ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം

Last Updated:
ഒപ്പമുള്ള കുട്ടികൾ അക്ഷരങ്ങൾ എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ വേദികളിൽ മാന്ത്രിക വിസ്മയം തീർത്തുതുടങ്ങിയ വിരലുകളാണ് ബാലഭാസ്കറിൻ‌റേത്. ആ വിരലുകൾ പിന്നെയും എത്രയോ വേദികളിൽ, പുരുഷാരങ്ങൾക്ക് മുന്നിൽ സംഗീതധാരയായി ഒഴുകി. 40ാം വയസിൽ ആ വിരലുകൾ നിലയ്ക്കുമ്പോഴും സംഗീതലോകത്ത് തന്റേതായ ഒരിടം സൃഷ്ടിച്ചാണ് ബാലഭാസ്കർ കടന്നുപോകുന്നത്. അപകടത്തെ തുടർന്ന് ചികിത്സയിലാണെന്ന് അറിഞ്ഞത് മുതൽ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് തങ്ങളുടെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. പക്ഷെ, ആ പ്രതീക്ഷളെയെല്ലാം വൃഥാവിലാക്കിയാണ് ബാലഭാസ്കറെന്ന സംഗീത പ്രതിഭയുടെ മടക്കം.
അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറിൽ നിന്ന് പകർന്നുകിട്ടിയതായിരുന്നു ബാലഭാസ്കറിന്റെ മാന്ത്രികത. ഗുരുമുഖത്ത് നിന്ന് പകർന്നുകിട്ടിയത് പുതുതലമുറയെ ആകർഷിക്കുംവിധം അരങ്ങിലെത്തിക്കാൻ കഴിഞ്ഞതാണ് ബാലഭാസ്കറിന്റെ വിജയം. വളരെ ചെറുപ്രായത്തിൽ തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. ഇലക്ട്രിക് വയലിനിൽ ആ വിരലുകൾ ഒഴുകി നടക്കുന്നത് എത്രയോ പേരുടെ ഹൃദയം കവർന്നു. വേദികൾ കീഴടക്കി ലോകമറിയുന്ന സംഗീതജ്ഞനായപ്പോഴും ബാലഭാസ്കറിന്റെ മുഖത്ത് നിന്ന് ആ ലാളിത്യം മാഞ്ഞില്ല. ഇനിയും ഏറെ വിസ്മയങ്ങൾ ആ കൈ വിരലുകളിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ചു. പക്ഷെ അകാലത്തിലുള്ള മടക്കം ബാലഭാസ്കറിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമല്ല മലയാളികളെ ആകെ വേദനിപ്പിക്കുന്നതാണ്.
advertisement
പതിനേഴാം വയസിൽ മംഗല്യപല്ലക്ക് എന്ന സിനിമക്ക് സംഗീതം നൽകി ചലച്ചിത്രലോകത്തേക്ക് കടന്നുവെങ്കിലും വേറിട്ട വഴിയാണ് ബാലഭാസ്കർ തിരഞ്ഞെടുത്തത്. വയലിനുമായി ലോകത്തിന്റെ നാനാഭാഗത്ത് പ്രത്യക്ഷപ്പെട്ട സംഗീതവിസ്മയത്തെ ലോകം അംഗീകരിച്ചു. എവിടെ പോയാലും ബാലഭാസ്കറിനെ കാണാനും കേൾക്കാനും ആരാധകർ ചുറ്റും കൂടി. മൂന്നാം വയസുമുതൽ അമ്മാവന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച ബാലഭാസ്‌കർ 12ാം വയസിൽ ആദ്യമായി സ്റ്റേജിൽ എത്തി. അഞ്ച് വർഷം അടുപ്പിച്ച് കേരള യൂണിവേഴ്സിറ്റിയിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കർ 17ാം വയസിൽ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി. മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കർ കോളജ് കാലത്ത് തന്നെ കൺഫ്യൂഷൻ എന്ന പേരിൽ പ്രൊഫഷണൽ ബാൻഡ് രൂപീകരിച്ചിരുന്നു. പിന്നീട് ബിഗ് ഇന്ത്യൻ ബാൻഡ് എന്ന പേരിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു. ബാലലീല എന്ന പേരിലാണ് ഇപ്പോൾ പരിപാടി അവതരിപ്പിക്കുന്നത്.
advertisement
പത്താം ക്ലാസിൽ 525 മാർക്കോടെ വിജയം. തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി. പിന്നെ യൂണിവേഴ്‌സിറ്റി കോളജിൽ ബി.എ. അവിടെ നിന്നുതന്നെ സംസ്‌കൃതത്തിൽ എം എ എടുത്ത് രണ്ടാം റാങ്കോടെ പാസായി. മലയാളിക്ക് മുന്നിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നൽകിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തിൽ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ്, ആദ്യമായ്, ഓർമയ്ക്കായ് എന്നിങ്ങനെ പ്രണയ ആൽബങ്ങൾ നിരവധി. സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങൾക്ക് ഈണം നൽകി.
advertisement
ഇന്തോ- വെസ്റ്റേൺ ഫ്യൂഷൻ മലയാളത്തിന് പരിചയപ്പെടുത്തി. മലയാളത്തെ കൂടാതെ ഇതരഭാഷകളിലും ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചു. ഇതിനിടെ പാട്ടിന്റെ പാലാഴി എന്ന സിനിമയിൽ ശ്രീഹരി എന്ന കഥാപാത്രമായി ബാലഭാസ്കർ വെള്ളിത്തിരയിലെത്തി. എ ആർ റഹ്മാനെ പോലുള്ള ലോകോത്തര സംഗീത സംവിധായകരേയും വിസ്മയിപ്പിക്കാൻ ആ വിരലുകൾക്ക് കഴിഞ്ഞു.
സംഗീതലോകത്ത് ഇനിയുമേറെ വിസ്മയങ്ങൾ‌ സൃഷ്ടിക്കേണ്ട അതുല്യപ്രതിഭ അകാലത്തിൽ വിടവാങ്ങുമ്പോൾ സംഗീതപ്രേമികൾ മാത്രമല്ല, കേരളം ഒന്നാകെ തേങ്ങുകയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement