നല്ല മനസിനെയും ദയയെയും ഞാൻ അഭിനന്ദിക്കുന്നു”, അനുപം ഖേർ ട്വീറ്റ് ചെയ്തു.
Thank you dearest @KobbiShoshani, Counsel General of #Israel in Mumbai for visiting my school @actorprepares. Our friendship is too strong to get affected by an individual’s vulgar remark at @iffi. But I really appreciate your gesture, generosity and kindness. 🙏🇮🇳🇮🇱 pic.twitter.com/UI7ecm59FN
— Anupam Kher (@AnupamPKher) November 29, 2022
താൻ കാശ്മീർ ഫയൽസ് കണ്ടിരുന്നു എന്നും അത് തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും കോബി ശോഷാനി ന്യൂസ് 18 നോട് പറഞ്ഞു. സിനിമയെക്കുറിച്ചുള്ള ലാപിഡിന്റെ അഭിപ്രായം ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുപം ഖേറിനെ കൂടാതെ, ദി കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ പല്ലവി ജോഷി, ചിത്രത്തിൽ അഭിനയിച്ച ദർശൻ കുമാർ എന്നിവരും ലാപിഡിന്റെ അഭിപ്രായത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ”സത്യം പറയുന്നതാണ് ഏറ്റവും അപകടകരമായ കാര്യം. അതിനാലാണ് ആളുകൾ കള്ളം പറയുന്നത്”, എന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും അതിലേക്ക് നയിച്ച സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്ന് നടൻ ദർശൻ കുമാർ പറഞ്ഞു.
ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും നീതിക്കുവേണ്ടി ഇപ്പോഴും പോരാടുന്ന കശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ ചിത്രീകരിച്ച ചിത്രമാണ് ദി കശ്മീർ ഫയൽസ് എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ലെന്നും ദർശൻ കുമാർ കൂട്ടിച്ചേർത്തു.
കശ്മീർ ഫയൽസ് ഒരു വൾഗർ, പ്രോപ്പഗാണ്ട ചിത്രമായി തോന്നിയെന്നും ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ സിനിമ മൽസര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അത്ഭുതം തോന്നിയെന്നുമാണ് നാദവ് ലാപിഡ് പറഞ്ഞത്. ”മൽസര വിഭാഗത്തിൽ 15-ാമത്തെ ചിത്രമായ ദി കാശ്മീർ ഫയൽസ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു പ്രശസ്ത ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ അയക്കേണ്ട ചിത്രമല്ല ഇതെന്ന് ഞങ്ങൾക്ക് തോന്നി. ഈ അഭിപ്രായം നിങ്ങളോട് തുറന്നുപറയാൻ എനിക്ക് ഒട്ടും മടിയില്ല. കലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഇത്തരം വിമർശനാത്മക ചർച്ചകൾ നിങ്ങൾ സ്വീകരിക്കണം”, എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read-നാദവ് ലാപിഡ്; കശ്മീർ ഫയൽസിനെ പ്രൊപ്പഗണ്ട സിനിമയെന്ന് വിളിച്ച ഇസ്രായേലി സംവിധായകൻ
കശ്മീരി ഹിന്ദുക്കളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇക്കഴിഞ്ഞ മാർച്ച് 11 നാണ് തിയേറ്ററുകളിൽ എത്തിയത്. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.