'ഞാൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു; മർദിച്ചില്ല; വിപിൻ മാനേജരല്ല; പിആർഒ മാത്രം'; ഉണ്ണി മുകുന്ദൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
മാർക്കോ സിനിമയുടെ സമയത്തും വിപിനെതിരെ അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു
മാനേജറെ മർദിച്ചെന്ന ആരോപണത്തിൽ വിപിൻ കുമാറിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ. വിപിൻ കുമാർ ആരോപിക്കുന്നതുപോലെ ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും സിസിടിവി ഉള്ളെടുത്താണ് ഇതെല്ലാം നടന്നെതന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വർഷങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന വ്യക്തി അപവാദ പ്രചരണം നടത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് താൻ ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലെ പ്രവർത്തികൾ വിപിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നും അതിന്റെ ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘മേപ്പടിയാൻ’ സംവിധായകനായ വിഷ്ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങൾ നേരിട്ടു കണ്ട് ഈ പ്രശ്നം പരിഹരിക്കാൻ പറഞ്ഞെന്നും അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയതെന്നുമാണ് ഉണ്ണി മുകന്ദന്റെ വാക്കുകൾ.
advertisement
ഇത്രയും നാൾ കൂടെ കൊണ്ടുനടന്നിരുന്നൊരാൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ? ഫ്ലാറ്റിൽ ചോദിക്കാനെത്തിയപ്പോൾ കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിൻ ഇറങ്ങി വന്നത്. എന്തിനാണ് എന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചതിനും വിപിൻ വ്യക്തമായ മറുപടി നൽകിയിരുന്നില്ല.
ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ട ജാള്യതയും ഭയവും വിപിന്റെ മുഖത്തുണ്ടായിരുന്നു. ആ സമയത്താണ് കണ്ണട ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടതെന്നും എന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ലെന്നുമാണ് ഉണ്ണി പറയുന്നത്. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമായ കാര്യമാണെന്നും എന്നാൽ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ലെന്നുമാണ് ഉണ്ണിയുടെ വാദം.
advertisement
ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറയുള്ള ഭാഗത്തായിരുന്നു ഇതെല്ലാം നടന്നിരുന്നത്. മാർക്കോ’ സിനിമയുടെ സമയത്തും വിപിനെതിരെ അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ക്രെഡിറ്റ് മുഴുവൻ സ്വയം കൊണ്ടുപോകുന്നെന്നായിരുന്നു വിപിനെതിരെ ഉയർന്നിരുന്ന വിമർശനം. അന്ന് ആ വിഷയം രമ്യതയിൽ എത്തിച്ചത് ഞാൻ ഇടപെട്ടിട്ടായിരുന്നെന്നും ഉണ്ണി വ്യക്തമാക്കി.
യഥാർഥത്തിൽ തനിക്കൊരു മാനേജർ ഇല്ല. പിആർഒമാർ വഴിയാണ് വാർത്തകൾ അറിയുക. തന്റെ സിനിമകളും സിനിമാ സംബന്ധമായ വാർത്തകളും മാധ്യമങ്ങളെ അറിയിക്കാനുള്ള പിആർഒ മാത്രമാണ് വിപിൻ. ഒരുപാട് സിനിമകൾക്കു വേണ്ടി പ്രവർത്തിക്കുന്ന പിആർഒ ആണ് താനെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരുപാട് സിനിമകളിൽ എന്റെ സിനിമകളും ഉൾപ്പെട്ടിട്ടുണ്ട് എന്നു മാത്രം. ആകെ എനിക്കുള്ള പേഴ്സനൽ സ്റ്റാഫ് എന്റെ മേക്കപ്പ്മാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കൊച്ചിയിലെ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ വിപിൻ പരാതി നൽകിയതായാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദൻ വിപിനെ ശാരീരികമായി മർദിക്കുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തുവെന്നാണ് വിപിൻ നൽകിയ പരാതി. നടനിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്ത് വിഷയം അന്വേഷിക്കും. വിപിൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയാണ് ഉണ്ണി മറുപടി നൽകിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 27, 2025 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു; മർദിച്ചില്ല; വിപിൻ മാനേജരല്ല; പിആർഒ മാത്രം'; ഉണ്ണി മുകുന്ദൻ