മലയാളികളെ സ്വതസിദ്ധമായ നർമത്തിലൂടെ ആനന്ദിപ്പിച്ച ചലച്ചിത്രതാരമായിരുന്നു ഇന്നസെന്‍റ്. എന്നെന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് ഇന്നസെന്‍റിന്‍റെ മടക്കം.
അറുന്നൂറിലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള ഇന്നസെന്‍റ് പകർന്നാടിയത് കളിയും കാര്യവുമുള്ള ചിന്തകളും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമുഹൂർത്തങ്ങളുമായിരുന്നു. തൃശൂർ ശൈലിയിലുള്ള ഇന്നസെന്‍റിന്‍റെ സംസാരം തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ഒരുകാലത്ത് മലയാളസിനിമയിൽ സൂപ്പർഹിറ്റായ സത്യൻ അന്തിക്കാട്, ഫാസിൽ, സിദ്ദിഖ്-ലാൽ, പ്രിയദർശൻ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്നസെന്‍റ്.
1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെയാണ് ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്‍റിന്‍റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് ഉർവശി ഭാരതി, ഫുട്ബോൾ ചാംപ്യൻ, തുടങ്ങിയ സിനിമകളിലെ ചെറുവേഷങ്ങളിലുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് ബിസിനസിനുവേണ്ടി സിനിമയിൽനിന്ന് വിട്ടുനിന്നു.
പിന്നീട് മടങ്ങിയെത്തിയതോടെയാണ് ഇന്നസെന്‍റ് എന്ന നടൻ മലയാളത്തിൽ തന്‍റേതായ ഇടം കണ്ടെത്തുന്നത്. പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം തുടങ്ങിയ സിനിമകളാണ് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീടാണ് മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രധാന ചേരുവയായി ഇന്നസെന്‍റ് മാറുന്നത്. നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല തുടങ്ങിയ സിനിമകളിൽ ഇന്നസെന്‍റ് ചാർത്തിയ ഹാസ്യമുദ്ര ഇന്നും മലയാളികളുടെ ഇടനെഞ്ചിലുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, കിലുക്കം തുടങ്ങിയ സിനിമകളിലെ ഇന്നസെന്‍റ് അഭിനയിച്ച വേഷങ്ങളും അതിലെ ഹാസ്യരംഗങ്ങളും കാലാതീതമായി ഇന്നും നിലനിൽക്കുന്നു. ഇക്കാലത്ത് സോഷ്യൽ മീഡിയ മീമുകളിൽ ഇന്നസെന്‍റ് കഥാപാത്രങ്ങൾ സജീവമായി ഉണ്ട്.
Also Read- Actor Innocent | നടൻ ഇന്നസെന്റ് അന്തരിച്ചു
മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്‍, വിയറ്റ്‌നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്‌സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്‌ലര്‍ തുടങ്ങിയ സിനിമകളിലെ ഇന്നസെന്‍റ് കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്.
മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിച്ചതാണ്. നമ്മർത്തിൽ പകർന്നാടുന്നതിൽ വിദഗ്ദ്ധനായ ഇന്നസെന്‍റ് ദേവാസുരത്തിലെ വാര്യർ പോലെയുള്ള കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിച്ചു. ഇന്നസെന്‍റ് ഓർമയാകുമ്പോഴും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങൾ അനശ്വരതയോടെ നിലനിൽക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor innocent, Innocent