'നിങ്ങള്‍ക്ക് സത്യത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല'; ബംഗാള്‍ ഫയല്‍സിനെതിരായ കേസുകളിൽ സംവിധായകൻ വിവേക് അഗ്നിഹോത്രി

Last Updated:

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിവേക് അഗ്നിഹോത്രി ചിത്രത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആറുകള്‍ കൊല്‍ക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്തതായും അറിയിച്ചു

വിവേക് രഞ്ജൻ അഗ്നിഹോത്രി
വിവേക് രഞ്ജൻ അഗ്നിഹോത്രി
ഏറെ കോളിളക്കം സൃഷ്ടിച്ച 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയ്ക്കുശേഷം മറ്റൊരു വിവാദ ചിത്രമായ 'ദി ബംഗാള്‍ ഫയല്‍സു'മായി സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി. 'ദി ബംഗാള്‍ ഫയല്‍സ്' എന്ന ചിത്രത്തിന്റെ റിലീസിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിനിമയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് വിവേക് അഗ്നിഹോത്രിയും രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ ആരോപിച്ചു. അതേസമയം, വിവാദങ്ങള്‍ ഒരുവഴിക്ക് നടക്കുന്നുണ്ടെങ്കിലും സിനിമ റിലീസിന് തയ്യാറെടുക്കെ പ്രൊമോഷണല്‍ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി നിലവില്‍ യുഎസിലാണ് അഗ്നിഹോത്രി. അവിടെനിന്ന് പങ്കിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് വിവാദങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.
'ദി ബംഗാള്‍ ഫയല്‍സു'മായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ തനിക്കും മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിവേക് അഗ്നിഹോത്രി വീഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തി. കൊല്‍ക്കത്ത ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടും കൂടുതല്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബംഗാള്‍ വിഭജനത്തിനുമുമ്പുള്ള വര്‍ഗീയ കലാപമാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദുവംശഹത്യയെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. പ്രമേയങ്ങള്‍ വ്യത്യസ്ഥമാണെങ്കിലും 'ദി ബംഗാള്‍ ഫയല്‍സി'ന്റെ ടീസര്‍ നോക്കുമ്പോള്‍ 'ദി കശ്മീര്‍ ഫയല്‍സി'ല്‍ കണ്ടതിന് സമാനമാണ് ദൃശ്യങ്ങള്‍. ഇതിനെതിരെയാണ് നിരവധിയിടങ്ങളില്‍ പരാതികൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
"സിനിമ പ്രൊമോഷനുവേണ്ടി ഞാനിപ്പോള്‍ അമേരിക്കയിലാണുള്ളത്. ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ഏറ്റവും നിര്‍ണായകവും പ്രധാനപ്പെട്ടതുമായ സിനിമകളില്‍ ഒന്നാണിത്. വളരെക്കാലമായി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മൂടിവെച്ച നമ്മുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങള്‍ ചിത്രത്തില്‍ അനാവരണം ചെയ്യുന്നു. എന്നാല്‍ പശ്ചിമബംഗാളിലെ ഭരണകക്ഷിയും അതിലെ അംഗങ്ങളും വിവിധയിടങ്ങളിലും വ്യത്യസ്ഥ സ്റ്റേഷനുകളിലും ഞങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്", അഗ്നിഹോത്രി പറഞ്ഞു.
advertisement
തുടക്കത്തില്‍ വിവാദങ്ങള്‍ക്കെതിരെ മൗനം പാലിക്കാനും നിയമപരമായ പരിഹാരങ്ങള്‍ തേടാനുമാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ സിനിമയുടെ പ്രചാരണത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമപരമായി നീങ്ങിയതിനാല്‍ ആദ്യം ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിവേക് അഗ്നിഹോത്രി ചിത്രത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആറുകള്‍ കൊല്‍ക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്തതായും അറിയിച്ചു. എന്നാല്‍, കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലും കൂടുതല്‍ എഫ്‌ഐആറുകള്‍ അവര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടിരുന്നു. "ഇതാണ് അവരുടെ തന്ത്രമെന്ന് ഞാന്‍ കരുതുന്നു. സിനിമയുടെ പ്രമോഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവിധം നിരവധി നിയമക്കുരുക്കുകളും നിയമയുദ്ധങ്ങളും കൊണ്ട് ഞങ്ങളെ കുടുക്കാന്‍ ഭരണകക്ഷി ആഗ്രഹിക്കുന്നു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
എഫ്‌ഐആറുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെയും അഗ്നിഹോത്രി ചോദ്യംചെയ്തു. വിയോജിപ്പുകളെ അടിച്ചമര്‍ത്താനും അസൗകര്യകരമായ സത്യങ്ങള്‍ മറുച്ചുവെക്കാനും ഉദ്ദേശിച്ചുള്ളതാണോ ഈ നടപടികളെന്നും അഗ്നിഹോത്രി ചോദിച്ചു. "ഈ തന്ത്രം വളരെ കാലമായി അവര്‍ ഉപയോഗിച്ചുവരികയാണ്. പക്ഷേ, നിങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. അവര്‍ എന്തുകൊണ്ടാണ് നമ്മുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നത്?. ഇന്ത്യന്‍ ചരിത്രത്തിലെയും ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തെയും മുര്‍ഷിദാബാദിന്റെ ആ ഇരുണ്ട അധ്യായം പുറത്തുവരാന്‍ അവര്‍ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണ്? അവര്‍ എനിക്കെതിരെയാണോ ? അതോ സിനിമയ്‌ക്കെതിരാണോ? അതോ സത്യത്തിനെതിരോ?", അദ്ദേഹം ചോദിച്ചു.
advertisement
സിനിമ ചിത്രീകരണത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സംവിധായകന്‍ ചൂണ്ടിക്കാട്ടി. സിനിമ ചിത്രീകരണം ബംഗാളില്‍ നടത്താന്‍ അനുമതി നിഷേധിക്കുകയും മുംബൈയിലേക്ക് മാറ്റേണ്ടിവരികയും ചെയ്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ച് സിനിമ പൂര്‍ത്തിയാക്കിയെന്നും പരിമിതിമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലെ എല്ലാ പൗരന്മാരിലേക്കും പ്രത്യേകിച്ച് യുവാക്കളിലേക്ക് സിനിമ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പുതുതലമുറയിലെ യുവാക്കള്‍ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുകയും ബംഗാളിന്റെ ഈ മറഞ്ഞിരിക്കുന്ന സത്യം അവര്‍ കണ്ടെത്തുകയും ചെയ്യുമെന്ന് അഗ്നിഹോത്രി പറഞ്ഞു. അതാണോ പരാതിക്കാര്‍ ഭയക്കുന്നതെന്നും യുവതലമുറ നമ്മുടെ ചരിത്രത്തെ അറിയാതിരിക്കാനും ബംഗാളിന്റെ ഭാവിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാതിരിക്കാനുമാണോ അവര്‍ തങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അഗ്നിഹോത്രി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
advertisement
"എന്തുകൊണ്ടാണ് അവര്‍ നമ്മളെ ആക്രമിക്കുന്നത്, എന്തിനാണ് അവര്‍ നമ്മുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നത് എന്ന് ഞാന്‍ നിങ്ങളോട് പറയണം. കാരണം നമ്മുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു", അഗ്നിഹോത്രി പറഞ്ഞു. പശ്ചിമബംഗാളില്‍ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയും അറിയിച്ചുകൊണ്ടാണ് സംവിധായകന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
പശ്ചിമബംഗാളില്‍ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കാന്‍ പോകുകയാണെന്നും ആര്‍ക്കും തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും കാരണം ആര്‍ക്കും സത്യത്തെ നിശബ്ദമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
വിവേക് അഗ്നിഹോത്രി എഴുതിയ 'ദി ബംഗാള്‍ ഫയല്‍സ്' നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാളും പല്ലവി ജോഷിയും ചേര്‍ന്നാണ്. മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍ എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രം 'ദി കശ്മീര്‍ ഫയല്‍സ്', 'ദി താഷ്‌കന്റ് ഫയല്‍സ്' എന്നിവ ഉള്‍പ്പെടുന്ന അഗ്നിഹോത്രിയുടെ 'ഫയല്‍സ്' പരമ്പരയുടെ ഭാഗമാണ്. ചിത്രം സെപ്റ്റംബര്‍ 5-ന് തിയേറ്ററുകളില്‍ എത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിങ്ങള്‍ക്ക് സത്യത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല'; ബംഗാള്‍ ഫയല്‍സിനെതിരായ കേസുകളിൽ സംവിധായകൻ വിവേക് അഗ്നിഹോത്രി
Next Article
advertisement
'2026 മാർച്ചോടെ  നക്‌സലിസത്തെ  തുടച്ചുനീക്കും'; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
'2026 മാർച്ചോടെ നക്‌സലിസത്തെ തുടച്ചുനീക്കും'; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
  • 2026 മാർച്ചോടെ നക്സലിസത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.

  • ദേശീയ സുരക്ഷയ്ക്കാണ് എപ്പോഴും മുൻ‌ഗണനയെന്ന് ഷാ, 2014 മുതൽ മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

  • ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല, എന്നിവയിൽ സർക്കാർ ഗണ്യമായ പുരോഗതി കൈവരിച്ചു.

View All
advertisement